സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്റെ ഓഫീസിൽ തിരിച്ചെത്തി. തിരിച്ചുവരവിന്റെ തുടക്കം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ കോളിലൂടെ. തന്റെ മോശം അവസ്ഥയിൽ തന്നെ സഹായിച്ച അമേരിക്കൻ പ്രസിഡണ്ടിന് അദ്ദേഹം നന്ദി പറഞ്ഞു. ഇതോടൊപ്പം തന്നെ യുകെ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ചയുണ്ടായി. രോഗം നേരിടുവാൻ ആവശ്യമായ എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്നും ഇരുവരും ഉറപ്പുനൽകി. രോഗം നേരിടുവാൻ ജി -7 രാജ്യങ്ങളുടെയും കൂട്ടായ സഹകരണം ആവശ്യമാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടതായി ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി വ്യാപാര കരാറിൽ ഏർപ്പെടുവാനും തീരുമാനമായി. ഈയാഴ്ച അവസാനം ബ്രിട്ടീഷ് പ്രധാനമന്ത്രി രാജ്ഞിയുമായി ഫോൺ സംഭാഷണം നടത്തും. ഓഫീസിൽ എത്തിയ ഉടനെ തന്നെ അദ്ദേഹം മന്ത്രിമാരുമായും ഫോൺ സംഭാഷണത്തിലേർപ്പെട്ടു. കൊറോണ വൈറസിനെ നിർമ്മാർജ്ജനം ചെയ്യുവാനുള്ള പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി.

കാനഡയിൽ നടന്ന വെടിവെപ്പിൽ ഉള്ള ദുഃഖം അദ്ദേഹം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അറിയിച്ചു. കൊറോണ ബാധയെത്തുടർന്ന് ബോറിസ് ജോൺസൺ രണ്ടാഴ്ചയോളമായി ഐസിയുവിൽ ആയിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ ഫോറിൻ സെക്രട്ടറി ഡോമിനിക് റാബ് ആയിരുന്നു ചുമതലകൾ കൈകാര്യം ചെയ്തിരുന്നത്.