ഇടുക്കി: രാഹുല്‍ഗാന്ധിക്കെതിരേ നടത്തിയ അശ്‌ളീല പരാമര്‍ശത്തില്‍ പരസ്യമായി മാപ്പു പറഞ്ഞ് ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജ്. ഇരട്ടയാറ്റില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോള്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച മാപ്പു പറയുന്നെന്നും ഖേദം പരസ്യമായി അറിയിക്കുകയാണെന്നും ഒരു പരിപാടിയില്‍ ജോയ്‌സ് ജോര്‍ജ്ജ് വ്യക്തമാക്കി.

എംഎം മണിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ ഇരട്ടയാറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു ജോയ്‌സ് ജോര്‍ജ്ജ് അശ്ലീലം കലര്‍ന്നുള്ള പരാമര്‍ശം നടത്തിയത്. ഇതിനെ സിപിഎം നേതാക്കള്‍ തന്നെ എതിര്‍ത്ത് രംഗത്ത് വന്നതോടെയായിരുന്നു ഖേദപ്രകടനം. അണക്കരയിലെ പൊതുയോഗത്തിലാണ് ജോയ്‌സ് പരസ്യ ഖേദപ്രകടനം നടത്തിയത്.

അതിനിടയില്‍ ഇടുക്കി ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുകയാണ്. ജോയ്‌സ് ജോര്‍ജ്ജിനെതിരേ മഹിളാകോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പ്രതിഷേധിച്ചിരുന്നു. എറണാകുളം സെന്റ് തേരസാസ് കോളേജില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത പരിപാടിയെ പരിഹസിച്ചുള്ള ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശമായിരുന്നു വിവാദത്തിലായത്.

‘‘രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജുകളിലെ പോകാറുള്ളൂ അവിടെ ചെന്നിട്ട് പെണ്‍കുട്ടികളെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്നു നില്‍ക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളെ രാഹുല്‍ ഗാന്ധി വരുമ്പോള്‍ വളയാനും കുനിയാനും ഒന്നും പോയേക്കല്ല് പുള്ളി പെണ്ണൊന്നും കെട്ടിയിട്ടില്ല കുഴപ്പക്കാരനാന്നാ പറയുന്നേ’’ ഇങ്ങിനെയായിരുന്നു ജോയ്‌സിന്റെ വിവാദ പ്രസംഗത്തിലെ പരാമര്‍ശം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാഹുല്‍ഗാന്ധി കേരളത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി എറണാകുളം സെന്റ് തേരസാസ് കോളേജിലെ പെണ്‍കുട്ടികളെ ആയോധന കലയായ ഐക്കിഡോയിലെ ചില മുറകള്‍ പഠിപ്പിച്ചിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം. വിവാദപ്രസംഗം തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ചെയ്യാനും ജോയ്‌സ് ജോര്‍ജ്ജ് മറന്നില്ല.

ജോയ്‌സിന്റെ പ്രസ്താവന സിപിഎം ആദ്യം തന്നെ തള്ളി രംഗത്ത് വരികയായിരുന്നു. രാഹുലിനെതിരേ വ്യക്തിപരമായി നടത്തിയ പരാമര്‍ശം മറ്റ് വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചെന്നും രാഹുലിന്റെ നിലപാടുകളെയായിരുന്നു എതിര്‍ക്കേണ്ടിയിരുന്നതെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫിന്റെ നയമല്ലെന്നായിരുന്നു മുഖ്യമന്ത്രി കാസര്‍ഗോഡ് നടന്ന പരിപാടിയില്‍ പ്രതികരിച്ചത്. ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സങ്കോചങ്ങളില്ലാതെ അദ്ദേഹത്തോട് പെരുമാറുന്നത് രാഹുല്‍ ഗാന്ധിയോടുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയും പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. രാഹുലിനെ മാത്രമല്ല കേരളത്തിലെ സ്ത്രീത്വത്തെക്കൂടിയാണ് പരിഹസിച്ചതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.