സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ജൂലൈ മാസത്തോടെ യുകെ സാധാരണ നിലയിലേക്ക് മടങ്ങണമെന്ന് ജോൺസൺ ആഗ്രഹിക്കുന്നു. ലോക്ക്ഡൗൺ ഇനിയും നീട്ടികൊണ്ടുപോയാൽ 3,500,000 ജോലികൾ അപകടത്തിലാകാമെന്ന് അറിയിച്ചതിനെത്തുടർന്നാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം അദ്ദേഹം കൈക്കൊള്ളുന്നത്. വേനൽക്കാലത്ത് ഹോസ്പിറ്റാലിറ്റി മേഖല വീണ്ടും തുറക്കുന്നത് പരാജയപ്പെട്ടാൽ 3.5 ദശലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാത്രി ചാൻസലർ റിഷി സുനക്കുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സമ്പദ്‌വ്യവസ്ഥ പഴയ സ്ഥിതിയിലാക്കുന്നതിനുള്ള പ്രധാന നടപടികളിൽ ജോൺസൻ ഒപ്പുവച്ചു. ശവസംസ്കാരത്തിനും വിവാഹത്തിനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അടുത്ത മാസം ആദ്യം ഒഴിവാക്കും. ഒപ്പം പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്ക്ക് ജൂലൈ 4 മുതൽ പ്രവർത്തനാനുമതി ലഭിക്കും. രാജ്യത്തെ ആർ നിരക്ക് ഉയർന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടും നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്ന് രാവിലെ പിന്തുണച്ചു.
ജൂലൈ 28നകം അവധിക്കാല യാത്രാ നടപടികൾ സുരക്ഷിതമാക്കാൻ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പുതിയ ആശുപത്രികൾ പണിയുവാനും റോഡുകൾ നിർമിക്കുവാനും ജോൺസൻ പദ്ധതിയിടുന്നുണ്ട്. പദ്ധതികളുടെ ഒരു രൂപരേഖ വരും ആഴ്ചയിൽ ജോൺസൻ പുറത്തുവിടുമെന്ന് സൺഡേ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്‌തു. ശൈത്യകാലം വീണ്ടും ആരംഭിക്കുന്നതിനുമുമ്പ് എൻഎച്ച്‌എസിന്റെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി ഡോക്ടർമാർക്കും നഴ്‌സുമാർക്കും വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പെയ്‌നുകൾ വേഗത്തിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങൾ ജൂൺ 15 മുതൽ വ്യക്തിഗത പ്രാത്ഥനകൾക്കായി ഉപയോഗിക്കാം. കൂടിചേർന്നുള്ള ആരാധനയ്ക്ക് അനുമതിയില്ല. എല്ലാ കടകളും ജൂൺ 15 മുതൽ തുറന്ന് പ്രവർത്തിക്കും. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന നടപടിയെപറ്റി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വിശദീകരിക്കുകയുണ്ടായി. നിയമങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്നതിനായി സർക്കാർ വളരെ ജാഗ്രതയോടെയും സുരക്ഷയോടെയും കൂടിയ സമീപനം സ്വീകരിക്കുമെന്ന് ഹാൻകോക്ക് പറഞ്ഞു. ഈ രോഗത്തിനെതിരായ പോരാട്ടത്തിൽ യുകെ വിജയിക്കുകയാണെന്നും അതിനാൽ ചില നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സർക്കാർ നിർബന്ധിതമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഏറ്റവും നല്ല മാർഗം രണ്ടാം ഘട്ട വ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണെന്ന് ഹാൻകോക്ക് അറിയിച്ചു.
Leave a Reply