ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളികളായ ജോജി തോമസിൻെറയും ഷിബു മാത്യുവിൻെറയും എൻഎച്ച്എസിന് വേണ്ടിയുള്ള സ്പോൺസർ വാക്കിൻെറ വിജയത്തെ ബ്രിട്ടനിലെ ഇംഗ്ലീഷ് മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് വാർത്തയാക്കിയത് . ക്രാവെൻഹെറാൾഡ്, കീത്തിലി ന്യൂസ് തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങളാണ് കനാൽ വോക്കിനെക്കുറിച്ച് വാർത്ത നൽകിയത്
ലോകത്തിനു മുഴുവൻ മാതൃകയും ബ്രിട്ടൻ ലോകത്തിനുമുന്നിൽ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്നതുമായ നാഷണൽ ഹെൽത്ത് സർവീസിനെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ മലയാളികളായ ഷിബു മാത്യുവിന്റെയും ജോജി തോമസിന്റെയും നേതൃത്വത്തിൽ നടന്ന സ്പോൺസേർഡ് വാക്ക് വൻ വിജയമായിരുന്നു . ഓഗസ്റ്റ് 14 ശനിയാഴ്ച രാവിലെ 7 മണിയോടെ സ്കിപ്റ്റണിൽ നിന്ന് ആരംഭിച്ച സ്പോൺസേർഡ് വാക്ക് 31 മൈലിലേറെ താണ്ടി ലീഡ്സിലെത്താൻ 12 മണിക്കൂറിലേറെ സമയമെടുത്തു. ജോജി തോമസും ഷിബു മാത്യുവും യു കെയുടെ അഭിമാനമായ എൻഎച്ച്എസിനു വേണ്ടി നടക്കാൻ തീരുമാനിച്ചപ്പോൾ മാഞ്ചസ്റ്റർ, ബോൾട്ടൺ, ബേൺലി, സാൻഫോർഡ്, കിത്തലി, വെയ്ക്ക് ഫീൽഡ് തുടങ്ങി ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഇങ്ങനെ എത്തിയവരിൽ ഇരുപതോളം പേർ മുഴുവൻ സമയവും സ്പോൺസേർഡ് വാക്കിൽ ഭാഗഭാക്കായി.
എൻഎച്ച്എസിനു വേണ്ടിയുള്ള സ്പോൺസേർഡ് വാക്ക് നടന്നത് ഇംഗ്ലണ്ടിന്റെ സാമൂഹിക സാമ്പത്തിക ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ലീഡ്സ് – ലിവർപൂൾ കനാൽ തീരത്തു കൂടി സ്കിപ്‌റ്റൺ മുതൽ ലീഡ്സ് വരെയുള്ള 31 ഓളം മൈലാണ്. ലീഡ്സ് മുതൽ ലിവർപൂൾ വരെ 115 ഓളം മൈൽ ദൂരത്തിൽ പരന്നു കിടക്കുന്ന കനാൽ പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്.
എൻ എച്ച് എസിനായി 2000 പൗണ്ട് ലക്ഷ്യം വെച്ച് ആരംഭിച്ച ധനശേഖരണം ഇതിനോടകം 5000-ത്തിൽ അധികം പൗണ്ട് ലഭിക്കുകയുണ്ടായി. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ. എൻ എച്ച്എസിനു വേണ്ടിയുള്ള ധനശേഖരണം ഈ മാസം മുപ്പതാം തീയതി അവസാനിക്കും.
ഓർമ്മിക്കുക. നിങ്ങൾ കൊടുക്കുന്ന ഓരോ പെൻസും വളരെ വിലപ്പെട്ടതാണ്. അത് രാജ്യത്തിൻ്റെ നന്മയ്ക്കായി ഉപകരിക്കും. നിങ്ങളുടെ സ്പോൺസർഷിപ്പുകൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ നിക്ഷേപിക്കുക.
Leave a Reply