ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിനു മുമ്പായി അക്രമികള്‍ വാന്‍ തയ്യാറാക്കുന്ന് എംഐ5ന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുതായി വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയവരുടെ തലവനായ ഖുറം ബട്ട് 2015 മുതല്‍ എംഐ5ന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണ്. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ അന്‍ജം ചൗധരിയുടെ ശിഷ്യനാണ് ഖുറം ബട്ട്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്ന സമയത്ത് ഏതാണ്ട് 30 ഓളം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടേയും രഹസ്യ പോലീസിന്റെയും നീരിക്ഷണ വലയത്തിലായിരുന്നു ഇയാള്‍. എംഐ5ന്റെ നിരീക്ഷണങ്ങള്‍ ഇയാളില്‍ നിന്ന് മാറി മറ്റു കുറ്റവാളികളിലേക്ക് തിരിഞ്ഞതാണ് ആക്രമണം നടക്കാന്‍ ഹേതുവായത്. ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ചിലരിലേക്ക് എംഐ5ന്റെ നിരീക്ഷണം മാറിയ സമയത്താണ് ആക്രമണം ഉണ്ടായത്.

ബാര്‍ക്കിംഗിലെ ഫ്‌ളാറ്റിനടുത്ത് വെച്ച് റാഷിദ് റെഡൗണ്‍, യൂസഫ് സാഗ്ബ എന്നീ ഭീകരര്‍ ആക്രമണത്തിനായി വാന്‍ സജ്ജമാക്കുന്ന സമയത്ത് വിവരം പോലീസിനെ അറിയിക്കുന്ന കാര്യത്തില്‍ ഇന്റലിജന്‍സ് ഏജന്‍സി അലംഭാവം കാണിച്ചു. വാനില്‍ ആക്രമണത്തിനായുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷമാണ് ഇവര്‍ ആക്രമണം നടത്തിയത്. ലണ്ടന്‍ ബ്രിഡ്ജിലെ കാല്‍നടയാത്രക്കാരായ ആളുകള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയ തീവ്രവാദികള്‍ പിന്നീട് കത്തി ഉപയോഗിച്ച് ആളുകളെ ആക്രമിക്കുകയുമായിരുന്നു.

ഖുറം ബട്ട് സോകോട്‌ലന്റ് യാര്‍ഡിന്റെയും എംഐ6ന്റെയും കനത്ത നിരീക്ഷണത്തിലുള്ള തീവ്രവാദികളിലൊരാളായിരുന്നു. ആക്രമണം നടന്ന ദിവസം രാത്രിയിലും ഇയാള്‍ നിരീക്ഷണ വലയത്തിലായിരുന്നുവെന്ന് മുന്‍ സ്വതന്ത്ര നിരീക്ഷകനായ ഡേവിഡ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. നിരീക്ഷണങ്ങള്‍ ശക്തമായി തുടര്‍ന്നിട്ടും ആക്രമണം നടന്നത് ഇന്റലിജന്‍സ് ഏജന്‍സികളുടെ ഗൗരവപൂര്‍ണമായ ഇടപെടല്‍ നടക്കാത്തതിനാലാണ്. ആക്രമണം തടയാന്‍ കഴിയുമായിരുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രിസ്റ്റിയെന്ന യുവതിയുടെ കാമുകന്‍ ജെയിംസ് ഹോഡര്‍ പ്രതികരിച്ചു.