ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഡെറി : തങ്ങളുടെ കൺമുന്നിൽ കളിച്ചു വളർന്ന രണ്ട് കുട്ടികൾ പൊടുന്നനെ ഇല്ലാതായതിന്റെ ഞെട്ടലിലും വേദനയിലുമാണ് ഡെറിയിലെ മലയാളികൾ. വടക്കൻ അയർലെൻഡിലെ ലണ്ടൻഡെറി കൗണ്ടിയിൽ ഇനാഗ് ലോഗ് തടാകത്തിലാണ് മലയാളി വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിൽ കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കൽ സെബാസ്റ്റ്യൻ ജോസ് (അജു) – വിജി ദമ്പതികളുടെ മകൻ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യൻ (16), കണ്ണൂർ പയ്യാവൂർ പൊന്നുംപറമ്പത്ത് മുപ്രപ്പള്ളിൽ ജോഷി സൈമണിന്റെ മകൻ റുവാൻ ജോ സൈമൺ (16) എന്നിവരാണ് മരിച്ചത്. ഇരുവരും ഡെറി സെന്റ് കൊളംബസ് ബോയ്‌സ് കോളേജിലെ വിദ്യാർത്ഥികളാണ്. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു അപകടം. സ്‌കൂൾ അവധി ആയതിനാൽ എട്ട് പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയതായിരുന്നു. പോകും വഴി തടാകത്തിലെ വെള്ളത്തിലേക്കിറങ്ങിയ റുവാൻ മുങ്ങിയതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ ജോസഫും അപകടത്തിൽപെടുകയായിരുന്നു.
എമർജൻസി സർവീസുകളും ഫോയിൽ സെർച്ചും റെസ്‌ക്യുവും പൊലീസ് ഡൈവേഴ്‌സും നടത്തിയ തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വെള്ളത്തിലെ ചെളിയിൽ കാലുകൾ പൂണ്ടുപോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. മരിച്ച ജോസഫിന്റെ മാതാപിതാക്കൾ 2005 മുതൽ അയർലൻഡിലാണ് താമസിക്കുന്നത്. 2020ൽ ആണ് അവസാനമായി കുടുംബസമേതം നാട്ടിലെത്തിയത്. അടുത്തവർഷം നാട്ടിൽ വരാനിരിക്കുകയായിരുന്നു ഇവർ. പിതാവ് സെബാസ്റ്റ്യൻ ബിസിനസ് സ്ഥാപനം നടത്തുകയും മാതാവ് വിജി നേഴ്‌സുമാണ്. സഹോദരങ്ങളായ ജൊഹാന, ക്രിസ് എന്നിവർ അയർലൻഡിൽ സ്‌കൂളിൽ വിദ്യാർത്ഥികളാണ്.
റുവാന്റെ മാതാവ് സാലി.സഹോദരൻ – എവിൻ. കഴിഞ്ഞ മാസം ജൂലൈയിൽ നാട്ടിൽ എത്തിയിരുന്നു. ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. ഒന്നാം ക്ലാസ്സ് മുതൽ ഒരുമിച്ചാണ് പഠിച്ചത്. ഇപ്പോൾ മരണത്തിലും ഒരുമിച്ച് തന്നെ.
ഇരുവരുടെയും മൃതസംസ്കാരം താഴെ പറയുന്ന വിധം നടത്തപെടുന്നതാണ്
ഇന്ന് (ബുധൻ) ഉച്ചകഴിഞ്ഞു 2 മണി മുതൽ 7 മണി വരെയും, വ്യാഴം (01.09.2022) രാവിലെ 11 മണി മുതൽ രാത്രി 7 മണി വരെയും പൊതുദർശനത്തിനായി സെന്റ്. കോളംബ്സ് ചർച്ച് ചാപ്പൽ റോഡ്, BT47 2BB ൽ വെയ്ക്കുന്നതാണ്. തുടർന്നു ഇരുവരുടെയും സ്വന്തം ഭവനങ്ങളിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച (02.09.2022) രാവിലെ 9.30 ന് വീടുകളിലെ ശുശ്രുഷ ആരംഭിക്കുന്നതാണ്. തുടർന്ന് 11 മണിക്ക് സെന്റ്.മേരീസ് ചർച്ച് , 49 ആർഡ്മോർ റോഡ് , ഡെറി, BT47 3QP യിൽ സംസ്കാരം വിശുദ്ധ കുർബാനയോടെ നടത്തപെടുന്നതാണ്. അതിനു ശേഷം കല്ലറയിൽ എത്തി സമാപന കർമങ്ങൾ നടത്തുമെന്ന് ഇടവക വികാരിമാർ അറിയിച്ചു.
മൃതസംസ്കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്കിൽ തത്സമയം കാണാം.
Leave a Reply