ജോസ്‌ന സാബു സെബാസ്റ്റ്യൻ

മണി ചെയിൻ തട്ടിപ്പുകൾ പുതിയ രൂപത്തിൽ! നിങ്ങൾ വിശ്വസിക്കുന്നവർ തന്നെ നിങ്ങളെ കരുവാക്കി പണം തട്ടുന്ന മണി ചെയിൻ തട്ടിപ്പുകൾ ഇന്നും സജീവമാണ്. പഴയ കാലത്തെപ്പോലെ സാധാരണക്കാരെ മാത്രം ലക്ഷ്യമിട്ടല്ല ഇപ്പോഴത്തെ തട്ടിപ്പുകൾ നടക്കുന്നത് . ഇത് ഇപ്പോൾ അന്താരാഷ്ട്ര കായിക പരിപാടികളായ കാർ റേസ്, ഒളിമ്പിക്സ് പോലുള്ള മറ്റ് വലിയ പരിപാടികളോടും ബന്ധമുണ്ടെന്ന് പലരീതിയിൽ വരുത്തി തീർത്ത് തങ്ങൾ ഒരു ‘ജെനുവിൻ കമ്പനി’ ആണെന്ന് ഇവർ ആളുകളെ വിശ്വസിപ്പിച്ചെടുക്കുന്നു.

ഏറ്റവും അപകടകരമായ ഒരു മാറ്റം, അതിനായി, ആദ്യമവർ (ഈ തട്ടിപ്പുകമ്പനികൾ), പ്രധാന റിക്രൂട്ടർമാർക്ക്, അതായത് ആരോഗ്യരംഗത്തു നിന്നുള്ള വളരെ ടാലന്റഡ് ആയിട്ടുള്ള , മനുഷ്യരെ പറഞ്ഞു പ്രതിഫലിപ്പിച്ചു പറ്റിക്കാൻ കഴിവുള്ള കുറച്ചു ആൾക്കാരെ അതായത് ഡോക്ടർമാർ, നേഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങി സമൂഹത്തിൽ സ്വാധീനമുള്ള വിവിധ മേഖലകളിലെ ഏറ്റവും മിടുക്കരായവരെ ഇവർ റിക്രൂട്ട് ചെയ്യുന്നു എന്നതാണ്. പിന്നീടവരെ ദുബായ് പോലുള്ള വിദേശ സ്ഥലങ്ങളിൽ വീടുകളോ മറ്റ് സൗകര്യങ്ങളോ ഒരുക്കി കൊടുത്തുകൊണ്ട്‌ സംരക്ഷിക്കുന്നു. ഇത് കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത് ഇവരെ കണ്ടാൽ , മറ്റുള്ളവർക്ക് ഇത് ഈ കമ്പനിയിൽ ചേർന്നതുകൊണ്ട് പണം സമ്പാദിച്ച് ‘സെറ്റിൽ’ ആയി, എന്ന് തോന്നണം … കൂടാതെ ഇനി ഇവർക്ക് സാധാരണ ജോലിക്ക് പോകേണ്ട ആവശ്യമില്ല എന്നൊരു തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കിയെടുക്കുന്നു . പക്ഷെ ഈ ആഢംബര ജീവിതം ഒരു മറ മാത്രമാണ്, യഥാർത്ഥത്തിൽ ഇവർ മറ്റുള്ളവരെ കബളിപ്പിച്ച് നേടിയ പണമാണ് കമ്പനി ഇതിനെല്ലാം പിന്നിൽ മുടക്കുന്നത് .

