ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് മൂന്നുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.മൃതദേഹം മാരായമുട്ടത്തെ വീട്ടിൽ സംസ്കരിച്ചു.അതെസമയം ജോയിയുടെ സഹോദരന്റെ മകന് ജോലി നൽകണമെന്നും അമ്മക്ക് താമസിക്കാൻ വീടും നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ശനിയാഴ്ച രാവിലെ 11മണിയോടെയാണ് ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിറങ്ങി? ജോയിയെ കാണാതായത്. 46 മണിക്കൂറിനു ശേഷം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നും ജീർണിച്ച അവസ്ഥയിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തിരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. ഒടുവിൽ മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.