അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത യുക്രെയ്ൻ സന്ദർശനം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ആധുനിക ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് യുദ്ധമേഖല സന്ദർശിക്കുന്നത്. അമേരിക്ക പോലുള്ള ഒരു രാജ്യത്തിന്റെ പ്രസിഡന്റ് മറ്റ് രാജ്യങ്ങളിലേക്ക് പര്യടനം നടത്തുമ്പോൾ കർശനമായ സുരക്ഷ ഒരുക്കാറുണ്ട്. അദ്ദേഹത്തെ അനുഗമിച്ച് വലിയ വാഹന വ്യൂഹം തന്നെയുണ്ടാകും. എന്നാൽ ബൈഡന്റെ യുക്രെയ്ൻ സന്ദർശനത്തിൽ അങ്ങനെയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബൈഡന്റെ യുക്രെയ്ൻ സന്ദർശനം മാസങ്ങളോളം ആസൂത്രണം ചെയ്തതും അതീവ രഹസ്യമായി നടത്തിയതുമാണെന്നാണ് വിലയിരുത്തൽ. വൈറ്റ് ഹൗസും യുഎസ് ദേശീയ സുരക്ഷാ ഏജൻസികളിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും മാസങ്ങളായി ഇതിനെ കുറിച്ച് ആസൂത്രണം ചെയ്തിരുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്ത് ഈ പര്യടനം രഹസ്യമായി നടത്തണമെന്നാണ് പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥർ വിശ്വസിച്ചിരുന്നത്.
യുക്രെയ്‌നിൽ നേരിട്ട് എത്തുന്നതിന് പകരം പോളണ്ട് വഴി തലസ്ഥാനമായ കീവിൽ എത്തുകയായിരുന്നു. ബൈഡന്റെ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക പ്രത്യേക വിമാനമായ എയർഫോഴ്സ് വൺ ഉപയോഗിച്ചിരുന്നില്ല. പകരം വ്യോമസേനയുടെ ബോയിംഗ് വിമാനം സി-32 തിരഞ്ഞെടുത്തു. എയർഫോഴ്‌സ് വണ്ണിൽ നിന്ന് യുക്രെയ്‌നിലേക്ക് പോകാത്തതിന്റെ പ്രധാന ലക്ഷ്യം റഡാറിന്റെ കണ്ണുകൾ ഒഴിവാക്കുക എന്നതായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ടീമും അടുത്ത ഉപദേശകരും രണ്ട് മാധ്യമപ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ബൈഡനൊപ്പം വാൾസ്ട്രീറ്റ് ജേർണൽ ജേണലിസ്റ്റ് സബ്രീന സിദ്ദിഖിയും ഫോട്ടോഗ്രാഫറുമാണ് ഉണ്ടായിരുന്നത്. ബൈഡൻ കിയെവിൽ എത്തിയതിന് ശേഷമാണ് അവരുടെ ഫോണുകൾ തിരികെ നൽകിയത്.
വാഷിംഗ്ടണിൽ നിന്ന് ജർമ്മനിയിലെ റാംസ്റ്റീനിലുള്ള യുഎസ് സൈനിക താവളത്തിലേക്ക് ഏഴ് മണിക്കൂറോളം വിമാനം പറന്നു. ഇവിടെ റാംസ്റ്റീനിൽ ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ഇറക്കി. ഈ സമയം ആരും വിമാനത്തിൽ നിന്ന് ഇറങ്ങിയില്ല. ഇതിന് ശേഷം വിമാനം പോളണ്ടിലേക്ക് പറന്നു. പോളണ്ടിലെത്തിയ ശേഷം ബൈഡൻ കീവിലേക്ക് ട്രെയിനിലാണ് എത്തിയത്.
10 മണിക്കൂറായിരുന്നു ഈ യാത്ര. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം കീവിൽ എത്തിയത്. ഒബാമ പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരിക്കുമ്പോഴാണ് അദ്ദേഹം അവസാനമായി യുക്രെയ്‌നിലെത്തിയത്. കീവിലെത്തിയ ബൈഡനെയും അദ്ദേഹത്തിന്റെ ചെറിയ വാഹനവ്യൂഹത്തെയും യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക് സ്വീകരിച്ചു. ഇതിനുശേഷം അദ്ദേഹത്തിന്റെ വാഹനവ്യൂഹം റോഡ് വഴി യുക്രൈൻ പ്രസിഡന്റിന്റെ വസതിയിലെത്തി. അന്നേരമാണ് ബൈഡൻ എത്തിയ വിവരം ലോകം അറിയുന്നത്.
Leave a Reply