കേരള ബഡ്ജറ്റ് നോക്കി നടത്തിയിരുന്ന മാണിസാറിന്റെ പാലായിൽ മാലിന്യനിർമാർജന അവസരങ്ങളൊഴിച്ചു ഒരുമാതിരിപ്പെട്ട എല്ലാവിധ വികസനങ്ങളും ഉൾപെടും …… അല്ലേലും വികസനങ്ങളോട് കിടപിടിക്കാൻ പാലാ അച്ചായന്മാർ കഴിഞ്ഞിട്ടേയുള്ളു

വിസർജ്ജന സ്വാതന്ത്രമില്ലാതെ നാമെല്ലാം നാടാകെ മാളികകൾ പടുത്തുയർത്തുകയാണ് …
ബംഗ്ലാവുകളുടെയും, ബാറുകളുടെയും, കള്ളുഷാപ്പുകളുടെയും പള്ളിമേടകളുടെയുമൊക്കെ എണ്ണത്തിൽ വളരെയധികം മുമ്പിലാണ് നാമെല്ലാം .

വല്യവാനാകാൻ മാത്രം നല്ല പാഠം ചൊല്ലി പഠിപ്പിക്കുന്ന എത്ര സ്‌കൂളുകളിൽ ആവശ്യാനുസരണം മാലിന്യ ബക്കറ്റുകളുണ്ട് ?
എത്ര റോഡു സൈഡുകളിൽ …
എത്ര സിറ്റികളിൽ …
അതും വേണ്ട എത്ര വീടുകളിൽ ….
എത്ര മണിമാളികകളിൽ ആവശ്യത്തിന് മാലിന്യ നിക്ഷേപണത്തിനുള്ള സൗകര്യങ്ങളുണ്ട് ?

നാമെല്ലാം ചിന്തിക്കേണ്ടതുണ്ട് …
എല്ലാവരും എനിക്കെന്ത് കൂടുതൽ കിട്ടും എന്നതിനെകുറിച്ചുള്ള ഓട്ടത്തിലാണ് …

മാലിന്യനിർമാർജനം എങ്ങനെ എന്നതിനെക്കുറിച്ചു ആരും ചിന്തിക്കുന്നുപോലുമില്ല. വെയ്സ്റ്റ് ബിൻ അഭാവങ്ങൾ അത് അക്ഷരപ്രബുദ്ധരായ നമ്മൾ വിലസുന്ന കേരളത്തിൽ എല്ലായിടത്തുമുണ്ട് .

പ്രത്യേകിച്ചു പെൺകുട്ടികൾക്ക് അവരുടെ മാസ സമയങ്ങളിൽ പാഡ് ഡിസ്പോസ് ചെയ്യൽ ഒരു തൊല്ല പിടിച്ചപണി തന്നെയാണ് . ഈ കഴിഞ്ഞയിടെ നീണ്ട പത്തുവർഷങ്ങൾക്ക് ശേഷം നാടുകാണാനിറങ്ങി , വളരെ ആക്രാന്തത്തോടെ തന്നെ . വളരെ കുറഞ്ഞ ദിവസങ്ങളും മണിക്കൂറും മാത്രം കയ്യിൽ പിടിച്ചു കൊണ്ടാണ് ഓരോ പ്രവാസിയും നാട്ടിലേക്ക് ഓടിയെത്തുന്നത് . ആ ഒരു ആക്രാന്തത്തിൽ പെണ്ണെന്ന നിലയിൽ അടക്കിപിടിക്കേണ്ട ചില ദിവസങ്ങൾ വിലങ്ങുതടി ആയിവരുമെങ്കിലും എല്ലായിടവും ഒറ്റയടിക്കു കണ്ടുതീർക്കാനുള്ള ഒരു ആക്രാന്തം എല്ലാം മറക്കും . അങ്ങനെ മാസം തന്ന വെയ്സ്റ്റുമായി 20 ദിവസങ്ങൾ ഒരു വെയ്‌സ്റ്റ്ബിൻ തപ്പി നടന്നു .

വീട്ടിൽ തന്നെ കുഴികുത്തി മൂടുകയോ , കത്തിച്ചു കളയുകയോ ആകാമായിരുന്നു . പക്ഷെ. അതൊക്കെ ഇത്രയധികം തിങ്ങി പാർക്കുന്ന നമുക്ക് ഒരു അന്തിമ സൊലൂഷനാണോ ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രകൃതി സ്നേഹം, നാളെ വരും തലമുറയോടുള്ള കടപ്പാട് അത് ഒരു അംശമെങ്കിൽ അത് നിലനിർത്താൻ വർഷങ്ങളായി പഠിച്ചു വളർന്ന കൾച്ചർ അനുവദിച്ചില്ല . മാലിന്യവും പേറി പത്തിരുപതു ദിവസം മാലിന്യക്കൊട്ട തപ്പിനടന്ന ഞാനത് അവസാനം കേരളമെന്ന നാടു വിടും മുമ്പ് കത്തിച്ചു കളയേണ്ടിതന്നെ വന്നു.

ഉയർത്തിതന്നെ കെട്ടിക്കോളു നമ്മുടെ മണിമന്ദിരങ്ങൾ, ജീവനില്ലാ ആരാധനാലയങ്ങൾ …ആർഭാടമാക്കിക്കോളു നമ്മുടെ കല്യാണങ്ങൾ വിശേഷ ദിവസങ്ങൾ …അഹങ്കരിച്ചോളൂ നമ്മുടെ പേരക്കിടാങ്ങളുടെ വളർച്ചകളിൽ … സന്തോഷിച്ചോളു നാളെക്കൊരു നല്ലപിടി കാർബൺ ഫുട്പ്രിന്റ്‌ വച്ച് പോകുന്നതിന് .

മലയാളിക്കെല്ലാം എന്നും വലുത് ആഘോഷങ്ങളാണ് , മറ്റുള്ളവരെക്കാൾ എന്തും കൂടുതൽ മേടിക്കുക എന്നതാണ് , പക്ഷെ വിസർജ്യം ചുറ്റുമെറിഞ്ഞു സ്വയം മണത്തു നാറി നടക്കാൻ ഒരു മടിയുമില്ല ….

ഞാനടങ്ങുന്ന പല പെൺകുട്ടികളും അനുഭവിക്കുന്ന, അടക്കിപിടിക്കുന്ന ഒരു യാഥാർഥ്യമാണിത് …

അതിനാൽ ഈ ഒരു നോട്ട് ജനനേതാക്കൻമാരിൽ ആരുടെയെങ്കിലുമൊക്കെ കണ്ണുതുറപ്പിക്കട്ടെ ,…നമ്മുടെ നാടുകളിലും , തെരുവോരങ്ങളിലും കൊണ്ടുവരുക മാലിന്യ നിർമാർജന ബക്കറ്റുകൾ ….

ഇത് മാണിസാറിന്റെ പാലായുടെ മാത്രം കാര്യമല്ല, നമ്മുടെ നടുമുഴുവന്റെയും കാര്യമാണ് . അതിനാൽ നല്ലൊരു നാളേയ്ക്കായി ഷെയർ ചെയ്യുക , നമ്മൾ ക്യൂ നിന്ന് നമ്മൾ ജയിപ്പിച്ച ഓരോ സ്ഥാനാർത്ഥികളും അറിയും വരെ ….