ടോം ജോസ് തടിയംപാട്

കഴിഞ്ഞ മാസം 24ാം തിയതി വൈകുന്നേരം ഹൃദയാഘാതം മൂലം മരിച്ച ജോംലാല്‍ പെരുമ്പിള്ളച്ചിറക്ക് ഇന്നു മാഞ്ചസ്റ്റര്‍ സമൂഹം കണ്ണീരില്‍ കുതിര്‍ന്ന വിടവാങ്ങല്‍ നല്‍കി. എന്റെ ബാല്യകാല സുഹൃത്തായിരുന്ന ബോബന്റെ (ജോംലാല്‍) മരണം എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു എന്ന് മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു സംസാരിച്ച ബിജു ആന്റണി കരഞ്ഞുകൊണ്ടു പറഞ്ഞു. ആര്‍ക്ക് എന്ത് സഹായം ചെയ്യാനും ജോംലാല്‍ മുന്‍പില്‍ ഉണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ വിശ്വസി സമൂഹത്തില്‍ വരുന്ന പുരോഹിതരെ എവിടെ കൊണ്ടുപോയി വിടുന്നതിനും ജോംലാല്‍ ഒരിക്കലും മടികാണിച്ചിരുന്നില്ലയെന്നു ബിജു പറഞ്ഞു.

ജോംലാലിന്റെ കുടുബത്തെ പ്രതിനിധീകരിച്ചു സംസാരിച്ച കസിന്‍, എലിസബത്ത് കുടുംബത്തിനു ഒരു നല്ല മനുഷ്യനെയും, ഫാമിലി മാനെയുമാണ് നഷ്ടമായത് എന്ന് പറഞ്ഞു. സ്ഥിരമായി പള്ളിയില്‍ പോകുകയും പള്ളിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ആളായിരുന്നു ജോംലാല്‍ പെരുമ്പിള്ളച്ചിറയെന്നു ഫാദര്‍ തോമസ് തൈക്കൂട്ടം പ്രസംഗത്തില്‍ അനുസ്മരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ജൂലൈ മാസത്തില്‍ ജോംലാലും കുടുബവും ലൂര്‍ദ്ദിനു തീര്‍ത്ഥയാത്ര പോയിരുന്നു. ഇംഗ്ലണ്ടിന്റെ പല പ്രദേശങ്ങളില്‍ ഉള്ളവര്‍ ആ യാത്രയില്‍ ജോംലാലിനോടൊപ്പം ഉണ്ടായിരുന്നു. ആ പോയ സുഹൃത്തുക്കള്‍ എല്ലാം തന്നെ ജോംലാലിനു വിട നല്‍കാന്‍ എത്തിയിരുന്നു. വൈകുന്നേരം 5 മണിക്ക് ജോംലാലിന്റെ മൃതദേഹവും വഹിച്ചുകൊണ്ട് ഫ്യൂണറല്‍ ഡയറക്ടറേറ്റിന്റെ വാഹനം മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ എത്തിയപ്പോള്‍തന്നെ പള്ളിയും പരിസരവും ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. പിന്നീട് നടന്ന കുര്‍ബാനക്കും മറ്റു ചടങ്ങുകള്‍ക്കും ഫാദര്‍ ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം കൊടുത്തു. 6 പുരോഹിതര്‍ സഹ കാര്‍മ്മികന്‍മാരായി ഉണ്ടായിരുന്നു. വിവിധ സംഘടനകള്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ച് ആദരിച്ചു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് വേണ്ടിയും റീത്ത് സമര്‍പ്പിച്ചു.

മൃതദേഹം നാളെ രാവിലെ നാട്ടിലേക്കു കൊണ്ടുപോകും. പിന്നീട് സ്വദേശമായ കോതമംഗലം ചേലാട് പള്ളിയില്‍ സംസ്‌കരിക്കും. ജോംലാലിന്റെ ഭാര്യയും മൂന്നു വയസുള്ള കുട്ടിയുമുണ്ട് ഒരു സഹോദരനും അപ്പനും അമ്മയും അടങ്ങുന്ന കുടുംബമാണ് ജോംലാലിന്റേത്.