ഐശ്വര്യ ലക്ഷ്മി. എസ്സ്
കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടർന്ന് 24 വയസ്സുകാരി ആത്മഹത്യചെയ്തു. ആയുർവ്വേദ മെഡിസിൻ വിദ്യാർത്ഥിനിയായ വിസ്മയയാണ് ഭർത്താവ് കിരണിന്റെ മർദ്ദനത്തെ തുടർന്ന് ജീവനൊടുക്കിയത്. അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ സ്ത്രീധനം ലഭിച്ച കാറിനെച്ചൊല്ലി നിരന്തരം വിസ്മയയുമായി വഴക്കിടാറുണ്ടായിരുന്നത്രെ. 100 പവനും 1.25 ഏക്കർ സ്ഥലവും 10 ലക്ഷം രൂപയുടെ കാറും നൽകിയായിരുന്നു വിസ്മയെ വിവാഹം കഴിപ്പിച്ചയച്ചത്. സമാനസംഭവത്തിൽ ഉത്രയെന്ന പെൺകുട്ടി മരിച്ച് ഒരു വർഷം ആകുമ്പോഴേയ്ക്കും വീണ്ടും മറ്റൊരാൾ. സ്ത്രീധനത്തിന്റെ പേരിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചായിരുന്നു ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. വിസ്മയയുടെ മരണത്തിനു പിന്നാലെ ആലപ്പുഴയിൽ സുചിത്രയെന്ന 19കാരിയും സമാനരീതിയിൽ മരിച്ചുവെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. വീണ്ടും കേരള നാടറിഞ്ഞ ഒരു സ്ത്രീധനപീഡന മരണംകൂടി. അതെ പുറംലോകം അറിയാത്ത മരണങ്ങൾ പലതും പിന്നെയുമുണ്ട്.
പ്രബുദ്ധരെന്നു സ്വയം അവകാശപ്പെടുമ്പോഴും സ്വന്തം മക്കളുടെ കാര്യത്തിൽ ജ്യോതിഷന്റെ അഭിപ്രായം തേടും. നിങ്ങൾ വളർത്തിയ കുട്ടിയ്ക്ക് മാനസികമായി പൊരുത്തപ്പെടാൻ കഴിയുന്ന ഒരാളെ വേണം അവൾക്ക് പങ്കാളിയായി കണ്ടെത്താൻ. ഒരൊറ്റ ചായസൽക്കാരമോ നാട്ടുകാരോ അദ്ധ്യാപകരോ പറയുന്ന സ്വഭാവസർട്ടിഫിക്കറ്റുംകൊണ്ട് അളന്നിട്ടാവരുത് മോളുടെ ഭർത്താവിനെ നിശ്ചയിക്കേണ്ടത്. സ്ത്രീധനം അതെത്ര വലുതായാലും ചെറുതായാലും നിയമം മൂലം നിരോധിക്കേണ്ടതാണ്. ഇനി അതിന് കാലതാമസങ്ങൾ നേരിട്ടാലും സ്ത്രീധനം കൊടുക്കില്ലായെന്ന് ഓരോ മാതാപിതാക്കളും തീരുമാനിക്കണം. അതിന് വിവാഹം ആലോചിക്കുന്ന സമയം മുതൽ തീരുമാനം ഉണ്ടാകണം. പരസ്യങ്ങൾ നൽകുമ്പോഴും ഇടനിലക്കാരെവച്ച് അന്വേഷിപ്പിക്കുമ്പോഴും വ്യക്തമായി പറയുക. നിങ്ങളുടെ സ്വത്തിന്റെ കണക്ക് പറഞ്ഞു കേൾപ്പിക്കാതെ മകളുടെ വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും കലാവാസനകളുടെയും കാര്യങ്ങൾ പറയുക. അതേപോലെ മറിച്ചും. മകളുടെ ഭർത്താവാകാൻ പോകുന്നയാളുടെ കുടുംബമഹാത്മ്യവും സ്വത്തിന്റെ കണക്കും മാത്രം തിരക്കാതെ അയാളുടെ താല്പര്യങ്ങളും അഭിരുചിയും ചോദിച്ചറിഞ്ഞ് പൊരുത്തപ്പെട്ടു പോകാൻ സാധിക്കുന്നതാണോയെന്ന് ആലോചിക്കുക.
