ബിനോയി ജോസഫ്
ചോദിച്ചത് ജനപ്രതിനിധി.. ചോദ്യം ജനങ്ങളോട്.. നിങ്ങളുടെ നാടിന്റെ വികസനത്തിനായി.. വരും തലമുറയ്ക്ക് പ്രയോജനകരമാകുന്ന.. നിങ്ങൾ ആവിഷ്കരിക്കാൻ താത്പര്യപ്പെടുന്ന നൂതന ആശയങ്ങൾ എന്ത്?. അത് നാടിന് എങ്ങനെ പ്രയോജനപ്പെടും? ആ ചോദ്യം ഏറ്റെടുത്തത് ആയിരങ്ങൾ.. സ്വന്തം നാടിന്റെ വികസനത്തിൽ പങ്കാളികളാകാൻ ലഭിച്ച അവസരത്തിൽ ഉത്സാഹത്തോടെ പങ്കെടുക്കുവാൻ മുന്നോട്ട് വന്നതിലേറെയും യുവാക്കളും കുട്ടികളും… ഉത്തരങ്ങൾ നിരവധി… ലഭിച്ചത് 500 ഓളം എൻട്രികൾ… വിദഗ്ദരടങ്ങിയ സമിതി ഷോർട്ട് ലിസ്റ്റ് ചെയ്തത് 99 എണ്ണം. അവസാന റൗണ്ടിൽ എത്തിയ പത്ത് പ്രോജക്ടുകളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്… ഒരു ജനപ്രതിനിധി നാടിന്റെ വികസനത്തിനായി എങ്ങനെ പ്രവർത്തിക്കണമെന്ന് രാജ്യത്തിനു തന്നെ മാതൃകയാകുകയായിരുന്നു ജോസ് കെ മാണി എം.പി. ജനങ്ങളോടൊപ്പം കൈകോർത്ത് ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും സംവിധാനങ്ങളും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കായി ലഭ്യമാക്കാൻ എന്നും പരിശ്രമിച്ചിട്ടുള്ള യുവ എം.പി വൺ എം പി വൺ ഐഡിയ എന്ന പുതിയ ആശയത്തിലൂടെ കോട്ടയത്തുകാർക്ക് വീണ്ടും ആവേശമായി.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പാർലമെന്റംഗം അഭിനന്ദനീയമായ ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നതെന്ന് വൺ എം.പി വൺ ഐഡിയ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ബോളിവുഡ് താരവും മുൻ കേന്ദ്രമന്ത്രിയും ലോകസഭാംഗവും ബിജെപിയുടെ മുതിർന്ന നേതാവുമായ ശത്രുഘ്നൻ സിൻഹ പറഞ്ഞു. കേരളത്തിന്റെ ആതിഥ്യമര്യാദയേയും വിവിധ മേഖലകളിലെ സമഗ്രമായ വളർച്ചയേയും മുക്തകണ്ഠം പ്രശംസിച്ച സിൻഹ, കേരളം എന്നും തന്നെ ആകർഷിക്കുന്ന സംസ്ഥാനമാണ് എന്നു പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായി ഒരു സംസ്ഥാനത്ത് 13 തവണ ബജറ്റ് അവതരിപ്പിച്ച ആദരണീയനായ കെ എം മാണിയുടെ നേട്ടങ്ങളെ അനുസ്മരിച്ച അദ്ദേഹം, ജോസ് കെ മാണി തന്റെ പിതാവിന്റെ ഉത്തമനായ പിന്തുടർച്ചക്കാരനാണെന്ന് പറഞ്ഞു.
വൺ എം.പി വൺ ഐഡിയ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം ലഭിച്ച പാമ്പാടി ആര്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും മൂന്നാം സ്ഥാനം ലഭിച്ച സെന്റ് ഗിറ്റ്‌സ് കോളേജിലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും മെമെന്റോയും ചടങ്ങിൽ വച്ച് ശത്രുഘ്നൻ സിന്‍ഹ സമ്മാനിച്ചു. സെൻറ് ജോസഫ് എഞ്ചിനീയറിംഗ് കോളജ് ചൂണ്ടച്ചേരി പാലാ, സെൻറ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് പാത്താമുട്ടം, കോളജ് ഓഫ് എഞ്ചിനീയറിംഗ് കിടങ്ങൂർ, സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ എന്നീ ടീമുകൾ നാലു മുതൽ എട്ടുവരെ സ്ഥാനങ്ങൾക്ക് അർഹരായി. കൊതുകുനിര്‍മ്മാര്‍ജനം സംബന്ധിച്ച് കണ്ടുപിടുത്തം അവതരിപ്പിച്ച മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ സ്വാതി മോഹന് ജോസ് കെ മാണി ഏർപ്പെടുത്തിയ പുരസ്കാരവും നല്കി.
