കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വേര്‍പാടില്‍ വിവിധ നേതാക്കള്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ നേതാവിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഷ്ടമായത് ഭാവി വാഗ്ദാനത്തെയാണെന്ന് എ കെ ആന്റണി പ്രതികരിച്ചു.

നിസ്വാര്‍ഥമായ പ്രവര്‍ത്തന ശൈലിയായിരുന്നു സതീശന്‍ പാച്ചേനിയുടെതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അനുസ്മരിച്ചു. ഏറെ അടുപ്പമുണ്ടായിരുന്ന നേതാവെന്ന് പി ജയരാജന്‍. പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള നേതാവായിരുന്നു പാച്ചേനിയെന്ന് വി ടി ബല്‍റാം പറഞ്ഞു.

മസ്തിഷ്‌കാഘാതം സംഭവിച്ച് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ കുഴഞ്ഞുവീണ സതീശന്‍ പാച്ചേനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

കെഎസ്‌യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ല്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

എന്നാല്‍ സതീശന്‍ പാച്ചേനിക്ക് പക്ഷേ തിരഞ്ഞെടുപ്പുകളിലെ വിജയം അന്യമായിരുന്നു. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുള്ള അദ്ദേഹം നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.