നിങ്ങളുടെ കുട്ടിയെ അവളുടെ അഭിരുചിക്കനുസരിച്ച് ഒരു ജോലിക്ക് പ്രാപ്തയാക്കുക. അതെന്തു ജോലിയായിക്കോട്ടെ വരുമാനം എത്രയുമായിക്കോട്ടെ. പഠിച്ചുതീരും മുന്നേ ഏത് ചൊവ്വയുടെയും ശനിയുടെയും പേരിലായാലും വിവാഹംകഴിച്ചയക്കുന്നത് അത്ര നല്ലതല്ല. ഇനിയും ഇതെല്ലാം കഴിഞ്ഞാലും മനുഷ്യന്റെ സ്വഭാവമാണ് മാറാം. അത് ആണായാലും പെണ്ണായാലും. ജീവിതം നിങ്ങളുടേത് മാത്രമാണ്. സ്വയം അവസാനിപ്പിക്കാനോ കൊല്ലപ്പെടാനോ ഇടം നൽകരുത്. പൊരുത്തപ്പെടാനാവുന്നില്ലെങ്കിൽ അവിടെവച്ചു നിർത്തിയേക്കുക. സഹിക്കാനും ക്ഷമിക്കാനും പറയാൻ എളുപ്പമാ. ഈ പറഞ്ഞവർതന്നെ നാളെ നിങ്ങളുടെ ജീവന് അപായം സംഭവിക്കുമ്പോൾ ആ കൊച്ചിന് രക്ഷപ്പെട്ടൂടാരുന്നോന്ന് കളം മാറ്റി ചവിട്ടും. ഒരുതരം ഭാഗ്യപരീക്ഷണങ്ങൾക്കും നിങ്ങൾ സ്വയം ഹോമിക്കരുത്.
ഇനി വിവാഹം കഴിഞ്ഞതോ വിവാഹത്തിന് തയ്യാറെടുക്കുന്നതോ ആയ സ്ത്രീകളോടും പുരുഷൻമാരോടും. നിങ്ങൾ സ്വയം പ്രാപ്തരാവുക. സ്ത്രീധനം കിട്ടുന്നതിന്റെ കണക്കെടുക്കാതെ നിങ്ങൾക്ക് ജീവിക്കാനാവശ്യമായത് നിങ്ങൾ അധ്വാനിച്ചുണ്ടാക്കുക. സ്ത്രീധനം തന്നാലും വേണ്ടെന്നു പറയാനുള്ള മനക്കരുത്തും മനസ്സാക്ഷിയും ഓരോ സ്ത്രീകളും പുരുഷന്മാരും ഉണ്ടാക്കിയെടുക്കണം. നാട്ടുകാരെക്കൊണ്ട് പൊങ്ങച്ചം പറയിപ്പിക്കാനാവരുത് നിങ്ങളുടെ വിവാഹം. ആണായാലും പെണ്ണായാലും സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുള്ള മനസ്സ് നിങ്ങൾക്കുണ്ടാവണം. ഈ ലോകം എല്ലാവരുടേതുമാണ്. പരസഹായം ആവശ്യമുള്ളവർപോലും അവരുടെ ജീവിതം മികവുറ്റതാക്കുമ്പോൾ സ്ത്രീധനക്കണക്ക് പറയുന്ന രക്ഷിതാക്കളേ സ്ത്രീ പുരുഷന്മാരേ നിങ്ങളൊരു തികഞ്ഞ പരാജയമാണെന്ന് പറയാതിരിക്കാനാവുന്നില്ല.
