കൂടത്തായി ജോളിയ്‌ക്കെതിരെ അഞ്ചുകേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തു. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം തോമസ് എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്. ഭര്‍തൃമാതാവായ അന്നമ്മയെ കീടനാശിനി നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി നേരത്തെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ കൊലപാതകത്തിലാണ് ജോളിയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതും തെളിവെടുപ്പ് നടത്തുന്നതും.

ഇതില്‍ തെളിവ് ശക്തമാക്കുന്നതിനൊപ്പം മറ്റ് കേസുകളിലും തെളിവ് ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍. കല്ലറകളില്‍ നിന്ന് ശേഖരിച്ച മൃതദേഹാശിഷ്ടങ്ങളുടെ രാസപരിശോധനാഫലവും ലഭിക്കേണ്ടതുണ്ട്. ഇതിനു കാലതാമസം വരുമെന്നതിനാല്‍ റോയിയുടെ കൊലപാതകത്തില്‍ നടപടികളാകും ആദ്യം പൂര്‍ത്തിയാക്കുക.

കൊലപാതകങ്ങള്‍ക്ക് ശേഖരിച്ചതില്‍ സയനൈസ് ഇനി ബാക്കിയില്ലെന്നാണ് ജോളി അന്വേഷണസംഘത്തോട് പറഞ്ഞത്. ജോളിയുടെ കുട്ടിക്കാലം മുതലുളള വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണസംഘം ശ്രമം തുടങ്ങി. ഇതിനായി അന്വേഷണസംഘാംഗങ്ങള്‍ കട്ടപ്പനയിലുണ്ട്. അതേസമയം കൂടത്തായി കൊലപാതക  അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് കൂടത്തായി സന്ദര്‍ശിക്കും. അതേസമയം, ‘എന്തുകൊണ്ട് എന്നെ നേരത്തെ അറസ്റ്റ് ചെയ്തില്ല, അതുകൊണ്ടല്ലേ കൂടുതല്‍ പേരെ കൊല്ലേണ്ടി വന്നത്?’ ജോളിയുടെ ഈ ചോദ്യത്തിന് മറുപടിയില്ലാതെ പകച്ചുനില്‍ക്കുകയാണ് കേരള പൊലീസ്.