വൈദ്യുതി മോഷണത്തിന്റെ തോത് അളക്കാൻ ഉപയോഗിക്കുന്ന സ്മാർട്ട് അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ എന്ന പ്രോജക്ടാണ് സെൻറ് ഗിറ്റ്സ് ടീമിന് ഒന്നാം സമ്മാനം നേടിക്കൊടുത്തത്. രണ്ടാം സ്ഥാനത്തെത്തിയ പാമ്പാടി ആർ ഐ ടി സ്മാർട്ട് ഫ്ളഷ് സാനിട്ടേഷൻ സിസ്റ്റവും മൂന്നാമതെത്തിയ സെന്റ് ഗിറ്റ്സ് ടീം ചെലവു കുറഞ്ഞ 3D പ്രിൻറിംഗ് വിദ്യയുമാണ് മുന്നോട്ട് വച്ചത്. മാന്നാനം കെ.ഇ സ്കൂളിൽ നടന്ന യോഗത്തിൽ ജോസ് കെ.മാണി എം.പി അധ്യക്ഷത വഹിച്ചു. ഐഡി ഫുഡ്സ് സിഇഒ മുസ്തഫ പി.സി മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജില്ലാ കളക്‌ടര്‍ ഡോ.ബി.എസ് തിരുമേനി ഐ.എ.എസ്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ.സാബു തോമസ്, കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഡയറക്‌ടര്‍ ഡോ.സജി ഗോപിനാഥ്, കെ. ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജെയിംസ് മുല്ലശേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി.മാത്യു, സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.പ്രമോദ് നാരായണ്‍ തുടങ്ങിയര്‍ സംസാരിച്ചു. രാഷ്ട്രീയ സംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
വൺ എം.പി വൺ ഐഡിയ മത്സരത്തിന് ചുക്കാന്‍ പിടിച്ച, 2009 മുതൽ ഒൻപതുവർഷം കോട്ടയം പാർലമെൻറ് നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ലോക്സഭയിൽ പ്രവർത്തിച്ച ചെന്നൈ ലയോള കോളജ് പൂർവ്വ വിദ്യാർത്ഥിയായ ജോസ് കെ മാണി, ഇപ്പോൾ രാജ്യസഭാ എം.പിയാണ്. ലോക്സഭാ സമ്മേളനത്തിൽ തന്റെ മണ്ഡലത്തിന്റെ വികസനത്തിനായി നിരന്തരം ശബ്ദമുയർത്തിയ ജോസ് കെ മാണി കർഷകർക്കു വേണ്ടിയും നഴ്സുമാർക്ക് വേണ്ടിയും മറ്റ് പ്രധാനപ്പെട്ട രാജ്യതാത്പര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ രാജ്യത്തിനു മുൻപാകെ വച്ചു. വേണ്ട രീതിയിൽ ഹോം വർക്ക് ചെയ്ത്, കാര്യങ്ങളും വസ്തുതകളും വിശകലനം ചെയ്ത് വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് മുൻപിൽ അവതരിപ്പിച്ച് വിവിധ പദ്ധതികൾ കേരളത്തിലേയ്ക്ക് എത്തിക്കുന്നതിൽ ജോസ് കെ മാണി കാണിച്ച ഉത്സാഹം എടുത്തു പറയേണ്ടിയിരിക്കുന്നു. 2014 ജൂൺ മുതൽ 2018 മാർച്ചുവരെയുള്ള കാലഘട്ടത്തിൽ 109 പാർലമെൻറ് ചർച്ചകളിലാണ് ജോസ് കെ മാണി പങ്കെടുത്തത്. കർഷക പ്രശ്നങ്ങൾ, പെട്രോൾ വില വർദ്ധന, എസ്ബിറ്റി സ്റ്റുഡൻറ് ലോൺ, ഓഖി ദുരന്തം, റെയിൽവേ, എൽപിജി സബ്സിഡി, നെയ്ത്തുകാരുടെ ഉന്നമനം, വെള്ളൂർ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവൽക്കരണം, ശബരിമല തീർത്ഥാടന സൗകര്യങ്ങൾ, റബറിന്റെ വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. ഇക്കാലയളവിൽ 373 ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിക്കാനും ജോസ് കെ മാണിക്ക് കഴിഞ്ഞു. പാർട്ടി ഭേദമന്യെ ഭരണ പ്രതിപക്ഷ എം.പിമാർ ജോസ് കെ മാണി ഉയർത്തിയ വിവിധ പ്രശ്നങ്ങളിൽ പിന്തുണയുമായി എത്തുന്ന നിമിഷങ്ങൾക്ക് ലോകസഭാ നിരവധി തവണ സാക്ഷിയായി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സയന്‍സ് സിറ്റി സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, റീജിയണല്‍ വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയവ ജോസ് കെ മാണിയുടെ ശ്രമഫലമായി കോട്ടയത്തിനു ലഭിച്ചു. ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗിച്ച് വിവിധ ആശുപത്രികളെ നവീകരിക്കുകയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്‌തു. കാര്‍ഷിക മേഖലയായ കോട്ടയത്ത് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവയ്‌ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ ജോസ് കെ മാണി ജാഗരൂകനായിരുന്നു. നാളികേരത്തിന്റെ വിലത്തകര്‍ച്ച തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം, പാമോയില്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി വെട്ടിച്ചുരുക്കണം എന്നിവയടക്കമുള്ള നിരവധി ആവശ്യങ്ങള്‍ അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിച്ചു. റബ്ബര്‍ കാപ്പി, തേയില, ഏലം,നാളികേരം എന്നീ തോട്ട വിളകളെ കാര്‍ഷിക വിളകളായി കാണാന്‍ കഴിയില്ലെന്ന കേന്ദ്ര സെന്‍സസ് ബോര്‍ഡിന്റെ നിര്‍ദേശത്തെ ശക്തിയുക്തം എതിര്‍ത്തവരില്‍ ജോസ് കെ മാണിയും ഉണ്ടായിരുന്നു. എം.പി ഫണ്ട് ഫലപ്രദമായി ചിലവഴിക്കുന്നതിൽ അതീവ ശ്രദ്ധാലുവായ ജോസ് കെ മാണി എം.പിയുടെ ചുറുചുറുക്കോടെയും ചിട്ടയോടെയുമുള്ള പ്രവർത്തന ശൈലി ഏതൊരു പൊതു പ്രവർത്തകനും മാതൃകയാണ്.
Leave a Reply