രാജ്യം വലിയ ദേശീയ വിവാദങ്ങളിലൂടെ കടന്നുപോകുന്ന സമയത്ത് ഒരു രാഷ്ട്രീയ ചോദ്യത്തെക്കുറിച്ച് കോടതി അഭിപ്രായം പറയുന്നത് തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കാന്‍ തൻ്റെ ഗവൺമെൻ്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് അദ്ദേഹം ചെറിയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പല്ല, ജോണ്‍സണ്‍ രാജി വയ്ക്കുകയാണ് വേണ്ടതെന്ന ലേബർ പാർട്ടി നേതാവ് ജെറിമി കോര്‍ബിൻ്റെ നിലപാടിനെ ടോറി (കൺസർവേറ്റീവ് പാർട്ടി) എംപിമാര്‍ പ്രശംസിച്ചു. ‘ഔദ്യോഗിക പദവി വഹിക്കാന്‍ താന്‍ യോഗ്യനല്ലെന്നും സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ രാജി വയ്ക്കുകയാണ് വേണ്ടതെന്നും’ കോര്‍ബിന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.
കോടതിയില്‍ സര്‍ക്കാരിനെ ഏകകണ്ഠമായി പരാജയപ്പെടുത്തിയതിന് മറ്റ് എംപിമാരും ജോണ്‍സണെതിരെ വിമര്‍ശവുമായി രംഗത്തെത്തി. ബ്രെക്‌സിറ്റ് നിലപാടിലുറച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് ബോറിസ് ജോണ്‍സണ് തിരിച്ചടിയായി സുപ്രീം കോടതിയുടെ നടപടി. പാര്‍ലമെൻ്റ് സസ്‌പെൻ്റ് ചെയ്ത പ്രധാനമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി വിധിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം പൊതുജനങ്ങളെ ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും ലേബര്‍ പാര്‍ട്ടി എം.പിമാര്‍ ആവശ്യപ്പെട്ടു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസമ്മേളനത്തിലായിരുന്ന ജോണ്‍സണ്‍, സന്ദര്‍ശനം വെട്ടിച്ചുരുക്കി യു.കെയിലേക്ക് മടങ്ങിയിരുന്നു.
എന്നാല്‍, ‘സഭയ്ക്ക് പുറത്തുള്ള ആളുകള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായെന്ന് ഞാന്‍ കരുതുന്നു’വെന്നാണ് ജോണ്‍സണ്‍ പറയുന്നത്. ‘സ്വാര്‍ത്ഥതയും, രാഷ്ട്രീയ ഭീരുത്വവും വെടിഞ്ഞുകൊണ്ട് ജനങ്ങളോട് സംവദിക്കാന്‍ അവര്‍ ഒരുക്കമല്ല. പ്രതിപക്ഷ നേതാവും അദ്ദേഹത്തിൻ്റെ പാര്‍ട്ടിയും ജനങ്ങളെ വിശ്വസിക്കുന്നില്ല. ജനഹിതപരിശോധനയെ എങ്ങിനെയെങ്കിലും അസാധുവാക്കുക എന്ന ആഗ്രഹം മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം പ്രധാനം’ – അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷ നേതാവിനെ രൂക്ഷമായ ഭാഷയിലാണ് ജോണ്‍സണ്‍ വിമര്‍ശിച്ചത്. ടോറി എംപിമാര്‍ നിരന്തരമായ കരഘോഷത്തോടെ സ്വീകരിച്ചുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങളെ അത് ചൊടിപ്പിച്ചു.
ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കുള്ള സമയം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജോണ്‍സണിൻ്റെ പാര്‍ലമെൻ്റ് റദ്ദാക്കല്‍. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ ഭൂരിപക്ഷം എം.പിമാരും എതിര്‍ത്തിരുന്നു. രണ്ട് തവണയാണ് നോ ഡീല്‍ ബ്രെക്‌സിറ്റിനുള്ള ഭേദഗതി വോട്ടിനിട്ട് തള്ളിയത്. ഒക്ടോബര്‍ 31 ന് യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നിരിക്കെയാണ് അഞ്ചാഴ്ചത്തേക്ക് പാര്‍ലമെൻ്റ് നിര്‍ത്തിവെച്ചത്. പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രാജ്യത്താകെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Leave a Reply