ലണ്ടൻ: പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി ബ്രെക്സിറ്റ് ചർച്ച തടയാനുള്ള പ്രധാനമന്ത്രി ബോറീസ് ജോൺസന്റെ നടപടിക്കെതിരേ പരക്കെ പ്രതിഷേധം. ജോൺസന്റെ നടപടിയെ ചോദ്യം ചെയ്ത് ജീനാ മില്ലർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കക്ഷിചേരുമെന്നു മുൻ പ്രധാനമന്ത്രി സർ ജോൺ മേജർ വ്യക്തമാക്കി. സെപ്റ്റംബർ അഞ്ചിന് ഹൈക്കോടതി കേസ് കേൾക്കും. പത്ത് ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ അനുഭവ സന്പത്ത് കേസിൽ ഗുണം ചെയ്യുമെന്ന് സർ ജോൺ കരുതുന്നു.
പാർലമെന്റ് ഒക്ടോബർ 14വരെ പ്രൊറോഗ് ചെയ്യാനുള്ള ജോൺസന്റെ നടപടി നിയമവിധേയമാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്പോൾ തന്റെ അനുഭവപരിചയം സഹായകമാവുമെന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന് നേരെയുള്ള അഭൂതപൂർവമായ അതിക്രമത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ഡെപ്യൂട്ടി ലേബർ നേതാവ് ടോം വാട്സണും പറഞ്ഞു. ഏകാധിപത്യരീതിയിൽ അധികാരം പിടിച്ചെടുക്കാനുള്ള ജോൺസന്റെ നീക്കത്തിനെതിരേ നിയമപോരാട്ടം നടത്തുമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് ദോ സിൻസൺ വ്യക്തമാക്കി.
ഇതേസമയം പാർലമെന്റ് സസ്പെൻഡ് ചെയ്യുന്നതിൽനിന്നു പ്രധാനമന്ത്രിയെ വിലക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കാൻ സ്കോട്ടിഷ് കോടതി ജഡ്ജി റെയ്മണ്ട് ഡോഹർട്ടി വിസമ്മതിച്ചത് ജോൺസന്റെ എതിരാളികൾക്കു തിരിച്ചടിയായി. ബ്രെക്സിറ്റ് താമസിപ്പിക്കുന്നത് അപരിഹാര്യമായ നഷ്ടമുണ്ടാക്കുമെന്നു പ്രധാനമന്ത്രി ജോൺസൻ മുന്നറിയിപ്പു നൽകി. എന്തുവന്നാലും ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാക്കുന്ന കാര്യത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply