യുകെയിൽ ജനിച്ചു വളർന്ന മലയാളി കുട്ടികളെ സംബന്ധിച്ചിടത്തോളം മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ മലയാളത്തോടുള്ള തന്റെ ഇഷ്ടം അമ്മയുടെ സഹായത്താൽ സാധിച്ചെടുക്കുന്ന ജോവിറ്റ സെബാസ്റ്റ്യൻ എന്ന ഒൻപതുകാരി നമുക്ക് അഭിമാനമാകണം. മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന കൊച്ചു മിടുക്കിക്ക് ജന്മദിന ആശംസകൾ നേരുന്നത് പിതാവായ സാബു, മാതാവ് ജോസ്‌ന സഹോദരൻ ജസ്റ്റിൻ എന്നിവർ… ജോവിറ്റക്ക് ‘അമ്മ ജോസ്‌ന നൽകിയ കുറിപ്പ് താഴെ
ജോസ്‌നയുടെ കുറിപ്പ് വായിക്കാം..
അന്നുവരെ കണ്ണുരുട്ടി പ്രക്ഷോഭിച്ചിരുന്ന അപ്പൻ മകളുടെ കൊഞ്ചലിൽ അലിഞ്ഞു ചേരുന്ന ഓരോ നിമിഷവും കാണുമ്പോൾ ആ കോംബിനേഷനെന്തൊരു ചേലാണെന്നോ ..
ഒരു മകളിലൂടെ ഓരോ അമ്മയ്ക്കും തന്റെ ചെറുപ്പകാലം പുനർജനിക്കുന്നു. ബെഡ്‌റൂം മുതൽ ടോയ് ലറ്റ് വരെ തനിക്കു കൂട്ടുവരുന്ന…ഒട്ടിച്ചേർന്നു നടന്നോരോ നിമിഷവും അലങ്കരിക്കുന്ന ഒരു കുഞ്ഞി കൂട്ടുകാരി…
അവളുടെ ഓരോ വളർച്ചയും തന്റെ വളർച്ചപോലെ ‘അമ്മ ആസ്വദിക്കുന്നു. അമ്മയുടെ ഡ്രെസ്സുകൾ അണിയാനും അമ്മയെ പോലെ അണിഞ്ഞിരുങ്ങാനുംകൊതിക്കുന്ന ..അമ്മയെപ്പോലെ പൊട്ടുകുത്താനിഷ്ടപ്പെടുന്ന ..അമ്മയെപ്പോലെ സാരിയുടുക്കാൻ കൊതിക്കുന്ന …പൊട്ടും പൂവും വാതോരാതെ കുഞ്ഞി കുഞ്ഞി രഹസ്യങ്ങളും പങ്കുവക്കുന്നൊരു കൂട്ടുകാരി .
അവൾ ടീച്ചർ ആകുമ്പോൾ അവൾക്കായി ‘അമ്മ അവളുടെ ക്ലാസ്സിലെ കൊച്ചുകുട്ടിയാകുന്നു…അവളുടെ ബ്യൂട്ടിഷന്റെ സ്ഥിരം ഇര ..അവളെന്ന ഡോക്ടറിന്റെ സ്ഥിരം രോഗി …അവളുടെ കടയിലെ സ്ഥിര കസ്റ്റമർ ..അങ്ങനെ അങ്ങനെ ഓരോ റോളും അവളുടെയും അമ്മയുടെയും ലോകം സൃഷ്ടിക്കുന്നു ….
ഡ്രെസ്സുകളുടെ സെലക്ഷൻ നന്നായൊന്നും ഈ കമ്മൽ മതിയൊന്നും ചോദിക്കാൻ പറ്റിയൊരു കൂട്ടുകാരി ..സെൽഫി ഭ്രാന്തിയായ അമ്മയുടെ സ്ഥിരം ഫോട്ടോഗ്രാഫർ …അമ്മയുടെ മേക്കപ്പ് സെറ്റിന്റെ സ്ഥിരം മോഷ്ടാവ്…അമ്മയുടെയുടെ മേൽ കൂടുതൽ അധികാരം കാണിക്കുന്ന കുറുമ്പത്തി ..
കരഞ്ഞു തോളിൽ പമ്മിയിരുന്നൊരുത്തി പെട്ടെന്ന് അഭിപ്രായങ്ങൾ പറയുന്നു . തന്റേതായ അഭിപ്രായങ്ങൾ ഉണ്ടാകുന്നു. പിണങ്ങി പോക്കലിന്റെ എണ്ണം കുറയുന്നു ..മേലാതാവുമ്പോൾ അമ്മയ്ക്ക് നെറ്റിതടവി തന്നു ശുശ്രുഷിക്കാൻ ഇമ്പം കൂടുന്നു….
പെട്ടെന്നൊരു നാൾ അമ്മയുടെ ഉള്ളറയിൽനിന്നും നെഞ്ചത്തേയ്ക്കും അവിടെനിന്നു തോളിലേക്കും മടിയിലേക്കും പിന്നെ അമ്മയുടെ വിരലിലേക്കും അവിടെനിന്നു അമ്മയുടെ മുന്നിലേക്കും പതുക്കെ ഓടി കടന്നു പോകുന്ന മകളുടെ വളർച്ച കാണാൻ എന്തൊരു ഭംഗിയാണന്നോ ..വളരെ സാവധാനം ഒരു കുഞ്ഞു പൂ വിരിയുന്ന പോലെ അഴകായ് ഒരമ്മയ്ക്കാസ്വദിക്കാൻ ദൈവം തരുന്നൊരു കനിയാണോരൊ പെൺകുഞ്ഞും …
ജോസ്‌ന സാബു സെബാസ്റ്റ്യൻ
Leave a Reply