രാധാകൃഷ്ണൻ മാഞ്ഞൂർ

പത്രപ്രവർത്തകൻ, റേഡിയോ നാടക രചയിതാവ്, കഥാകൃത്ത് തുടങ്ങി സാഹിത്യത്തിന്റെ നാനാ വഴികളിലൂടെയും സഞ്ചരിച്ചു അകാലത്തിലണഞ്ഞുപോയ ജോസ് പുല്ലുവേലിയുടെ ഓർമ്മകൾക്കിന്ന് മൂന്ന് വർഷം.

ലാളിത്യത്തിന്റെ എഴുത്തു വഴികളായിരുന്നു അദ്ദേഹത്തിൻറെ രചനകളുടെ മുഖമുദ്ര. വിവരിക്കാനാവാത്ത അനുഭൂതിയോടെ ഈ പുസ്തകങ്ങൾ നമുക്കുള്ളിൽ ഒരു പുഴയായി ഒഴുകി പരക്കും, സ്വയം നവീകരിക്കപ്പെടും. ജോസ് പുല്ലുവേലിയുടെ എഴുത്തു രീതികളിൽ നിയതമായൊരു പുഴയുടെ സാന്നിധ്യമുണ്ട്… അതെ ആസ്വാദനത്തിന്റെ മഹാ പ്രവാഹങ്ങൾ സമ്മാനിക്കുന്ന പുഴ.

പുതുകാലത്തെ എഴുത്തിന്റെ വാർപ്പ് മാതൃകകളെ നിരാകരിച്ചുകൊണ്ട് തന്റേതായ ശൈലിയിൽ എഴുത്തു രംഗത്ത് തുടർന്ന് ഒരിക്കലും ദുർഗ്രാഹിതയുടെ ഭാഷ അദ്ദേഹം സ്വീകരിച്ചില്ല. തീർത്തും അലങ്കാര രഹിതമായ എഴുത്തിൻറെ തലത്തിൽ നിന്നുകൊണ്ട് വായനയുടെ സാന്ദ്രമായ അനുഭവങ്ങളിലേയ്ക്ക് നമ്മെ കൂട്ടി കൊണ്ടുപോയി.. 1975 മുതൽ എഴുതി തുടങ്ങി കലാകൗമുദി, ദീപിക, മനോരാജ്യം എം .പി നാരായണപിള്ളയുടെ ‘ട്രയൽ’ മാസികയിൽ വരെ സ്ഥിരം എഴുത്തുകാരനായി ‘അമേരിക്കൻ മലയാളം പത്രത്തിൽ ‘ഒരു വർഷം പിന്നിട്ട ‘ഗ്രാമസ്മൃതികൾ’ എന്ന സ്ഥിരം പംക്തി പ്രവാസി മലയാളി സമൂഹം ഇരുകൈകളും നീട്ടി സ്വീകരിച്ചു. പിന്നീട് നാട്ടുപച്ച എന്ന പേരിൽ കോഴിക്കോട് ‘ഇൻസൈറ്റ് പബ്ലിക്ക് ‘ ഇത് പുസ്തമാക്കി പ്രസാധനം ചെയ്തു. ഈ പുസ്തകം അഞ്ചു പതിപ്പുകൾ പിന്നിട്ടതായി അറിയുന്നു.

കവി    പി.  മധുവിന്റെ പൊൻകുന്നം ജനകീയ വായനശാല പ്രസിദ്ധീകരിച്ച ‘വഴിയറിയാതൊഴുകുന്ന പുഴയാണ്’  അവസാന പുസ്തകം . പതിനഞ്ചോളം പുസ്തകങ്ങൾ കൊണ്ട് അദ്ദേഹത്തിൻറെ ഓർമ്മകളെ നമുക്ക് തിരിച്ചു പിടിക്കാനാവുന്നു. ദീപ്തമായ ആ ഓർമ്മകൾക്ക് മുന്നിൽ അശ്രുപ്രണാമം.

ഈ വർഷം മുതൽ ജോസ് പുല്ലുവേലിയുടെ സ്മരണാർത്ഥ മികച്ച സാഹിത്യകൃതിക്കു പൊൻകുന്നം ജനകീയ വായനശാല ഗുരുജനവേദി പുരസ്കാരം നൽകാൻ തീരുമാനിച്ചിരിക്കുന്നു.

