നമ്മുടെ സമൂഹത്തിൽ ഒരു വിജയ് ബാബുവും, ബോബി ചെമ്മണ്ണൂരും, വിനായകനുമൊക്കെ ആൾക്കാരുടെ സ്ത്രീപീഡനകഥകൾ വരുമ്പോൾ മാത്രം എഴുതിത്തീർക്കണ്ടവയല്ല ലൈംഗീക വിദ്യാഭ്യാസത്തിന്റ പ്രസക്തി
ഇവ നന്നായി തന്നെ വളരെ ലളിതമായി സൗമ്യമായി എഴുതി ഫോറസ്റ്റ് പബ്ലിക്കേഷൻ പയ്യന്നൂർ പ്രസിദ്ധീകരിച്ച ജോസ്‌ന സാബു സെബാസ്റ്റ്യന്റെ “കുട്ടികൾക്ക് നൽകാം ലൈംഗിക വിദ്യാഭ്യാസം , മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം കൂടുതൽ ഉയരങ്ങളിലേക്ക് , വിദ്യാഭ്യാസ വകുപ്പിലേക്ക് കൈമാറപ്പെടുമ്പോൾ യൂകെയിലുള്ള ഓരോ മലയാളിക്കും അഭിമാനിക്കാം .
കാരണം എഴുത്തുകൾ പലവിധമുണ്ടെങ്കിലും എന്തോ ജോസ്‌നയുടെ എഴുത്തുകൾ പലതും സാഹിത്യവാസന ഒട്ടും തന്നെയില്ലാതെ മനുഷ്യരെ ചിന്തിപ്പിക്കാൻ കഴിവുള്ളവയാണ് . ജോസ്‌നയുടെ പല എഴുത്തുകളും ശക്തവും കാമ്പുള്ളവയുമാണെന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചിലർ പരസ്യമായും ചിലർ രഹസ്യമായും അംഗീകരിക്കുന്ന ഒന്നുതന്നെയാണ് . തന്റെ വായന മികവുകൾകൊണ്ടും, റിസേർച്ചുകൾ കൊണ്ടും, എക്സ്പീരിയൻസ് കൊണ്ടും വളരെയധികം സമ്പുഷ്ടമായ മാതാപിതാക്കൾക്കു കുട്ടികളെ ബയോളജിക്കൽ പരമല്ലാതെ മാനസീകമായി അവരുടെ ലൈംഗിക വളർച്ചയിൽ പതറാതെ അവരോടു കൂടെ എങ്ങനെ ഒരു കൂട്ടുകാരെ പോലെ സഞ്ചരിക്കാമെന്ന് ഈ ബുക്ക് പറഞ്ഞു വക്കുന്നു .
രാമദാസ് വാല്മീകം ബുക്ക് വായിച്ചു നൽകിയ അഭിപ്രായം ബുക്കിന്റെ എല്ലാ ഉൾക്കാമ്പുകളെയും എടുത്തു കാണിക്കുന്ന ഒന്നാണ് ശ്രീമതി ജോസ്ന സാബു സെബാസ്റ്റ്യൻ രചിച്ച “കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ ” പ്രധാനമായും മുതിർന്നവർക്കുള്ള ഒരു കൈ പുസ്തകം എന്ന ലക്ഷ്യത്തോടെയാണ് ഫോറസ്റ്റ് ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മനുഷ്യരുടെ പുനരുല്പാദനം എന്ന ബയോളജി പാഠപുസ്തകത്തിലെ ഭാഗം ക്ലാസ്സിൽ പഠിപ്പിക്കേണ്ടി വരുമ്പോൾ അധ്യാപകർ ആ പാഠഭാഗം ഒഴിവാക്കി നിങ്ങൾ സ്വയം വായിച്ചു പഠിച്ചാൽ മതി എന്നു വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത്തരുണത്തിലാണ് നമ്മുടെ വിദ്യാലയങ്ങളിൽ ലൈംഗിക പഠനത്തിന്റെയും ബോധനത്തിന്റെയും ആവശ്യകഥയ്ക്ക് പ്രസക്തി വർദ്ധിക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ എങ്ങിനെയാണ് ആ കുഞ്ഞ് ജനിക്കുന്നത് എന്ന ചോദ്യം മക്കൾ നിഷ്കളങ്കമായി ചോദിക്കുമ്പോൾ എങ്ങിനെ അവർക്ക് കൃത്യമായി മറുപടി നൽകാൻ കഴിയുമെന്ന് ഗ്രന്ഥകാരി ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്.
