കോട്ടയം: തിരഞ്ഞെടുപ്പുഫലം വരാന്‍ മൂന്നുദിവസംമാത്രം ബാക്കിനില്‍ക്കെ കേരള കോണ്‍ഗ്രസുകളില്‍ കൂട്ടലും കിഴിക്കലും. തുടര്‍ഭരണവും ഭരണം പിടിക്കലുമാണ് മുന്നണികളുടെ ചര്‍ച്ചാവിഷയമെങ്കില്‍ ഇരു കേരള കോണ്‍ഗ്രസിലും നിലനില്‍പ്പാണ് ആഭ്യന്തരചര്‍ച്ചകളുടെ അജന്‍ഡ. ഫലം മോശമായാല്‍ ഇരുപാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുള്ളില്‍ വിലയിടിയും.

ജോസ് കെ.മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മിന് സ്വന്തം ജയത്തിനൊപ്പം ഇടതുമുന്നണിയുടെ വിജയവും പ്രധാനമാണ്. പാര്‍ട്ടി ഇടതുപാളയത്തില്‍ വന്നതുകൊണ്ട് മുന്നണിക്ക് നേട്ടമുണ്ടായെന്ന് തെളിയിക്കണം. ഇതിന് കോട്ടയത്ത് അഞ്ചില്‍ നാലെങ്കിലും നേടണം. ഇടുക്കിയില്‍ ഒന്നെങ്കിലും നിലനിര്‍ത്തണം. കോട്ടയത്ത് സി.പി.എം. മൂന്നിടത്തേക്ക് ഒതുങ്ങി കേരള കോണ്‍ഗ്രസ് എമ്മിന് അഞ്ചിടത്ത് സീറ്റ് നല്‍കി. ഇത് സംസ്ഥാനത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ല. മുഖ്യകക്ഷിയായ സി.പി.എം. സീറ്റില്‍ സ്വയം പിന്നില്‍ നില്‍ക്കുന്നു എന്നത് കേരള കോണ്‍ഗ്രസിന് ലഭിച്ച അംഗീകാരമാണ്. 13 സീറ്റ് കിട്ടിയെങ്കിലും കുറ്റ്യാടി വേണ്ടെന്നുവെച്ച് അവര്‍ 12 ഇടത്ത് മത്സരിച്ചു. പത്തിടത്തുവരെ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കോട്ടയത്ത് രണ്ടില്‍നിന്ന് ഒന്നിലേക്ക് ചുരുങ്ങിയ സി.പി.ഐ. നല്ല രീതിയില്‍ സഹകരിച്ചെന്ന് കേരള കോണ്‍ഗ്രസും സി.പി.ഐ.യും അവലോകനങ്ങളില്‍ വിലയിരുത്തിയിരുന്നു. കേരള കോണ്‍ഗ്രസിനും മുന്നണിക്കും തോല്‍വിയുണ്ടായാല്‍ സംസ്ഥാനതലത്തില്‍ തന്നെ സി.പി.ഐ. വിമര്‍ശനവുമായി രംഗത്തുവരാനും സാധ്യതയുണ്ട്. കേരള കോണ്‍ഗ്രസിനെ അമിതമായി പിന്തുണച്ചെന്ന പഴി സി.പി.എമ്മിന്, പ്രത്യേകിച്ച് കോട്ടയം ജില്ലാകമ്മിറ്റി കേള്‍ക്കേണ്ടിവരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പി.സി.തോമസുമായി ലയിച്ച ജോസഫ് വിഭാഗത്തിന് പത്തില്‍ ഒന്‍പതുസീറ്റില്‍ വരെ വിജയപ്രതീക്ഷയുണ്ട്. ജോസ് കെ.മാണിയെ ഒഴിവാക്കി മുന്നണി ജോസഫിനൊപ്പംനിന്നത് ശരിയായിരുന്നെന്ന് തെളിയിക്കാന്‍ വിജയം അനിവാര്യമാണ്. കോട്ടയത്ത് പഴയ ശക്തിയില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിട്ടും മൂന്ന് സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് നല്‍കിയത്. ഏറ്റുമാനൂരിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് പാര്‍ട്ടി വിടുകയും ചെയ്തു.

പുനഃസംഘടനയോടെ ഫ്രാന്‍സിസ് ജോര്‍ജ് ഉയര്‍ത്തിയ പ്രതിഷേധം, തോല്‍വി ഉണ്ടായാല്‍ ശക്തമാകും. പാര്‍ട്ടിക്കുള്ളില്‍ മോന്‍സ് ജോസഫ് വലിയ സ്ഥാനങ്ങള്‍ നേടിയെന്നാണ് ഫ്രാന്‍സിസ് പക്ഷത്തിന്റെ ആരോപണം. ഇടുക്കിയില്‍ ഫ്രാന്‍സിസ് വിജയിച്ചില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ വന്നേക്കാം. പഴയ ജോസഫ് ഗ്രൂപ്പും ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും മാണി വിഭാഗവുമൊക്കെയായി പല ചേരികള്‍ ശക്തിപ്പെട്ടേക്കാം.