കൂടത്തായി ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോളി ഒന്നിലേറെ തവണ ഗർഭച്ഛിദ്രം നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അതേസമയം, അതിനെപ്പറ്റി അറിയില്ലെന്ന് ജോളിയുടെ ഭർത്താവ് ഷാജു. ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ഷാജു പറഞ്ഞു. ജോളിയെ വിവാഹം ചെയ്യാന്‍ ആദ്യ ഭാര്യ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നെന്നു ഷാജു വെളിപ്പെടുത്തി.

സിലിയുടെ മരണശേഷം ജോളിയെ വിവാഹം ചെയ്യാന്‍ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നു. സിലി മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങി. ജോളി അതിനു നേരത്തേ പദ്ധതിയിട്ടിരുന്നു. അതിന്റെ തെളിവാണ് സിലിയുടെ മരണവേളയിലെ അന്ത്യചുംബനഫോട്ടോ. സിലിയുടെ മൃതദേഹത്തിന് ഒരുമിച്ച് അന്ത്യചുംബനം നൽകിയത് ജോളിയുടെ ആസൂത്രണമായിരുന്നു. അന്ത്യചുംബനഫോട്ടോ വിവാഹത്തിലേക്കുള്ള തറക്കല്ലിടലായിരുന്നെന്നും ഷാജു മനോരമ ന്യൂസിനോടു പറഞ്ഞു.

ജോളിക്കു സ്വത്തിലല്ലാതെ മറ്റു താൽപര്യങ്ങളൊന്നും കണ്ടിരുന്നില്ല. ജോളിയുടെ ഉന്നതബന്ധങ്ങളെ കുറിച്ച് പലരിൽ നിന്നായി അറിവു ലഭിച്ചിരുന്നു. എന്നാൽ അപായപ്പെടുത്തുമെന്ന ആശങ്ക കൊണ്ടാണ് ഇതിനെക്കുറിച്ച് അന്വേഷിക്കാതിരുന്നത്. പിഞ്ചുകുഞ്ഞായതിനാലാണ് തന്റെ മകൾ ആൽഫൈന്റെ പോസ്റ്റുമോർട്ടത്തിനു വിസമ്മതിച്ചത്.

ജോളി ഗർഭച്ഛിദ്രം നടത്തിയതായി അറിവില്ലെന്നു ഷാജു പറഞ്ഞു. ഗൈനക് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രാവശ്യം ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ട്. ശാരീരികപ്രശ്നങ്ങള്‍ കാരണമാണെന്നാണ് ജോളി പറഞ്ഞത്. എന്നാൽ ഡോക്റുടെ മുറിയിലേക്ക് പ്രവേശിക്കാതെ താൻ പുറത്തിരുന്നെന്നു ഷാജു പറയുന്നു. വ്യക്തഹത്യ നടത്താന്‍ താല്‍പര്യമില്ല. ജോളി പ്രാർഥനകളിലും കുർബാനകളിലും പങ്കെടുക്കുമായിരുന്നു. അപ്പോൾ കൂടെപ്പോകാറുണ്ടായിരുന്നെന്നും ഷാജു വ്യക്തമാക്കി.

എന്നാൽ ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ഷാജുവിന്റെ സുഹൃത്ത് ബിജു . ജോളിയുടെ ജീവിതരീതി നേര്‍വഴിക്കായിരുന്നില്ല. ഇക്കാര്യം താനും ഷാജുവും പല തവണ സംസാരിച്ചിരുന്നു. ജോളിയുടെ എൻഐടിയിലെ ജോലിക്കാര്യത്തെ കുറിച്ച് ഷാജുവിനും അവ്യക്തത ഉണ്ടായിരുന്നു . ഭാര്യയും മകളും മരിച്ചപ്പോൾ ഷാജുവിന് വലിയ ദുഃഖമുണ്ടായില്ല. ഇതെല്ലാം ഇപ്പോൾ സംശയങ്ങൾ ജനിപ്പിക്കുന്നുവെന്ന് ബിജു വെളിപ്പെടുത്തി

അന്വേഷണം ജോളിയുടെ ജന്മനാടായ ഇടുക്കിയിലേക്കും വ്യാപിപ്പിച്ച്‌ അന്വേഷണ സംഘം. മാതാപിതാക്കളും സഹോദരങ്ങളും കുറ്റകൃത്യത്തിന് സഹായിച്ചോ എന്ന് പരിശോധിച്ച് വരികയാണ്. സാമ്പത്തിക ബുദ്ധിമിട്ടിലാണെന്നു മകൾ പറഞ്ഞിരുന്നെന്നു ജോളിയുടെ പിതാവ് പറഞ്ഞു.

ഇടുക്കി കട്ടപ്പന വാഴവരയിലെ ഈ ചോറ്റയിൽ തറവാട്ടുവീട്ടിലാണ് ജോളി വളർന്നത്. നാല് വർഷം മുൻപ് ഏലത്തോട്ടത്തിനു നടുവിലെ ഈ വീട്ടിൽ നിന്ന് ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും കട്ടപ്പനയിലെ വീട്ടിലേക്കു മാറി. ആറു മക്കളിൽ അഞ്ചാമത്തെ മകളാണ് ജോളി. കേസിൽ ജോളിയുടെ കട്ടപ്പനയിലുള്ള സഹോദരങ്ങളുടെയും, ഇടുക്കി രാജകുമാരിയിലുള്ള സഹോദരി ഭർത്താവിന്റെയുമെല്ലാം പങ്കിനെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്യും. തുടർ മരണങ്ങളിൽ സംശയം തോന്നിയിട്ടില്ലെന്നും, മകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞിരുന്നെന്നും ജോളിയുടെ പിതാവ് ജോസഫ്.

രണ്ട് മാസംമുമ്പ് ജോളി അനുജൻ നോബിയുമൊത്ത് വാഴവരയിലെ തറവാട്ടിലും ഏലത്തോട്ടത്തിലും സന്ദർശിച്ചിരുന്നു. കട്ടപ്പനയിലെ പ്രബല കുടുംബത്തിലെ അംഗമായ ജോളിക്ക് കുറ്റകൃത്യത്തിന് സ്വന്തം കുടുംബത്തിന്റെയും പിന്തുണ ഉണ്ടായിരുന്നോ എന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.