ജോസ്‌ന സാബു സെബാസ്റ്റ്യൻ
പ്രിയപ്പെട്ട കേശുവേട്ടന് ,
കേശുവേട്ടനവിടെ സുഖമെന്ന് കരുതുന്നു . നമ്മുടെ പ്രേമസുരഭിലമായിരുന്ന ആ കലാലയ ജീവിതത്തിന്റെ പത്താം പടിയിൽ ഞാനിന്നും കേശുവേട്ടനെ പ്രതീക്ഷിച്ചു നിൽക്കുകയാണ് . …
കേശുവേട്ടന്റെ നെറ്റിയിലെ ഒരിക്കലും മാഞ്ഞു കണ്ടിട്ടില്ലാത്ത ആ ചന്ദനക്കുറിയുടെ ഭംഗിയിലാണിന്നുമെന്റെ കിനാക്കൾ ….
കേശുവേട്ടൻ ആദ്യമായി മുട്ടറ്റം മടക്കി കുത്തിയ കൈത്തറിമുണ്ടിന്റെ കോണിൽ എനിക്കായി മാത്രം കരുതിവച്ച ആ നാരങ്ങാ മുട്ടായിയുടെ മധുരമാണിന്നും എന്റെ നാവിൽ ….
കേശുവേട്ടൻ എനിക്കായി എറിഞ്ഞിട്ട മൂവാണ്ടൻ മാങ്ങയുടെ ചൊനപറ്റി ഉണങ്ങിയ എന്റെ പച്ച പട്ടുപാവാടയും….
വൈക്കത്തഷ്ടമിക്ക് കേശവേട്ടനെനിക്ക് മേടിച്ച ….അന്നമ്മ ടീച്ചർ അടിച്ചു പൊട്ടിച്ച ആ കരിവളയും ഇന്നുമെന്റെ ഉറക്കം കെടുത്താറുണ്ട് …
നമ്മളൊന്നിച്ചു നിലാവ് കണ്ട സർപ്പക്കാവിലെ നാഗത്താന്മാരുടെ ദർശന ഓർമകളിന്നുമെന്നെ വല്ലാതെ വേട്ടയാടുന്നു ….
വാലിട്ടെഴുതിയ എന്റെ കണ്ണിലെ കണ്മഷിയാൽ കേശുവേട്ടന്റെ പൊടിമീശ മെല്ലെ കറപ്പിച്ചുകൊണ്ട് ഈ കരിമഷിയിലാണെന്റെ ജീവന സ്തംഭനമെന്ന് പറഞ്ഞപ്പോഴുയർന്ന ആ ഹൃദയസ്തംഭനമിന്നും താണ് അടുത്തതിലേക്ക് പോകാതെയുള്ള ആ ഒരേ നിൽപ്പിലാണിന്നുമെന്റെ ഹൃദയ താളം …..
കലാലയ ചുവരിൽ ചേർത്തുനിർത്തി കേശുവേട്ടനെനിക്ക് തന്ന ആ ആദ്യചുംബന ചൂടിന്റെ താപമിനിയും ഒരു പാരസെറ്റാമോളിനും കുറക്കാനായിട്ടില്ല ….
നമ്മളൊന്നിച്ചു കറങ്ങിയ ഉത്സവപ്പറമ്പിൽ നിന്ന് പിറക്കിയെടുത്ത ബലൂണിന്റെ കഷണങ്ങൾ ഇന്നുമെന്റെ ഹൃദയത്തെ വല്ലാതെ ശ്വാസം മുട്ടിക്കാറുണ്ട് …
പത്താംക്‌ളാസിന്റെ മേശയിൽ ആദ്യമായി കേശുവെട്ടനെന്റെ പേര് കോമ്പസിനാൽ പോറിയിട്ട ആ മുറിവുകളിൽ നിന്നുമിന്നും ചോര വല്ലാതെ പൊടിയുന്നു ….
എന്നിരുന്നാലും നമ്മളെന്നും കൈകോർത്തു ഒരുമിച്ചു നനഞ്ഞ ആ മഴയിൽ ഇന്ന് ഞാനൊരു പ്രതീക്ഷയുടെ കാർമേഘം കാണന്നുണ്ട് . …
നമ്മളൊന്നിച്ചുള്ള ആ ദിവസങ്ങളെ ഞാനെങ്ങനാണ് വർണിക്കുക….
കാറ്റിൽ പറന്നകന്ന ഒരു കടലാസ് തുണ്ടുപോലെ….
അത്തമെത്താൻ കാത്തിരിക്കുന്ന തുമ്പിപ്പോലെ ….
എന്റെ ഹൃദയമിങ്ങനെ പറന്നും…..അകന്നും …
മഴക്കായി കാത്തിരിക്കുന്ന കാലൻ കുടപോലെ ….
എന്റെ ഹൃദയമിങ്ങനെ ചെരിഞ്ഞും, ചാരിയും നിന്നെ പ്രതീക്ഷിച്ചു ഒരു കോണിൽ നിൽക്കുകയാണിപ്പോഴും …
എന്ന് സ്നേഹപൂർവ്വം കേശുവേട്ടന്റെ സ്വന്തം സാറാമ്മ ……
അങ്ങനെ ജീവിതത്തിൽ ആദ്യമായി എഴുതി നോക്കിയ ഒരു പ്രണയലേഖനം, എല്ലാ കൂട്ടുകാർക്കുമായി ….Happy Valentine’s Day
Leave a Reply