ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളിയായ തുഷാരയുടെ സഹോദരനും മുൻ ഏഷ്യൻ താരവുമായിരുന്ന പിറവം നിരപ്പ് പാണാലിക്കൽ ജൂബി തോമസ് (42) ബൈക്ക് അപകടത്തിൽ മരിച്ചു. ഇന്ത്യൻ റെയിൽവേയിൽ ടിടിഇ ആയി ജോലി നോക്കുകയായിരുന്നു. തൃപ്പൂണിത്തുറയിൽ നിന്ന് ജനശതാബ്ദി ട്രെയിനിൽ ഡ്യൂട്ടിക്ക് കയറാൻ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസ് തട്ടിയാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
പിറവം പാണാലിൽ തോമസ് അന്നമ്മ ദമ്പതികളുടെ മൂത്ത പുത്രനാണ് ജൂബി തോമസ് .ഭാര്യ പേരൂര് വാര്യായാട്ട് കുടുംബാംഗം പിങ്കി ജോയി അധ്യാപികയാണ്. അലോന , അലീന , അൽഫോൻസാ എന്നിവരാണ് മക്കൾ .
യുകെയിലെ വാട്ട്സാലിലാണ് ജൂബിയുടെ സഹോദരി തുഷാരയും ഭർത്താവ് അഭിലാഷും താമസിക്കുന്നത്. അഭിലാഷും തുഷാരയും ഇന്നലെ തന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ പതിനേഴാം തീയതി ഞായറാഴ്ച 3 മണിക്ക് പിറവം ഹോളി കിംഗ് ക്നാനായ കത്തോലിക്ക ഫൊറോന ചർച്ചിൽ വച്ച് നടത്തപ്പെടും . ഒട്ടേറെ കായിക മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജൂബി തോമസിന്റെ മരണം ഞെട്ടലോടെയാണ് കായികപ്രേമികൾ ശ്രവിച്ചത്. ഹൈജംപ് താരമായ ജൂബി സാഫ് ഗെയിംസ് ഉൾപ്പെടെ പല ദേശീയ മത്സരങ്ങളിലും മേഡൽ ജേതാവാണ് . തന്റെ കായികരംഗത്തെ മികവിൻെറ അടിസ്ഥാനത്തിൽ 18-ാം വയസ്സിൽ തന്നെ ജൂബിയ്ക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി ലഭിച്ചിരുന്നു.
19 -മത് ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് തിരുത്തി ജൂബി തോമസ് സ്വർണമണിഞ്ഞ വാർത്ത പത്രത്തിൽ ഫോട്ടോ സഹിതം വന്നപ്പോൾ മറ്റൊരു സ്വർണ്ണ മെഡൽ ജേതാവ് പി ടി ഉഷ ആയിരുന്നു.
വാട്സാ ളിലെ മൈക്ക അസോസിയേഷനിലെ അംഗങ്ങളായ അഭിലാഷിനെയും തുഷാരയെയും സഹോദരൻറെ അകാല നിര്യാണത്തിൽ ആശ്വസിപ്പിക്കാൻ ഒട്ടേറെ മലയാളി സുഹൃത്തുക്കളാണ് ഓടിയെത്തിയത്. തൻറെ സഹോദരൻറെ കായിക നേട്ടങ്ങളെ കുറിച്ച് അഭിമാനത്തോടെ എപ്പോഴും സംസാരിച്ചിരുന്ന തുഷാരെയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നുള്ളത് എല്ലാവരുടെയും മുന്നിലുള്ള ചോദ്യചിഹ്നമായിരുന്നു.
അഭിലാഷും തുഷാരയും മലയാളം യൂകെ ന്യൂസുമായി പങ്കുവെച്ച ജൂബി തോമസിന്റെ കായിക നേട്ടങ്ങളെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും ഞങ്ങൾ വായനക്കാർക്കായി സമർപ്പിക്കുന്നു .
ജൂബി തോമസിന്റെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply