ഡ്രൈവിങ് ലൈസൻസ് എടുക്കുമ്പോൾ നൽകുന്ന അവയവദാന സന്നദ്ധതയ്ക്കുള്ള സമ്മതപത്രം നൽകുന്ന പതിവ് തുടങ്ങിയിട്ട് ഏറെയായിട്ടില്ല. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഇത്തരത്തിലുള്ള ലൈസൻസ് നൽകി തുടങ്ങിയതിന് ശേഷം ആദ്യത്തെ അവയവദാതാവായി തീർന്നത് ചാത്തന്നൂർ കാരംകോട് പുത്തൻവീട്ടിൽ ജോൺ എൻ കുര്യന്റെ മകനായ ജോമോനാണ്. വെറും നാല് മാസം മുമ്പ് മാത്രം ലൈസൻസ് സ്വന്തമാക്കിയ 19കാരനായ കോളേജ് വിദ്യാർത്ഥി ജോമോന്റെ വിധി പക്ഷെ നന്മയുടെ പുസ്തകത്തിലും ചരിത്രത്തിലും ഇടംപിടിക്കാനായിരുന്നു. മികച്ച ചിത്രകാരനും കർഷകനും യൂട്യൂബ് വ്‌ളോഗറുമാണ് ജോമോൻ.
കഴിഞ്ഞദിവസം രാവിലെ ക്ലാസിലേയ്ക്കു പോകുന്ന വഴിയാണ് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ജോമോനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് കിംസ് ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതോടെ കാര്യങ്ങൾ സങ്കീർണമായി. അധികം വൈകാതെ മസ്തിഷ്‌കമരണം കൂടി സ്ഥിരീകരിച്ചതോടെ ജോമോന്റെ മാതാപിതാക്കൾ മകന്റെ ആഗ്രഹപ്രകാരം അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.
ലൈസൻസിനായി അപേക്ഷിച്ചപ്പോൾ അവയവദാനത്തിനുള്ള സമ്മതപത്രത്തിൽ കൂടി ഒപ്പിട്ടുനൽകിയ ജോമോനെ റോഡപകടത്തിന്റെ രൂപത്തിലാണ് മരണം കവർന്നത്. ലൈസൻസിൽ ഓർഗൻ ഡോണർ എന്നുരേഖപ്പെടുത്തിയിരുന്നു. ഈ കൗമാരക്കാരന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബവും സന്നദ്ധത അറിയിച്ചതോടെയാണ് അഞ്ച് പേർക്ക് പുതുജീവൻ ലഭിച്ചത്.
ഹൃദയവും,കരളും വൃക്കകളുമുൾപ്പെടെ ദാനം ചെയ്യുന്നതിന് അവർ തീരുമാനമെടുത്തു. ജോമോന്റെ ഹൃദയവും ശ്വാസകോശവും ചെന്നൈ റെലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ആശുപത്രിയിലുള്ള രോഗിക്കും, കരൾ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലും, വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.
കല്ലമ്പലം നഗരൂർ രാജധാനി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന ജോമോൻ ജോൺ എൻ കുര്യന്റെയും സൂസൻ കുര്യന്റെയും ഏകമകനാണ്. ആരോഗ്യമന്ത്രി വീണാ ജോർജ്, കിംസ് ആശുപത്രി അധികൃതർ, സംസ്ഥാന സർക്കാരിന്റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയുടെ പ്രതിനിധികൾ എന്നിവരും ജോമോന്റെ കുടുംബാംഗങ്ങളോട് തങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിച്ചു.
Leave a Reply