ഗർഭധാരണം മുതൽ കുഞ്ഞുങ്ങൾ വളർന്ന് കൗമാരപ്രായം കൈവരുന്നതു വരെയുള്ള ഘട്ടങ്ങളെ വേർതിരിച്ച് ഒരോ ഘട്ടത്തിലും കുട്ടികളിലുണ്ടാകുന്ന ശാരീരിക മാനസിക മാറ്റങ്ങൾ എന്തെല്ലാമാണെന്നും കുട്ടികളെ അവരുടെ ജിജ്ഞാസതയെ സംശയരഹിതമായി എങ്ങിനെയൊക്കെ മുതിർന്നവർക്ക് മാറ്റിയെടുക്കാമെന്നും വളരെ ലളിതമായി ആകർഷകമായ ഹൃദ്യമായ ശൈലിയിൽ ഈ കൈ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്.
വിദേശ രാജ്യങ്ങളിൽ വിദഗ്ധർ ഈ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ പഠനങ്ങളുടെ ഉദ്ധരണികൾ കൂടി ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പുസ്തകരചനയുടെ കൈവല്യത്തിന് ഗവേഷണത്തിന്റെ ആധികാരികത എത്ര മാത്രം പ്രയോജനപ്പെട്ടു എന്നു വ്യക്തമാക്കുന്നു. ലൈംഗിക ബോധനം മറ്റു വിഷയങ്ങളെ അപേക്ഷിച്ച് വ്യത്യസ്ത വീക്ഷണകോണിലൂടെയാണ് നടത്തേണ്ടതെന്ന് ഉദാഹരണങ്ങൾ നിരത്തി വ്യക്തമാക്കിയത് രക്ഷിതാക്കൾക്കും അധ്യാപകർക്കും വളരെയേറെ പ്രയോജനം ചെയ്യുന്നതാണ്.
വളരെയേറെ ശ്രദ്ധയോടെ കുട്ടികളുടെ മുമ്പിൽ ഈ വിഷയം അവതരിപ്പിച്ചില്ലെങ്കിൽ വരുന്ന പാളിച്ചകൾ ഇല്ലാതാക്കുന്നതിന് പലതരത്തിലുള്ള ബോധനതന്ത്രങ്ങൾ എങ്ങിനെയാണ് സ്വീകരിക്കേണ്ടതെന്ന് ഉദാഹരണസഹിതം ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട്.
പതിനൊന്നു വയസ്സു മുതൽ പത്തൊമ്പത് വയസ്സു വരെയുള്ള കാലത്തെയാണ് നാം കൗമാരപ്രായമെന്ന് പൊതുവേ വിശേഷിപ്പിക്കുന്നത്. ഈ കാലഘട്ടം കുട്ടികളിൽ മാനസിക ശാരീരിക വളർച്ച ഏറ്റവും കൂടുതൽ പ്രകടമാവുന്ന കാലഘട്ടവും സ്വന്തമായി വ്യക്തിത്വം പ്രകടമാക്കുന്നതിനായി പലതരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന കാലഘട്ടമാണ്. പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതും ആൺകുട്ടികൾ സ്വതത്രമായി ചിന്തിക്കാനും മറ്റുള്ളവരെ അനുകരിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയെടുക്കാനും തെറ്റായ വഴികളിലൂടെ സഞ്ചരിക്കാനും സാധ്യതയുള്ള ജീവിത കാലഘട്ടമായിരിക്കും അതിനാൽ ഈ ഘട്ടത്തിൽ കുമാര പ്രായക്കാരെ മുതിർന്നവർ ഏറെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യേണ്ടതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ അനുഭവങ്ങൾ ചൂണ്ടിക്കാണിച്ച് ഗ്രന്ഥകാരി സമർത്ഥിക്കുന്നുണ്ട്.
ഈ ഘട്ടത്തിൽ കുട്ടികളോട് സുഹൃത്തിനോടെന്നെ പോലെ സ്നേഹപൂർവ്വം ആശയവിനിമയം നടത്തി അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയെക്കുറിച്ചും വ്യക്തിവികാസത്തെക്കുറിച്ചും ആവശ്യമായ അവബോധം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം വിശദമാക്കുന്നുണ്ട്.
ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനും, ലൈംഗികമായ സാഹസികതൾക്കും ഈ കാലയളവിൽ കൗമാരപ്രായക്കാർ മുതിരാൻ ഇടയുള്ളതിനാൽ വളരെ നയപരമായി ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉണ്ടാകാനിടയാകുന്ന ദോഷവശങ്ങളെക്കുറിച്ചും കുട്ടികൾക്ക് സമപ്രായക്കാരിലൂടെയും വൈകാരിക വിക്ഷുബ്ധുത സൃഷ്ടിക്കാനിടയാക്കാതെ മനശാസ്ത്ര പരമായി വേണ്ട ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും മുതിർന്നവർക്ക് നൽകാനാവുമെന്നും ലേഖിക ചൂണ്ടിക്കാട്ടുന്നുണ്ട്.
