വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡന്‍ വൈറ്റ് ഹൗസ് അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജനായ വേദാന്ത് പട്ടേലിനെ നിയമിച്ചു. നിലവില്‍ ബൈഡന്റെ മുതിര്‍ന്ന ഔദ്യോഗിക വക്താവാണ് വേദാന്ത് പട്ടേല്‍. കൂടാതെ ബൈഡന്റെ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റീജിയണല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനവും വേദാന്ത് വഹിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ നെവാഡയിലെയും വെസ്റ്റ്‌റ്റേണ്‍ പ്രൈമറി സംസ്ഥാനങ്ങളിലെ പ്രാഥമിക പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു.
നേരത്തെ ഇന്ത്യന്‍ വംശജയായ കോണ്‍ഗ്രസ് വനിത പ്രമീള ജയപാലിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും പട്ടേല്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഇന്ത്യയിലെ ഗുജറാത്തില്‍ ജനിച്ച അഹമ്മദ് പട്ടേല്‍ വളര്‍ന്നത് കാലിഫോര്‍ണിയയിലാണ്. കാലിഫോര്‍ണിയ- റിവര്‍സൈഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വൈറ്റ് ഹൗസിലെ മാധ്യമ വിഭാഗത്തില്‍ നിയമിതനാകുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജനാണ് വേദാന്ത് പട്ടേല്‍.
വൈറ്റ് ഹൗസില്‍ നിയമിതയായ ആദ്യ ഇന്ത്യന്‍ വംശജ പ്രിയ സിംഗായിരുന്നു. ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് വൈറ്റ് ഹൗസിലെ പ്രസ് അസിസ്റ്റന്റായിരുന്നു പ്രിയ സിംഗ്. 2009 ജനുവരി മുതല്‍ 2010 മേയ് വരെയായിരുന്നു പ്രിയ സിംഗ് സേവനമനുഷ്ഠിച്ചത്. വൈറ്റ് പ്രസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി നിയമിതനായ രാജ് ഷാ ആയിരുന്നു രണ്ടാമത്തെ ഇന്ത്യന്‍ വംശജന്‍. ട്രംപ് പ്രസിഡന്റായ 2017 മുതല്‍ 2019 വരെയായിരുന്നു ഇദ്ദേഹം വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്നത്.
Leave a Reply