66-ാമത് ദേശീയ സിനിമാ പുരസ്കാരത്തിൽ മലയാളത്തിന് അഭിമാനതാരമായി മാറിയിരിക്കുകയാണ് നടൻ ജോജു ജോർജ്. ജോസഫിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശം തേടിയെത്തിയതിന്റെ സന്തോഷം ജോജു പങ്കുവച്ചു. സുഹൃത്തുക്കളുടെയും ആരാധകരുടെയും അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് ജോജു ഫെയ്സ്ബുക്ക് ലൈവിലെത്തി. താൻ ഇപ്പോൾ ബെംഗലുരുവിൽ ആണെന്നും വെള്ളപ്പൊക്കത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചതിനാൽ അവിടെ കുടുങ്ങിയിരിക്കുകയാണെന്നും ജോജു പറയുന്നു. നാട് നേരിടുന്ന പ്രതിസന്ധിക്ക് ശേഷം പുരസ്കാരത്തിന്റെ ആഘോഷങ്ങളും സന്തോഷവും പങ്കുവയ്ക്കാമെന്നും ജോജു അറിയിച്ചു.
ലൈവില്‍ ജോജു പറയുന്നത് ഇതാണ്: “അഭിനന്ദനങ്ങൾക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഞാൻ വീട്ടിലില്ല. വീടെത്താൻ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയർപോർട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എല്ലാവർക്കും നന്ദി.”
“നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാൻ ശ്രമിക്കാം. എന്തായാലും ഈ സിനിമ തന്ന പപ്പേട്ടനോട് നന്ദി പറയുകയാണ്. എനിക്ക് വേഷങ്ങൾ നൽകിയ എല്ലാ സംവിധായകരോടും എന്റെ മാതാപിതാക്കളോടും എന്റെ സുഹൃത്തുക്കളോടും ഈ ലോകത്തുള്ള എന്റെ എല്ലാ ബന്ധങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. തന്ന എല്ലാ പ്രോത്സാഹനത്തിനും നന്ദി. പ്രശ്നങ്ങളും വെള്ളപ്പൊക്കവും കഴിഞ്ഞ് നമുക്കെല്ലാവർക്കും ചേർന്നു പൊളിക്കാം,” ജോജു പറഞ്ഞു.
Leave a Reply