ബിനോയി ജോസഫ്

കോട്ടയത്തിന്റെ ജനകീയ നായകൻ ജോസ് കെ മാണി എം.പി മണ്ഡലത്തിൽ നടത്തിയ പുരോഗമന പ്രവർത്തനങ്ങളുടെ വികസനരേഖ പ്രകാശനം ചെയ്തു. കഴിഞ്ഞ നാല് വർഷമായി കോട്ടയം ലോകസഭാ മണ്ഡലത്തിൽ നടത്തിയ വിവിധ മേഖലയിലെ പദ്ധതികളുടെ വിശദവിവരങ്ങൾ “കോട്ടയം പാർലമെൻറ് മണ്ഡലം –  പുരോഗതിയുടെ നാഴികക്കല്ലുകൾ” എന്ന പേരിലാണ് ജനങ്ങൾക്ക് സമർപ്പിച്ചത്. ജനങ്ങളോടൊപ്പം കൈകോർത്ത് ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും സംവിധാനങ്ങളും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കായി ലഭ്യമാക്കാൻ എന്നും പരിശ്രമിച്ചിട്ടുള്ള യുവ എം.പി വൺ എം പി വൺ ഐഡിയ എന്ന പുതിയ ആശയത്തിലൂടെ കോട്ടയത്തുകാർക്ക് ആവേശമായിരുന്നു. ഒരു ജനപ്രതിനിധി നാടിന്റെ വികസനത്തിനായി എങ്ങനെ പ്രവർത്തിക്കണമെന്ന് രാജ്യത്തിനു തന്നെ മാതൃകയാകുകയായിരുന്നു ജോസ് കെ മാണി എം.പി.  കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ നൂറുകണക്കിന് ജനങ്ങളാണ് കോട്ടയത്തിന്റെ ന്യൂ ജനറേഷൻ എം.പിയായ ജോസ് കെ മാണിയുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനവുമായി എത്തിയത്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ആന്ധ്രയുടെ ചുമതലയുള്ള കോൺഗ്രസ് എ ഐ സിസി സെക്രട്ടറി ഉമ്മൻ ചാണ്ടി വികസന രേഖ പ്രകാശനം ചെയ്തു.

റബർ വിലയിടിവ് അടക്കമുള്ള ജനകീയ വിഷയങ്ങളിൽ ജോസ് കെ മാണി പാർലമെന്റിൽ നടത്തിയ ഇടപെടലുകളെ ഉമ്മൻ ചാണ്ടി മുക്തകണ്ഠം പ്രശംസിച്ചു. ജോസ് കെ മാണി രാജ്യത്തിന് തന്നെ മാതൃകയായ ജനപ്രതിനിധിയാണെന്ന് അദ്ദേഹം പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം മാണി എം.എൽ.എ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധിയ്ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും ജനങ്ങൾക്കായ് ചെയ്ത പ്രവർത്തനങ്ങൾ ജനങ്ങളുടെ അറിവിലേയ്ക്ക് എത്തിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന കടമയാണ് ജോസ് കെ മാണി നിർവ്വഹിക്കുന്നതെന്നും കെ.എം മാണി പറഞ്ഞു. മുൻ മന്ത്രി എം.എൻ ഗോവിന്ദൻ നായർ ഉമ്മൻ ചാണ്ടിയിൽ നിന്ന് വികസനരേഖ ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവ്വഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, എൻ ജയരാജ്, ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കോട്ടയം ജില്ലയിലെ മുൻസിപ്പൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, മെംബർമാർ അടക്കം നൂറുകണക്കിനാളുകൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

2009 മുതൽ ഒൻപതുവർഷം കോട്ടയം പാർലമെൻറ് നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ലോക്സഭയിൽ പ്രവർത്തിച്ച ചെന്നൈ ലയോള കോളജ് പൂർവ്വ വിദ്യാർത്ഥിയായ  ജോസ് കെ മാണി ഇപ്പോൾ രാജ്യസഭാ എം.പിയാണ്. ലോക്സഭാ സമ്മേളനത്തിൽ തന്റെ മണ്ഡലത്തിന്റെ വികസനത്തിനായി നിരന്തരം ശബ്ദമുയർത്തിയ ജോസ് കെ മാണി കർഷകർക്കു വേണ്ടിയും നഴ്സുമാർക്ക് വേണ്ടിയും മറ്റ് പ്രധാനപ്പെട്ട രാജ്യതാത്പര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ രാജ്യത്തിനു മുൻപാകെ വച്ചു. വേണ്ട രീതിയിൽ ഹോം വർക്ക് ചെയ്ത്, കാര്യങ്ങളും വസ്തുതകളും വിശകലനം ചെയ്ത് വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് മുൻപിൽ അവതരിപ്പിച്ച് വിവിധ പദ്ധതികൾ കേരളത്തിലേയ്ക്ക് എത്തിക്കുന്നതിൽ ജോസ് കെ മാണി കാണിച്ച ഉത്സാഹം എടുത്തു പറയേണ്ടിയിരിക്കുന്നു. 2014 ജൂൺ മുതൽ 2018 മാർച്ചുവരെയുള്ള കാലഘട്ടത്തിൽ 109 പാർലമെൻറ് ചർച്ചകളിലാണ് ജോസ് കെ മാണി പങ്കെടുത്തത്. കർഷക പ്രശ്നങ്ങൾ, പെട്രോൾ വില വർദ്ധന, എസ്ബിറ്റി സ്റ്റുഡൻറ് ലോൺ, ഓഖി ദുരന്തം, റെയിൽവേ, എൽപിജി സബ്സിഡി, നെയ്ത്തുകാരുടെ ഉന്നമനം, വെള്ളൂർ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവൽക്കരണം, ശബരിമല തീർത്ഥാടന സൗകര്യങ്ങൾ, റബറിന്റെ വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. ഇക്കാലയളവിൽ 373 ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിക്കാനും ജോസ് കെ മാണിക്ക് കഴിഞ്ഞു. പാർട്ടി ഭേദമന്യെ ഭരണ പ്രതിപക്ഷ എം.പിമാർ ജോസ് കെ മാണി ഉയർത്തിയ വിവിധ പ്രശ്നങ്ങളിൽ പിന്തുണയുമായി എത്തുന്ന നിമിഷങ്ങൾക്ക് ലോകസഭാ നിരവധി തവണ സാക്ഷിയായി. എം.പി ഫണ്ട് ഫലപ്രദമായി ചിലവഴിക്കുന്നതിൽ അതീവ ശ്രദ്ധാലുവായ ജോസ് കെ മാണി എം.പിയുടെ ചുറുചുറുക്കോടെയും ചിട്ടയോടെയുമുള്ള പ്രവർത്തന ശൈലി ഏതൊരു പൊതു പ്രവർത്തകനും മാതൃകയാണ്.