ജോജി തോമസ്

മഹത്തായ ത്യാഗത്തിന്റെയും, നിബന്ധനകളില്ലാത്ത ദൈവിക സ്നേഹത്തിൻെറയും പ്രതീകമാണ് ഈശോയുടെ തിരുഹൃദയം. ഒരു കുടുംബത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഘടകവും ത്യാഗവും സ്നേഹവും ആണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം ക്രിസ്ത്യൻ കുടുംബങ്ങളിലും തിരുഹൃദയത്തിന്റെ രൂപം ഭവനത്തിൻെറ പ്രധാനഭാഗത്താണ് സൂക്ഷിച്ചിരിക്കുന്നത്. തിരുഹൃദയ തിരുനാൾ ദിനമായ ജൂൺ 19ന് വൈകിട്ട്  7. 30 ന് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ രൂപതയിലെ ഭവനങ്ങളെ മുഴുവൻ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് യുകെയിൽ വിശ്വാസികൾ. ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത കഷ്ടതകളുടെയും, മഹാമാരിയുടെയും കാലഘട്ടത്തിൽ വിശ്വാസികൾക്ക് ആത്മീയ വഴികളിലൂടെ എങ്ങനെ മാനസിക പിന്തുണ നൽകാനാവും എന്നതിൻെറ ഏറ്റവും വലിയ നേർക്കാഴ്ചയാവും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠ.

WhatsApp Image 2024-12-09 at 10.15.48 PM

ഇതിനോടകം രൂപതയിലെ എല്ലാ ഭവനങ്ങളിലും ഓൺലൈനിലൂടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠയുടെ സന്ദേശം എത്തി കഴിഞ്ഞു. ബ്രിട്ടനിലുള്ള ആയിരക്കണക്കിന് ഭവനങ്ങളാണ് തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നത്. തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വിശ്വാസികൾ ഒരുങ്ങുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മോൺസിണോർ ആന്റണി ചുണ്ടെലിക്കാട് പ്രത്യേക വീഡിയോ സന്ദേശം നൽകിയിരുന്നു അഭിവന്ദ്യ പിതാവ് തന്റെ അപ്പസ്തോലിക അധികാരം ഉപയോഗിച്ച് രൂപതയിലെ ഭവനങ്ങളെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മോൺ. ആന്റണി ചുണ്ടെലിക്കാട് എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു.