ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒരു ലക്ഷം കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ രാജ്യങ്ങളിൽ ഒന്നായി ബ്രിട്ടൻ മാറ്റപ്പെട്ടതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? കൃത്യമായ വാക്സീൻ ഒരുക്കി അത് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചിട്ടും രോഗവ്യാപനവും മരണനിരക്കും ഉയർന്നുതന്നെ നിൽക്കുന്നു. കഴിഞ്ഞ വർഷം ഈ സമയം ബ്രിട്ടനിൽ ഉണ്ടായിരുന്ന ഒരു ലക്ഷം ജീവനുകളാണ് കൊലയാളി വൈറസ് കവർന്നെടുത്തത്. മരണസംഖ്യ ഉയരാനുള്ള കാരണങ്ങൾ തേടിയാൽ പലരും പലയിടത്തേക്ക് വിരൽ ചൂണ്ടും. സർക്കാരിന്റെ ലോക്ക്ഡൗൺ തീരുമാനവും അതിനെ തുടർന്നുള്ള ടയർ സംവിധാനവും രോഗവ്യാപനം തടയുന്നതിൽ എത്രമാത്രം സഹായിച്ചു എന്നത് ചോദ്യമായി നിലനിൽക്കുന്നു. പൊതുജനാരോഗ്യത്തിന്റെ മോശം അവസ്ഥ, അമിതവണ്ണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ മരണസംഖ്യ വർധിപ്പിച്ചതായി പലരും വിലയിരുത്തുന്നു.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിൽ രോഗവ്യാപനം ഉയർന്നുകണ്ടു. ഇത് ആശങ്കയുളവാക്കുന്ന വസ്തുതയായി മാറ്റപ്പെട്ടു. മറ്റെല്ലാ രാജ്യങ്ങളും വൈറസ് പടരുന്നതിന് മുമ്പ് തന്നെ ലോക്ക്ഡൗണും അതിർത്തി അടച്ചിടലും പോലുള്ള നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ യുകെ അത് ചെയ്തില്ല. എല്ലാ രാജ്യങ്ങളിലും വരുന്നവർക്കായി ക്വാറന്റീൻ നിയമങ്ങൾ ഏർപ്പെടുത്തിയത് ജൂണിൽ ആയിരുന്നു. മാർച്ച്‌ അവസാനത്തോടെയാണ് ബ്രിട്ടനിൽ ആദ്യ ലോക്ക്ഡൗൺ എത്തുന്നത്. ഒരാഴ്ചത്തെ നിർണായക കാലതാമസമുണ്ടായതിനാൽ 20,000 ത്തിലധികം ജീവൻ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ആദ്യ തരംഗത്തിൽ 30% മരണങ്ങളും സംഭവിച്ചത് കെയർ ഹോമുകളിലാണ്.

യുകെ ഒരുക്കിയെടുത്ത ടെസ്റ്റ്-ട്രേസ് സിസ്റ്റം ഫലപ്രദമാക്കാൻ കഴിയാതെ പോയി. നിരവധി കോൺടാക്ടുകളിൽ എത്താൻ സാധിക്കാതെ പോയതിനാൽ രോഗം പലയിടത്തേക്കും വ്യാപിച്ചു. വേനൽക്കാലത്ത് നടത്തിയ പരിശോധനയിൽ ഏറ്റവും താഴ്ന്ന നിലയിൽ പോലും ഒരു ദിവസം 500 ഓളം കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തിൽ ഒരു ദിവസം ആയിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. സെപ്റ്റംബർ പകുതിയോടെ അത് മൂന്നിരട്ടിയായി ഉയർന്നു. ഒക്ടോബർ പകുതിയോടെ അത് അഞ്ചിരട്ടിയായി 15,000ത്തിലെത്തി.

നവംബറിൽ ഇംഗ്ലണ്ടിൽ ഒരു ലോക്ക്ഡൗൺ നിലവിൽ വന്നതിന് ശേഷം അത് നാല് ആഴ്ച നീണ്ടുനിന്നു. എന്നാൽ ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിന് മുമ്പുതന്നെ ഇംഗ്ലണ്ടിന്റെ തെക്ക്-കിഴക്ക് മേഖലകളിൽ കേസുകൾ വർദ്ധിച്ചു തുടങ്ങിയിരുന്നു. താമസിയാതെ പുതിയ വകഭേദവും കണ്ടെത്തി. 2021 ന്റെ തുടക്കത്തിൽ, ആശുപത്രി പ്രവേശനം അതിവേഗം വർദ്ധിച്ചതോടെ, യുകെയിലെ നാല് ചീഫ് മെഡിക്കൽ ഓഫീസർമാർ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ച് എൻ‌എച്ച്എസ് അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകി. മണിക്കൂറുകൾക്കുള്ളിൽ യുകെ വീണ്ടും ലോക്ക്ഡൗണിലായി. ജനസാന്ദ്രതയും ജനങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളും രോഗവ്യാപത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ കെയർ ഹോം മരണങ്ങളിൽ ഉണ്ടായ കുറവ് ആശ്വാസകരമാണ്.