ലണ്ടന്‍: പതിനൊന്ന് രാജ്യങ്ങളിലെ ആരോഗ്യ സേവന സംവിധാനങ്ങളില്‍ എന്‍എച്ച്എസിന് ഒന്നാം സ്ഥാനം. സുരക്ഷ, കാര്യക്ഷമത തുടങ്ങിയവയില്‍ എന്‍എച്ച്എസ് മുന്നിലാണെന്ന് കണ്ടെത്തി. അമേരിക്കന്‍ തിങ്ക്ടാങ്ക് ആയ കോമണ്‍വെല്‍ത്ത് ഫണ്ട് നടത്തിയ പഠനത്തിലാണ് എന്‍എച്ച്എസിന് ഈ ബഹുമതി ലഭിച്ചത്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി 11 രാജ്യങ്ങളിലെ ആരോഗ്യ സേവന വിഭാഗങ്ങളിലാണ് പഠനം നടത്തിയത്. എന്നാല്‍ ക്യാന്‍സര്‍ ചികിത്സയിലും അകാല മരണങ്ങള്‍ കുറയ്ക്കുന്നതിലും എന്‍എച്ച്എസ് പിന്നോട്ടാണെന്ന് വിശകലനം പറയുന്നു.

അമേരിക്കയാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. ഇത് രണ്ടാമത്തെ തവണയാണ് യുകെ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും നെതര്‍ലാന്‍ഡ്‌സ് മൂന്നാം സ്ഥാനത്തും എത്തി. ന്യൂസിലന്‍ഡ്, നോര്‍വേ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി, കാനഡ, ഫ്രാന്‍സ്, അമേരിക്ക എന്നിവയാണ് യഥാക്രം മറ്റ് സ്ഥാനങ്ങളില്‍ എത്തിയത്. മൂന്ന് വര്‍ഷം മുമ്പ് ഇതേ സര്‍വേ അവസാനം നടത്തിയപ്പോളും എന്‍എച്ച്എസ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്.

ഫണ്ടുകള്‍ വെട്ടിക്കുറച്ചത് മൂലം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെയാണ് എന്‍എച്ച്എസിനെത്തേടി ഈ ബഹുമതി എത്തിയത്. സുരക്ഷയിലും രോഗീ പരിചരണത്തിലും എന്‍എച്ച്എസ് പ്രശംസയ്ക്ക് അര്‍ഹമായി. വാക്‌സിനേഷന്‍, സ്‌ക്രീനിംഗ്, രോഗികള്‍ക്ക് ചികിത്സ കിട്ടുന്നതിന്റെ വേഗത, വരുമാന പരിധിയില്ലാതെ എല്ലാവര്‍ക്കും തുല്യമായി ചികിത്സ ലഭ്യമാക്കല്‍ തുടങ്ങിയവയിലും എന്‍എച്ച്എസ് മികച്ച അഭിപ്രായം കരസ്ഥമാക്കി.