ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു എസ് :- 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും നിലവിൽ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായിരുന്ന ജോ ബൈഡൻ പിന്മാറി. രാജ്യത്തിന്റെ മികച്ച താല്പര്യങ്ങൾക്ക് വേണ്ടിയാണ് താൻ പിന്മാറുന്നതെന്ന് അമേരിക്കയുടെ എക്കാലത്തെയും പ്രായമേറിയ പ്രസിഡന്റ് തന്റെ പ്രചാരണം അവസാനിപ്പിച്ചു കൊണ്ട് വ്യക്തമാക്കി. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ റൊണാൾഡ് ട്രംപിനെ നേരിടുവാൻ നിലവിലെ വൈസ് പ്രസിഡന്റായ കമല ഹാരിസിനെ തന്റെ പിൻഗാമിയായി ഡെമോക്രറ്റിക് പാർട്ടി നോമിനിയായി ബൈഡൻ പ്രഖ്യാപിച്ചു. യുഎസ്സിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാസം നടന്ന സംവാദത്തിൽ, ട്രംപിനെതിരെ വളരെ മോശം പ്രകടനം കാഴ്ചവച്ച ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന മുറവിളികൾ ശക്തമായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വാർത്ത കുറിപ്പിലാണ് ബൈഡൻ തന്റെ തീരുമാനം ജനങ്ങൾക്ക് മുൻപിൽ വ്യക്തമാക്കിയത്. എന്നാൽ ബൈഡൻ ഉടൻതന്നെ രാജിവെക്കണമെന്ന ആവശ്യമാണ് റിപ്പബ്ലിക്കൻ പാർട്ടി ഉയർത്തിയിരിക്കുന്നത്. ഒരു തവണ കൂടി മത്സരിക്കുവാൻ യോഗ്യത ഇല്ലെങ്കിൽ, ഭരിക്കുവാനും നിലവിൽ യോഗ്യതയില്ലെന്ന അഭിപ്രായമാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ പ്രകടിപ്പിച്ചത്. പിന്മാറണമെന്ന കടുത്ത സമ്മർദ്ദം ബൈഡനുമേൽ ഉണ്ടായിരുന്നെങ്കിലും വളരെ അപ്രതീക്ഷിത തീരുമാനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കോൺഗ്രസിനുള്ളിൽ അദ്ദേഹത്തെ പിന്തുണച്ച പലർക്കും അദ്ദേഹത്തിന്റെ തീരുമാനം അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അമേരിക്കയിലെ ജനങ്ങളുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുവാൻ സാധിച്ചത് തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും, എന്നാൽ പാർട്ടിയുടെയും രാജ്യത്തിന്റെയും മികച്ച താത്പര്യങ്ങൾ സംരക്ഷിക്കുവാൻ താൻ പിന്മാറുന്നതാണ് ഉചിതമെന്നും വാർത്ത കുറിപ്പിൽ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. ഇനി അവശേഷിക്കുന്ന കാലയളവിൽ പ്രസിഡന്റിന്റെ ചുമതലകൾ നിർവഹിക്കുന്നതിലേക്ക് താൻപൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബൈഡന്റെ പ്രഖ്യാപനത്തിനുശേഷം കമലാ ഹാരിസ് പുറത്തിറക്കിയ വാർത്ത കുറുപ്പിൽ, ബൈഡന്റെ പിന്തുണയിൽ സന്തോഷം ഉണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ താൻ വിജയത്തിലേക്ക് നയിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ നിസ്വാർത്ഥമായ പ്രവർത്തിയിലൂടെ ജീവിതത്തിലുടനീളമുള്ള സേവനമനോഭാവത്തെ ബൈഡൻ ഒന്നുകൂടെ ഉയർത്തിക്കാട്ടുകയാണ് ചെയ്തതെന്നും ഹാരിസ് വ്യക്തമാക്കി. തമിഴ് വംശജയാണ് നിലവിലെ വൈസ് പ്രസിഡന്റായ കമല ഹാരിസ്.
എന്നാൽ പ്രസിഡന്റായ ജോ ബൈഡന്റെ പരിമിതികളെ പരമാവധി ജനങ്ങൾക്കും മാധ്യമങ്ങൾക്ക് മുൻപിൽ മറച്ചുവയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും അദ്ദേഹത്തിന്റെ ജീവനക്കാർ നടത്തുണ്ടെന്ന റിപ്പോർട്ടുകളും ഇതിനിടയിൽ സജീവമാണ്. 81 കാരനായ ബൈഡന്റെ ആരോഗ്യപരമായ പരാധീനതകൾ മറ്റുള്ളവർ അറിയാതിരിക്കുവാൻ വേണ്ട എല്ലാ നടപടികളും സ്റ്റാഫുകൾ ചെയ്തിരുന്നു എന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ഇനിയൊരു ഇലക്ഷൻ കൂടി മത്സരിക്കാനുള്ള ബൈഡന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ മാസം സംവാദത്തിൽ ഉണ്ടായ പരാജയവും എല്ലാം ബൈഡന്റെ പിന്മാറ്റത്തിലേക്ക് നയിച്ചു എന്നാണ് വിദഗ്ധർ വിശകലനം ചെയ്യുന്നത്.
Leave a Reply