പിന്നീട് കമ്പനി റിക്രൂട്ട് ചെയ്ത മേല്പറഞ്ഞ ഈ പ്രൊഫഷണലുകളെ ഉപയോഗിച്ച് അവരുടെ മേഖലകളിലുള്ളവരെ തന്നെ വലയിലാക്കാനും തട്ടിപ്പുകാർ ശ്രമിക്കുന്നു. അതിനായ് അവർ അവരുടെ പ്രൊഫഷനുകളിലെ തന്നെ സ്ഥിരമായി വരുമാനം നേടുന്ന സാധാ ആൾക്കാരിലേക്ക് തങ്ങൾ കടന്നു വന്ന വഴികളും ഇപ്പോൾ താമസിക്കുന്ന സുഖസൗകര്യങ്ങളും പറഞ്ഞു പ്രതിഫലിപ്പിച്ചു തട്ടിപ്പ് പരത്തി പണം തട്ടി എടുക്കുന്നു. ഇവരുടെ വരുമാനം സ്ഥിരമായതിനാൽ തട്ടിപ്പ് കമ്പനികൾക്ക് പണം കിട്ടാനുള്ള സാധ്യതയും കൂടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മണി ചെയിൻ ബിസിനസ് ആണെന്ന് പുറത്തറിയാതിരിക്കാൻ ഇവർ ഹോളിഡേ ടൂർ പാക്കേജുകൾ , വളരെയധികം വിലകൂടിയ പേസ്റ്റുകൾ പോലുള്ള ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിക്കാറുണ്ട്. ഇതിന്റെ വില നാല് ലക്ഷം രൂപയോ അതിലധികമോ വരും. അഞ്ചോ പത്തോ വർഷത്തേക്കുള്ള പാക്കേജുകളാണെന്ന് പറഞ്ഞ് ഇവർ ആളുകളെ ആകർഷിക്കും. എന്നാൽ, ഇത്രയും ഭീമമായ തുക നൽകി ഒരുമിച്ച് പാക്കേജ് എടുക്കേണ്ട ആവശ്യം നമുക്കുണ്ടോ എന്നോ, ഇതിലും കുറഞ്ഞ തുകയ്ക്ക് ആവശ്യാനുസരണം യാത്രകൾ പ്ലാൻ ചെയ്യാൻ കഴിയില്ലേ എന്നോ നമ്മൾ ചിന്തിക്കുന്നില്ല.

ഇവിടെയാണ് തട്ടിപ്പിന്റെ പ്രധാന തന്ത്രം. ഉൽപ്പന്നത്തെ കുറിച്ച് പഠിക്കാനോ, അതിന്റെ യഥാർത്ഥ ആവശ്യകതയെ കുറിച്ച് ആലോചിക്കാനോ അവർ നിങ്ങളെ സമയം അനുവദിക്കില്ല. വലിയ ലാഭം ഉടൻ കിട്ടും എന്ന മോഹനവാഗ്ദാനം നൽകി, തിടുക്കത്തിൽ നിങ്ങളെക്കൊണ്ട് വലിയ തുക മുടക്കി പാക്കേജ് വാങ്ങിപ്പിക്കുകയാണ് ചെയ്യുന്നത്.

റിക്രൂട്ട് ചെയ്യപ്പെടുന്ന കഴിവുള്ളവർ പലപ്പോഴും, പല ജോലികളിലും ദുർബലരായ ആളുകളെ ലക്ഷ്യമിട്ട്‌ തങ്ങൾ എന്തോ വലിയ കാര്യമാണ് ചെയ്യുന്നത് എന്ന് അവരെ വിശ്വസിപ്പിച്ചെടുക്കുന്നു. തട്ടിപ്പ് കമ്പനികൾ തങ്ങളുടെ ‘മെറ്റീരിയലുകൾ’ എപ്പോഴും വായിക്കാനും കേൾക്കാനും സംസാരിക്കാനും നൽകുന്നു. യഥാർത്ഥമല്ലാത്ത കാര്യങ്ങളെ സത്യമെന്ന് വിശ്വസിപ്പിക്കാനുള്ള ഒരുതരം ‘ടെററിസ്റ്റ് പ്രവർത്തനം’ പോലെയാണിത്. ഇത് ആളുകളുടെ ചിന്താഗതിയെ സ്വാധീനിക്കുകയും, അവരെ പൂർണ്ണമായും തട്ടിപ്പിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. ഇത്തരം തട്ടിപ്പുകൾ സമൂഹത്തിൽ വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. ‘പ്രൈസ് ചിറ്റ് ആൻഡ് മണി സർക്കുലേഷൻ നിയമപ്രകാരം (Price Chit and Money Circulation Schemes (Banning) Act, 1978)’ മണി ചെയിൻ ബിസിനസ് കുറ്റകരമാണ്.

അതീവ ജാഗ്രത പുലർത്തുക. ഒരു ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ്, അത് നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമുണ്ടോ എന്നും, അതിന്റെ വില ന്യായമാണോ എന്നും നന്നായി ചിന്തിക്കുക. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിൽ പരാതി നൽകുക….പറ്റിക്കപ്പെട്ടവരും അവരുടെ മായാലോകത്തു സഞ്ചരിക്കുന്നവരും ധാരാളം ….