അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തൊഴിലാളികളെ കൂടുതൽ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി സ്ഥിരീകരിച്ച് ജോൺ ലൂയിസ്. റിപ്പോർട്ട് അനുസരിച്ച് ചില്ലറ വ്യാപാര പങ്കാളിത്തത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലികളാണ് ആദ്യം നഷ്‌ടമാവുക. പിരിച്ചുവിടലുകളോടൊപ്പം ഒഴിവ് സ്ഥാനങ്ങളിൽ ആളുകളെ സ്വീകരിക്കുകയും ഇല്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. ബിസിനസ്സിനെ ലാഭത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം. നിലവിൽ കമ്പനിയുടെ കീഴിലുള്ള സൂപ്പർമാർക്കറ്റുകൾ, ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറുകൾ, ഹെഡ് ഓഫീസുകൾ എന്നിവയിൽ 76,000 പേർ ജോലി ചെയ്യുന്നുണ്ട്.
തങ്ങളുടെ ഉപഭോക്തൃ ഓഫർ, സാങ്കേതികവിദ്യ, സ്റ്റോറുകൾ എന്നിവ കൂടുതൽ കാര്യക്ഷമമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി എന്ന് ജോൺ ലൂയിസിൻ്റെ വക്താവ് പറഞ്ഞു. എന്നാൽ ഇതിനായി തങ്ങൾക്ക് കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശദാംശങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും തങ്ങളുടെ പാർട്ട്ണർമാർ ആയിരിക്കും മാറ്റത്തെ പറ്റി ആദ്യം അറിയിക്കുക എന്നും അദ്ദേഹം തൻെറ പ്രസ്താവനയിൽ പറഞ്ഞു. സമീപ വർഷങ്ങളിൽ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലൂടെയാണ് ജോൺ ലൂയിസ് കടന്നുപോകുന്നത്.
2023 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 234 മില്യൺ പൗണ്ടിൻ്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ നഷ്ടത്തിന് പിന്നാലെ ഈ വർഷം ജീവനക്കാരുടെ ബോണസ് റദ്ദാക്കുകയും 16 ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറുകളും നിരവധി സൂപ്പർമാർക്കറ്റുകളും അടച്ചുപൂട്ടുകയും ഒഴിവുകൾ വെട്ടികുറയ്ക്കുകയും ചെയ്‌തു. ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ച തൊഴിലാളികളും ഊർജ്ജ, ചരക്ക് ചിലവുകളും ആണ് കമ്പനിയുടെ നഷ്ടത്തിന് കാരണമെന്ന് കമ്പനി പറയുന്നു.
പിരിച്ച് വിടൽ കത്തുകൾ ജീവനക്കാർക്ക് നൽകിയതിന് പിന്നാലെയാണ് വാർത്ത പുറത്തറിഞ്ഞത്. കമ്പനിയുടെ പുതിയ തീരുമാനം ജീവനക്കാരുടെ ഇടയിൽ വിമർശനത്തിന് കാരണമായിട്ടുണ്ട്. കമ്പനിയുടെ ഇൻ്റേർണൽ മെസ്സേജിങ് ബോർഡിൽ തൊഴിലാളികൾ വിമർശനവുമായി രംഗത്ത് വന്നു. പാർട്ട്ണർഷിപ്പ് കൗൺസിലിൻ്റെ അടിയന്തര യോഗം ഉടൻ ചേരുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply