കംപ്യൂട്ടർ ആന്റി വൈറസ് കമ്പനിയായ മക്‌അഫീയുടെ സ്ഥാപകൻ ജോൺ മക്അഫീ ജയിലിൽ മരിച്ച നിലയിൽ. ആത്മഹത്യയാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 75 വയസായിരുന്നു. യുഎസിൽ നികുതി വെട്ടിപ്പു കേസിൽ വിചാരണ നേരിടുന്ന മക്അഫീയെ യുഎസിനു കൈമാറാൻ ഇന്നലെ സ്പെയിനിലെ കോടതി വിധിച്ചു മണിക്കൂറുകൾക്കുള്ളിലാണു മരണ വാർത്ത പുറത്തുവന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ബാർസിലോന വിമാനത്താവളത്തിൽ അറസ്റ്റിലായ മക്അഫീ യുഎസിന് തന്നെ കൈമാറുന്നതിനെതിരെ നിയമപോരാട്ടത്തിലായിരുന്നു. ഞാൻ ജയിലിൽ ആത്മഹത്യ ചെയ്തതായി കേട്ടെങ്കിൽ അത് എന്റെ തെറ്റല്ല എന്നു നിങ്ങളോർക്കണം എന്ന് ഒക്ടോബർ 15ന് മക്അഫീ ട്വീറ്റ് ചെയ്തിരുന്നു.

1980 കളിൽ വാണിജ്യ കമ്പ്യൂട്ടർ സുരക്ഷാ സോഫ്റ്റ്വെയർ അവതരിപ്പിച്ചാണ് കമ്പ്യൂട്ടർ പ്രോഗ്രാമറായ മക്അഫി ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. മക്അഫി അസോസിയേറ്റ്സ് എന്ന സോഫ്റ്റ്വെയർ കമ്പനി സ്ഥാപിച്ച അദ്ദേഹത്തിൻ്റെ വളർച്ച ആരേയും അമ്പരിപ്പിക്കുന്നതായിരുന്നു. 1994 ൽ മക്അഫി കമ്പനിയിൽ നിന്ന് രാജിവച്ചു, 2010 ൽ കമ്പനി 7.7 ബില്യൺ ഡോളറിന് ഇന്റൽ വാങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മക്അഫി കമ്പനി തുടക്കത്തിൽ ഇന്റലിന്റെ സൈബർ സുരക്ഷ യൂണിറ്റിന്റെ ഭാഗമായിരുന്നു; 2016 ൽ ഇന്റൽ മക്അഫിയെ ഒരു പ്രത്യേക സുരക്ഷാ കമ്പനിയായി അടർത്തി മാറ്റി. മക്അഫി കമ്പനിയിലെ തന്റെ മുഴുവൻ ഓഹരികളും വിറ്റ മക്അഫീ വിവിധ സംരംഭങ്ങൾ തുടങ്ങിയെങ്കിലും വിജയം ആവർത്തിക്കാനായില്ല.

1945 ൽ യുകെയിലാണ് മകാഫി ജനിച്ചത്. ചെറുപ്പത്തിൽ മാതാപിതാക്കൾ വിർജീനിയയിലേക്ക് കുടിയേറി. 15 വയസ്സുള്ളപ്പോൾ, മദ്യപാനിയായ പിതാവ് ആത്മഹത്യ ചെയ്തു. “എല്ലാ ദിവസവും ഞാൻ ഉണരുന്നത് അച്ഛനോടൊപ്പമാണ്“ എന്നായിരുന്നു മക്അഫി വയർഡ് മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.