പെരിന്തൽമണ്ണയിൽ ഡോക്ടർ ഇർഷാദ് അലി സ്കിൻ കെയർ സെൻററിൽ പിആർഒ ആയി ജോലി ചെയ്യുന്ന കോട്ടയം ജില്ലയിലെ മണിമല സ്വദേശിയായ പ്രവീണയുടെ ‘റാസ്പുടിൻ ‘എന്ന നോവലിനാണ് പ്രഥമ അവാർഡ് നൽകുന്നത്. എറണാകുളം ‘വായനപ്പുര’ ബുക്സാണ് പ്രസാധകർ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘റാസ്പുടിൻ ‘ അവതരിപ്പിക്കുന്ന കാല സ്ഥിതികളും, ആഖ്യാന രീതികളും പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യൻ ഗ്രാമങ്ങളിലേതാണ്. അയാൾ ഒരേസമയം വിശുദ്ധ പുരുഷനായും ഭ്രാന്തനായും തെറ്റിദ്ധരിക്കപ്പെടുന്നു. അരാജകത്വവും, അസന്തുഷ്ടയും മാത്രം അനുഭവിക്കേണ്ടിവന്ന റഷ്യൻ ജീവിതങ്ങളുടെ ആരാധനാ മൂർത്തി, റഷ്യൻ രാജ്ഞിയുടെ കാമുകൻ, ബോണി എം പാടിയതുപോലെ റഷ്യയുടെ ഏറ്റവും വലിയ പ്രണയ യന്ത്രം – റാസ്പുടിൻ. ഭ്രാന്തൻ സന്യാസിയോ, ധാർമ്മിക ഉപദേഷ്ടാവോ വെറുമൊരു താന്തോന്നിയോ ഇതൊന്നുമല്ലെങ്കിൽ പ്രണയ മാന്ത്രികനോ….? ഇത്യാദി സംശയങ്ങൾക്ക് വ്യക്തമായുള്ളൊരു നിവാരണം ലഭിച്ചിട്ടില്ല. ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ റാസ്പുടിൻ എന്ന പേര് ചർച്ചകളിൽ നിറയുന്നു. ഒരു കർഷക കുടുംബത്തിൽ ജനിച്ചു വളർന്നു ലോകത്തിലെ സകല അസാന്മാർഗങ്ങളിലൂടെയും സഞ്ചരിച്ചു. ഒടുവിൽ സാർ ചക്രവർത്തിനിയുടെ പ്രിയങ്കരനും കാമുകനുമായി മാറി. മദ്യപാന രാത്രികളിൽ ഭ്രാന്തൻ , ആകാശത്തു നിന്ന് വെളിപാടു ലഭിക്കുമ്പോൾ പ്രവാചകൻ ജാമിനിസവും, ബ്ലാക്ക് മാജിക് എന്നിവ കൊണ്ട് രോഗശാന്തി ശുശ്രൂഷകൻ! ഇതിനെയൊക്കെയപ്പുറം സമൂഹത്തിലെ താഴെക്കിടയിലുള്ളവരോട് വരണ്യേ വർഗ്ഗത്തിൻറെ തീഷ്ണമായ വെറുപ്പിന്റെ ഇരയായ പച്ച മനുഷ്യൻ… ആന്തരിക സംഘർഷങ്ങൾ അനുഭവിക്കുന്ന മനുഷ്യർക്ക് സ്വത ബോധങ്ങൾ ഒരു നൈതിക സമസ്യ ആണെന്ന് പ്രവീണ നമ്മെ ഓർമ്മിപ്പിക്കുന്നു.

റിട്ടയേർഡ് അധ്യാപകനും കഥാകൃത്തുമായ സെബാസ്റ്റ്യൻ കിളിരൂപറമ്പിൽ, സാഹിത്യ സാംസ്കാരിക പ്രവർത്തകൻ കനുൽ തുമരംപാറ, ഈ ലേഖകൻ എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാരർഹമായ ഈ പുസ്തകം തിരഞ്ഞെടുത്തത്.