2016 സെപ്റ്റംബർ 5നാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒന്നര വർഷം കൊണ്ട് തന്നെ വിപണി ഒന്നടങ്കം പിടിച്ചടക്കിയ ജിയോയ്ക്ക് മറ്റു കമ്പനികളെ പ്രതിസന്ധിയിലാക്കാനും സാധിച്ചു. വർഷങ്ങളായി വൻ ലാഭം സ്വന്തമാക്കിയിരുന്ന മുൻനിര ടെലികോം കമ്പനികളെല്ലാം വൻ നഷ്ടത്തിലായി ചിലത് പൂട്ടുകയും ചെയ്തു. ജിയോ മേധാവി മുകേഷ് അംബാനിയുടെ സഹോദന്റെ ടെലികോം കമ്പനി ആർകോം വരെ പൂട്ടേണ്ടി വന്നു. ഇപ്പോൾ ചില മുന്‍നിര കമ്പനികൾ കൂടി ഇന്ത്യയിലെ സേവനം നിർത്താനിരിക്കുകയാണ്. എന്നാൽ വൻ നഷ്ടത്തിലായ പഴയ ടെലികോം കമ്പനികളെ സഹായിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നാണ് ജിയോ ടെലികോം മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിൽ പറയുന്നത്.

ജിയോയുടെ എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുടെ ഇളവ് ആവശ്യം സർക്കാർ ഉപേക്ഷിക്കണമെന്നാണ് ജിയോ ടെലികോം മന്ത്രിയോട് ആവശ്യപ്പെടുന്നത്. സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (സി‌എ‌ഐ‌ഐ) ടെലികോം കമ്പനികളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടെലികോം കമ്പനികള്‍ 1.3 ലക്ഷം കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.

പ്രതിസന്ധിയിലായ കമ്പനികൾക്ക് സാമ്പത്തിക ആശ്വാസം നൽകണമെന്ന സി‌എ‌എ‌ഐയുടെ ആവശ്യം നിരസിക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നു. സ്പെക്ട്രം പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള മറ്റ് ബാധ്യതകളും എല്ലാ ഓപ്പറേറ്റർമാരും മൂന്ന് മാസ കാലയളവിനുള്ളിൽ നൽകാൻ നിർബന്ധിതരാകണമെന്നും ജിയോ ഒരു കത്തിൽ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രഥമദൃഷ്ട്യാ അത്തരം സാമ്പത്തിക പാക്കേജുകൾ നിലവിലെ പ്രതിസന്ധികളെ ലഘൂകരിക്കുന്നതാണ്. എന്നാൽ പ്രതിസന്ധി നേരിടുന്ന വ്യോമയാനം പോലുള്ള മറ്റ് മേഖലകളിൽ നിന്നും സമാനമായ ആവശ്യങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ടെന്നും ജിയോ മുന്നറിയിപ്പ് നൽകുന്നു. സേവന ദാതാക്കളും ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റും (ഡിഒടി) തമ്മിലുള്ള ഒന്നര പതിറ്റാണ്ടായി നിലനിൽക്കുന്ന തർക്കം പരിഹരിച്ചാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. ഇതോടെ എട്ട് ലക്ഷം രൂപയുടെ കടബാധ്യതയിൽ ടെലികോം കമ്പനികൾക്ക് കോടതി ഉത്തരവ് വൻ തിരിച്ചടിയായി.

മൊബൈൽ കമ്പനികളുടെ വരുമാനത്തിലെ എൺപതു ശതമാനവും ഫോൺവിളിയിൽ നിന്നാണെന്നു മനസ്സിലാക്കി തന്നെയാണ് ജിയോ ‘സൗജന്യ കോൾ’ പ്രഖ്യാപിച്ചതെന്നും ഇത് ഏഴു കമ്പനികളുടെ തകർച്ചയ്ക്കു വഴി വച്ചെന്നുമാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴേസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഡയറക്ടർ ജനറൽ രാജൻ എസ്.മാത്യൂസ് ഒരിക്കല്‍ പറഞ്ഞത്. ടെലികോം മേഖലയിലെ വികസനപദ്ധതികളിൽ മൊബൈൽ കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാർ പരിഗണിക്കുന്നില്ലെങ്കിൽ കമ്പനികൾക്കു മുന്നോട്ടുപോകാൻ പ്രയാസമാണെന്നും ഇങ്ങനെ പോയാൽ രാജ്യത്ത് ജിയോ മാത്രമാകുമെന്നുമാണ് രാജൻ എസ്.മാത്യൂസ് പറഞ്ഞത്.

ചെറുതും വലുതുമായ നിരവധി ടെലികോം കമ്പനികൾ പ്രവർ‌ത്തിച്ചിരുന്ന ഇന്ത്യയിൽ ഇപ്പോൾ ജിയോയെ കൂടാതെ മൂന്നു കമ്പനികളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഐഡിയയും വോഡഫോണും ഒന്നിച്ചു. എയർടെലും ടാറ്റാ ഡോകോമോയും ഒന്നിച്ചു. മൂന്നാമത്തെ കമ്പനി ബിഎസ്എൻഎൽ ആണ്. നേരത്തെ 11 കോർ കമ്പനികൾ സിഒഎഐയുടെ ഭാഗമായിരുന്നു. ഇന്നതിൽ നാലെണ്ണം മാത്രമാണ് നിലനിൽക്കുന്നത്. ഏഴു കമ്പനികൾക്കും ബിസിനസ് അവസാനിപ്പിക്കേണ്ടി വന്നു. അതെ കാര്യങ്ങൾ ജിയോയിലേക്ക് ചുരുങ്ങുകയാണ്.