ചെറിയ കുഞ്ഞുങ്ങൾ മുതൽ വൃദ്ധ സ്ത്രീകൾ വരെ പലതരത്തിലുള്ള പീഢനങ്ങൾക്കിരയാകുന്ന നമ്മുടെ കാലഘട്ടത്തിൽ ഇത്തരം അവസരങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും സമീപിക്കേണ്ട ഗവ: സംവിധാനത്തെക്കുറിച്ചും കൃത്യമായി പുസ്തകത്തിന്റെ അവസാന ഭാഗത്ത് ചേർത്തിരിക്കുന്നു.
ഇന്റർനെറ്റിന്റെ ദുരുപയോഗം മൂലം പുതുതലമുറ എത്തിച്ചേരുന്ന ചതിക്കുഴികളിൽ നിന്ന് കുട്ടികളെ മുതിർന്നവർക്ക് എങ്ങിനെയെല്ലാം രക്ഷിക്കാനാവുമെന്ന കാര്യങ്ങളും ഗ്രന്ഥകാരി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
ഈ പുസ്തകരചന നടത്തുന്നതിന് അവലംബിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടേയും പ്രസിദ്ധീകരണങ്ങളുടേയും പട്ടിക പുസ്തകത്തിൽ ചേർത്തിരിക്കുന്നത് ഈ വിഷയം ആഴത്തിൽ പഠിക്കുന്നതിന് താത്പര്യമുള്ളവർക്ക് വളരെയേറെ പ്രയോജപ്പെടും.
മലയാളത്തിൽ ലൈംഗിക പഠനം ബോധന സമ്പ്രദായത്തിൽ ഉൾപ്പെടുത്തേണ്ട കാലം അതികമിച്ചു എന്ന് ഉറപ്പിച്ചു പറയാൻ കഴിയുമെന്നതാണ് ഈ ഗ്രന്ഥത്തിന്റെ കാലികപ്രസക്തി. ഈ കൃതി പ്രസിദ്ധീകരിക്കുന്നതിന് വളരെ താത്പര്യം കാണിച്ച ശ്രീമതി ജോസ്ന സാബു സെബാസ്റ്റ്യന്റെ ഉദ്യമം ഏറെ ശ്ലാഘനീയം തന്നെ.
കേരളത്തിലെ എല്ലാ സ്ക്കൂൾ കോളേജ് ലൈബ്രറികളിലും ഇതിന്റെ പ്രതികൾ ഉണ്ടാകുന്നത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനകരമായിരിക്കും. ഈ കൈ പുസ്തകം നമ്മുടെ ഒരോ ഗൃഹത്തിലും ഉണ്ടാകേണ്ടത് കുട്ടികൾക്ക് സമാധാനത്തോടെയും സുരക്ഷിതമായും ആരോഗ്യത്തോടെയും ജീവിക്കുന്നതിന് ആവശ്യമാണ്.
കുട്ടികൾക്കായി കഥപറയും പോലെ വിവരിച്ചിരിക്കുന്ന ഈ ബുക്ക് ഇതിനോടകം തന്നെ പല സാമൂഹ്യ സർക്കാർ ഉദ്യോഗസ്ഥരുടെയും , ചൈൽഡ് പ്രൊട്ടക്ട് കോട്ടയം ജില്ലാ പ്രസിഡന്റ്യുമൊക്കെ അനുമോദനത്തിന് കാരണമായിട്ടുണ്ട് . ഇത് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ആഴമേറിയ ചർച്ചയും നടന്നു വരുന്നു .
തന്റെ നാട്ടിലെ ലൈംഗിക കാഴ്ചപ്പാടുകളെ മാറ്റിമറിക്കാൻ ജോസ്‌നയുടെ തന്നെ സാമ്പത്തീക ഭദ്രതയിൽ നിന്നുകൊണ്ട് ആവുന്നത്ര ബുക്കുകൾ ഫ്രീ ആയും പലരിലേക്കും എത്തിക്കപ്പെട്ടിരിക്കുന്നുവെന്നത് തന്റെ കർത്തവ്യബോധവും സാമൂഹ്യ നന്മയും വരച്ചു കാട്ടുന്നു . ഞങ്ങളുടെ പ്രിയ എഴുത്തുകാരിക്ക് യുകെ മലയാളികളുടെ ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ . ഇനിയും പലതും തൂലികയിൽ വിരിയാൻ ആവട്ടേയെന്ന് ആശംസിക്കുന്നു .
ബുക്ക് വാങ്ങിക്കാൻ താല്പര്യമുള്ളവർക്ക് താഴെ അറ്റാച്ച് ചെയ്തിട്ടുള്ള ആമസോൺ ലിങ്കിലൂടെ മേടിക്കാവുന്നതാണ് .
https://www.amazon.in/dp/8195280161/ref=cm_sw_r_apan_i_57B0BMPMV212PYZWG2H0
Leave a Reply