ജീവിതപങ്കാളികളേ നിങ്ങളുടെ ഉപദ്രവം ഏറ്റുവാങ്ങാനല്ല മറ്റൊരു വ്യക്തിയും ജീവിക്കുന്നത്. അഭിപ്രായങ്ങളും വ്യത്യാസങ്ങളും പറഞ്ഞു പരിഹരിക്കുക. അതിനാവുന്നില്ലെങ്കിൽ മറ്റൊരാളുടെ ജീവിതത്തിനു കടിഞ്ഞാണിടാതെ അവരെ സ്വതന്ത്രമാക്കുക. ഇതൊക്കെ സ്ത്രീ പുരുഷ ഭേദമന്യേ പറഞ്ഞു പഠിപ്പിക്കുകയെന്നത് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. വിവാഹം കഴിച്ചയച്ചാൽ ഉത്തരവാദിത്തം തീർന്നുവെന്ന് കരുതാതെ അവരുടെ സുഖദുഃഖങ്ങൾ
അന്വേഷിക്കുകയും തിരുത്തേണ്ടിടത്ത് തിരുത്തകയും ചെയ്യുക. വീട്ടിൽ മറ്റ് സഹോദരങ്ങളുണ്ട് അവരുടെ ഭാവി നീ നശിപ്പിക്കരുതെന്ന മുടന്തൻ ന്യായം പറയാതിരിക്കുക. അവൾക്കായി ഒരിടം ഉറപ്പുവരുത്തുക. അതേപോലെ മകന്റെയും മരുമകളുടെയും പ്രശ്നമല്ല നിങ്ങളുടേതുകൂടിയാണതെന്ന് തിരിച്ചറിഞ്ഞു വേണ്ട സമയത്തിടപെടുക. തെറ്റാരു ചെയ്താലും അത് മറയ്ക്കരുത്. മകന്റെ ഭാവിയോർത്ത് മറ്റൊരു കുട്ടിയുടെ ജീവിതം തകർക്കാൻ കൂട്ടുനിൽക്കരുത്. പ്രശ്നങ്ങളെ തുറന്ന സമീപനത്തോടെതന്നെ കാണുകയും അറിയിക്കേണ്ടവരെ അറിയിക്കുകയും ചെയ്യുക. മൂടിപൊതിഞ്ഞ് വീർപ്പു മുട്ടലുകൾക്ക് ഒരു രക്ഷിതാക്കളും ഇടം കൊടുക്കരുത്.
സമൂഹമേ , വ്യക്തികളുമായി പൊരുത്തപ്പെടാനാകുമോയെന്ന് മാത്രം ആലോചിച്ച് നിങ്ങളുടെയോ മക്കളുടെയോയൊക്കെ പങ്കാളികളെ തിരഞ്ഞെടുക്കുക. അവരുടെ അച്ഛനോ അമ്മയോ സഹോദരങ്ങളോ അവരുടെ സ്വത്തോ ജോലിയോ സ്വഭാവമോ തറവാടിത്തമോ അല്ല നിങ്ങളുടെ പങ്കാളി അല്ലെങ്കിൽ മരുമകൻ/മരുമകൾ ആ വ്യക്തിയും അവരുടെ മാനസീകപൊരുത്തങ്ങളും മാത്രമാവണം ഇനിയെങ്കിലും വിവാഹത്തിനുള്ള അടിസ്ഥാനം. കുറഞ്ഞപക്ഷം ഇത്രയുമൊക്കെ കൃത്യമായ നിലപാടുകൾ എടുക്കാനായാൽ ഇനിയൊരു സ്ത്രീ പീഡനമരണം നമുക്കൊഴിവാക്കാം. അതെ ജീവനില്ലാത്ത മകളുടെ/മരുമകളുടെ ശരീരത്തേക്കാൾ എത്രയോ ഭേദമാണ് വിവാഹമോചനം നേടിയ മകൾ/മരുമകൾ.
ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം.മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അച്ഛൻ കെ ജി ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി.ഇമെയിൽ [email protected]
Leave a Reply