ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഇന്നത്തെ പോലെ വെട്ടവും വെളിച്ചവും ഒന്നുമുള്ള ക്രിസ്തുമസ് രാത്രികൾ ആയിരുന്നില്ല ഞങ്ങളുടെ ക്രിസ്തുമസ് രാത്രികൾ . മണ്ണെണ്ണ വെളിച്ചത്തിൽ വെട്ടം കണ്ടു ഉറങ്ങിയിരുന്നവർ ഒരുപിടി വെട്ടം കൂടുതൽ കാണുന്നത് അന്നത്തെ ക്രിസ്തുമസ് ദിനങ്ങളിൽ മാത്രമായിരുന്നു .

ഇന്നത്തെ പോലെ വിഷപുകയേറ്റ് കറപുരളാത്ത മനസുകളിലേക്ക് ഒരു ക്രിസ്തുമസ് കൊണ്ടുവന്നിരുന്ന ശാന്തിയും സമാധാനവുമൊന്നും അത്ര ചെറുതായിരുന്നില്ല . അന്നത്തെ ജനതയ്ക്ക് ക്രിസ്തുമസ് എന്നാൽ സ്വന്തം വീട്ടിൽ ഒരു ഉണ്ണി പിറന്നതിന് സമാനമായിരുന്നു. അന്നു മാത്രമായിരുന്നു പലവീടുകളിലും ഇച്ചിരി പോത്തിറച്ചി മണം പരന്നിരുന്നത്‌. ആ രാത്രി മാത്രമായിരുന്നു പലകുഞ്ഞുങ്ങളും ഇച്ചിരി മധുരം നുകർന്നിരുന്നത് .

ഉണ്ണിയുടെ വരവിനായി വീടും നാടും ലോകവും ഒരുപോലെ ഒരുങ്ങിയിരുന്ന അന്നാളുകൾ. മുളങ്കമ്പുകളും വർണ കടലാസുകളും കൊണ്ട് നകഷത്രമുണ്ടാക്കി അതിൽ തട്ടാതെ മറിയാതെ കൊളുത്തി വയ്ക്കുന്ന മെഴുതിരിക്കുള്ള അവാർഡ് ആ വീട്ടിലെ അപ്പനുമാത്രം സ്വന്തം. കാരണം കാറ്റടിച്ചാൽ മരക്കൊമ്പിൽ ഇരുന്നാളിക്കത്തുന്ന നക്ഷത്രങ്ങൾ ധാരാളമുണ്ടായിരുന്നു അന്നാ നാടുകളിൽ .

ഉണ്ണിയുമായി വന്നിരുന്ന പള്ളിയിലച്ചനും , ഉണ്ണിയെ മുത്താൻ കാത്തിരുന്ന കുഞ്ഞുങ്ങളും , വീട്ടിൽ വരുന്നവരെ എതിരേൽക്കാൻ ചുക്കുകാപ്പിയും ഒരു കുഞ്ഞു കഷ്ണം കേക്കുമായി കാത്തിരുന്നു. വേദനിച്ചവനുടെ ദീർഘശ്വാസം വിട്ടു മറ്റുള്ളവരെ മാത്രം സംത്രപ്തരാക്കിയിരുന്ന ഒട്ടേറെ അമ്മമാരും ധാരാളമുണ്ടായിരുന്നു ഓരോ വീട്ടിന്റെ കോണുകളിലും . .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്നാരും കൊടുക്കുന്ന പണത്തിന്റെ കനം നോക്കിയിരുന്നില്ല ….
കട്ടൻ കാപ്പികളിൽ ലഹരി കലർന്നിരുന്നില്ല …..
പാട്ടുകളിൽ സിനിമാ ഗാനം കൂട്ട് ചേർത്തിരുന്നില്ല ….

പകരം വീട്ടുകാർ ഉപവാസമെടുത്തും …
സത്പ്രവർത്തികളിലൂടെയും സുകൃത ജപത്തിലൂടെയുമൊക്കെ ഉണ്ണിക്ക് കുപ്പായവും കിടക്കയും തലയിണയും മെത്തയും ഉണ്ടാക്കി കാത്തിരുന്ന കുഞ്ഞു കുട്ടികളുണ്ടായിരുന്നു നമുക്കധികവും ….
അന്നത്തെ ദിവസത്തിൽ മാത്രമായി ആളി പുകഞ്ഞിരുന്ന അടുപ്പുകളും …
അന്ന് മാത്രമായി അമ്മച്ചിയെ പേടിച്ചു ഒച്ചയുണ്ടാക്കിയിരുന്ന കോഴികളും താറാവുകളും….
അന്നുമാത്രമായി അമ്മക്ക് ചുറ്റും ഇഷ്ടം കൂടുന്ന വീട്ടലെ പട്ടിയും പൂച്ചയും ….
അന്ന് മാത്രമായി രുചിച്ചിരുന്ന കറുത്ത നിറമുള്ള കേക്കിന്റെ രുചിയുമൊക്കെ ഇന്ന് ഒരു പിടി ഓർമ്മകൾ മാത്രമായി ….

പകരമിന്ന് …
ഉണ്ണിയെ കാണാൻ തൊട്ടു തൊഴുതാൻ മാത്രമായ് ഉറക്കമുണർന്നിരുന്നിരുന്ന ഉണ്ണികൾക്ക് പകരം നാമിന്ന് ഉണ്ണീശോയെ അവർക്കായി നേരത്തെ ജനിപ്പിക്കുന്നു …..
വാദ്യഘോഷ ആരവമുമായി വന്നിരുന്ന പള്ളിലച്ചന് പകരമിന്ന് നേർച്ചക്കാശിൻ റെസീപ്റ്റുകളുടെ കനം കൂട്ടി അളന്നു മേടിക്കുന്നു ……
കുമ്പകുലുക്കി മീശപിരിച്ചു വന്നിരുന്ന പാപ്പാമാർക്കു പകരമിന്ന് ലഹരികളുടെ താളമനുസരിച്ചു തുള്ളിവരുന്ന പേക്കോലങ്ങൾ അതേറ്റെടുക്കുന്നു ….
പാതിരാ കുർബാനകൾ ഇഷ്ട സമയം തീരുമാനിക്കുന്നു ….
പാടവും ചെളിയും ചവുട്ടി മലകൾ കേറിയിറങ്ങി വന്നിരുന്ന നാട്ടാരും ഇന്ന് പതുക്കെ പതുക്കെ പിന്നോട്ട് പോയിരിക്കണു …..

മനസ്സിൻറെ കോണിൽ ഒളിമങ്ങാതെ തിളങ്ങി നിൽക്കുന്ന മണ്ണെണ്ണ വിളക്കും , ‘അമ്മ നുള്ളി തന്ന ആ ഒരു തരി പ്ലം കേക്കിന്റെ മാധുര്യവും ഓർമ്മകൾ മാത്രമായി അയവിറക്കുന്ന തലമുറകളുടെ ബാക്കി ശേഷിപ്പായ ചുരുക്കം ചിലരിൽ ഇത് വായിക്കുമ്പോൾ നെഞ്ചിടിപ്പ് കൂടി മുഖം ചുമക്കുന്ന ആ തലമുറയും നമുക്കിന്ന് അന്യമായി കൊണ്ടിരിക്കുകയാണ് ….

എല്ലാ വായനക്കാർക്കും പഴമയുടെ മധുരത്തിൽ ചാലിച്ച ക്രിസ്തുമസ് പുതുവത്സര ആശംസകൾ……