വനിതകളുടെ ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ഇറാൻ ജയിച്ചത് പുരുഷ താരത്തെ ഇറക്കിയാണെന്ന ഗുരുതര ആരോപണവുമായി ജോർദാൻ. യോഗ്യതാ മത്സരത്തിൽ ഇറാൻ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ജോർദാനെ തോൽപ്പിച്ചിരുന്നു. മത്സരത്തിൽ രണ്ടു പെനൽറ്റികൾ ഉൾപ്പെടെ ഒട്ടേറെ സേവുകൾ നടത്തിയ ഇറാന്റെ ഗോൾകീപ്പർ പുരുഷനാണെന്നാണ് ജോർദാന്റെ ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജോർദാൻ ഫുട്ബോൾ അധികൃതർ രംഗത്തെത്തി.
ഇറാൻ ഗോൾകീപ്പർ സുഹ്റ കൗദേയിക്കെതിരെയാണ് ജോർദാന്റെ ആരോപണം. ജോർദാനെ വീഴ്ത്തി ഇറാൻ ഏഷ്യാ കപ്പിനു യോഗ്യത നേടിയ മത്സരത്തിൽ രണ്ടു പെനൽറ്റികളാണ് സുഹ്റ രക്ഷപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ജോർദാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് അലി ബിൻ ഹുസൈൻ രാജകുമാരൻ സുഹ്റ കൗദേയിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചത്. പുരുഷ താരമായ സുഹ്റ വനിതാ താരമായി അഭിനയിക്കുകയാണെന്നാണ് രാജകുമാരന്റെ ആരോപണം.
മുൻപ് ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ആരോപണം ഉയർത്തിയ അലി ബിൻ ഹുസൈൻ രാജകുമാരൻ. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന് ജോർദാൻ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി സമാർ നാസർ അയച്ച കത്ത് ട്വീറ്റ് ചെയ്താണ് അദ്ദേഹം ആരോപണം പരസ്യമായി ഉന്നയിച്ചത്. ‘സത്യമാണെങ്കിൽ അതീവ ഗുരുതരമായ വിഷയ’മാണ് ഇതെന്ന് ട്വിറ്ററിലൂടെ രാജകുമാരൻ ചൂണ്ടിക്കാട്ടി.
ജോർദാൻ ഫുട്ബോൾ അസോസിയേഷൻ സമർപ്പിച്ചിരിക്കുന്ന തെളിവുകളും ടൂർണമെന്റിന്റെ ഗൗരവവും പരിഗണിച്ച് താരത്തിന്റെ ലിംഗ പരിശോധന നടത്തണമെന്നാണ് കത്തിലെ ആവശ്യം. ഇതിനായി സ്വതന്ത്രരായ ആരോഗ്യ വിദഗ്ധരുടെ പ്രത്യേക പാനൽ രൂപീകരിക്കണമെന്ന ആവശ്യവും കത്തിലുണ്ട്. ഇറാന്റെ വനിതാ ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട് സമാനമായ പ്രശ്നങ്ങൾ മുൻപും ഉയർന്നിട്ടുണ്ടെന്നും ജോർദാൻ ചൂണ്ടിക്കാട്ടുന്നു.
Leave a Reply