ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ബ്രിട്ടനിലെ ജാഗ്വാർ ലാൻഡ് റോവർ ഫാക്ടറികൾക്ക് ആവശ്യമായ ബാറ്ററി ഉൽപ്പാദനത്തിനാണ് പുതിയ തീരുമാനം. പുതിയ ഫാക്ടറിയുടെ നിർമ്മാണം ഹരിത വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനുള്ള ബ്രിട്ടന്റെ ഏറ്റവും വലിയ നീക്കത്തെ ആയിരിക്കും അടയാളപ്പെടുത്തുക. 4 ബില്യൺ പൗണ്ട് മുതൽമുടക്കിൽ ഇന്ത്യയ്ക്ക് പുറത്ത് തങ്ങളുടെ ആദ്യത്തെ ജിഗാഫാക്‌ടറി ബ്രിട്ടനിൽ നിർമ്മിക്കുമെന്ന് ടാറ്റ ബുധനാഴ്ച അറിയിച്ചു. പുതിയ ഫാക്ടറി 4,000 തൊഴിലവസരങ്ങൾ വരെ സൃഷ്ടിക്കും. മണിക്കൂറിൽ 40 ജിഗാവാട്ട് പ്രാരംഭ ഉൽപ്പാദനം ആയിരിക്കും ഇതിന് ഉണ്ടാവുക.

രാജ്യത്തിന് ആവശ്യമായ ഇലക്ട്രിക്ക് വാഹന ഉത്പാദന ശേഷിയ്ക്കുള്ള വഴിയാണിതെന്ന് പ്രധനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററി ജിഗാഫാക്‌ടറികൾ നിർമ്മിക്കുന്നതിൽ ബ്രിട്ടൻ മറ്റ് യൂറോപ്യൻ രാജ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്. നിലവിൽ യൂറോപ്യൻ യൂണിയനിൽ ഉടനീളം ഏകദേശം 30-തിലധികം ആസൂത്രണം ചെയ്തതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ ജിഗാഫാക്‌ടറികൾ ഉണ്ട്.

പുതിയ പ്ലാന്റ് തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സോമർസെറ്റിൽ ആണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. അതേസമയം ജാഗ്വാർ ലാൻഡ് റോവറിന്റെ യുകെ ഫാക്ടറികൾ മധ്യ ഇംഗ്ലണ്ടിലെ ബെർമിംഗ്ഹാമിന് സമീപമാണ്. റേഞ്ച് റോവർ, ഡിഫൻഡർ, ഡിസ്കവറി, ജാഗ്വാർ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള ജെഎൽആറിന്റെ ഭാവി ബാറ്ററി ഇലക്ട്രിക് മോഡലുകൾ വിതരണം ചെയ്യുന്നതിനായി 2026-ൽ തന്നെ ഉത്പാദനം ആരംഭിക്കും. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകളുടെ നിർണായക ഘട്ടത്തിലാണ് ബ്രിട്ടന്റെ പുതിയ പ്രഖ്യാപനം. പദ്ധതി യുകെയോടുള്ള കമ്പനിയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തിയെന്നും സർക്കാരിനോട് നന്ദിപറയുന്നെന്നും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു