ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂനിയർ ഡോക്ടർമാർക്കായി മെച്ചപ്പെട്ട വേതന കരാർ തയ്യാറാക്കി സർക്കാരും ബിഎംഎ ട്രേഡ് യൂണിയനും. രണ്ടു വർഷത്തിനിടെ ശരാശരി വർദ്ധനവ് 22% വരെ. ബിഎംഎയുടെ ജൂനിയർ ഡോക്‌ടേഴ്‌സ് കമ്മിറ്റി അംഗങ്ങൾക്ക് ഓഫർ നൽകാൻ സമ്മതിച്ചിരിക്കുകയാണ് സംഘടന ഇപ്പോൾ. ഇത് അംഗീകരിക്കപ്പെട്ടാൽ, 2023 മാർച്ച് മുതൽ തുടങ്ങിയ പണിമുടക്കുകൾക്ക് ഒരു അന്ത്യം ഇടും. കരാറിൻ്റെ നിബന്ധനകൾ ചാൻസലർ റേച്ചൽ റീവ്സ് പിന്നീട് കോമൺസിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരി 9% മൂല്യമുള്ള നിലവിലെ വർദ്ധനവ് കൂടാതെ ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർക്കുള്ള ഏറ്റവും പുതിയ ഗവൺമെൻ്റ് ഓഫറിൽ 2023-24 ലെ 4% ബാക്ക്ഡേറ്റഡ് വേതന വർദ്ധനവും കരാറിൽ ഉൾപ്പെടുന്നു. 2024-25ൽ, £1,000 ഏകീകൃത പേയ്‌മെൻ്റിനൊപ്പം 6% വർദ്ധനവും കരാറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് ഓരോ ജൂനിയർ ഡോക്ടർമാർക്കും രണ്ട് വർഷത്തിനിടെ ശരാശരി 22% വർദ്ധനവാണ് ഉണ്ടാക്കുന്നത്. പണപ്പെരുപ്പത്തിന് താഴെയുള്ള ശമ്പള വർദ്ധനവിന് നഷ്ടപരിഹാരം നൽകാൻ ജൂനിയർ ഡോക്ടർമാർ 35% ശമ്പള വർദ്ധനവ് നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നു.

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് ജൂനിയർ ഡോക്ടർമാർ 2023 മാർച്ച് മുതൽ നിരവധി തവണയാണ് പണിമുടക്ക് നടത്തിയത്. ഏറ്റവും ഒടുവിൽ പൊതു തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ അഞ്ച് ദിവസത്തെ പണിമുടക്ക് 61,989 ഓളം വരുന്ന അപ്പോയ്ന്റ്മെന്റുകളെയും ശസ്ത്രക്രിയകളെയും ബാധിച്ചതായി എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചിരുന്നു. ഇതുവരെയും പാർലമെൻ്റിൽ ചാൻസലർ റേച്ചൽ റീവ്സ് നടത്തിയ പ്രസംഗത്തിന് മുന്നോടിയായുള്ള റിപ്പോർട്ടുകൾ ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇംഗ്ലണ്ടിലെ സർക്കാരും ജൂനിയർ ഡോക്ടർമാരും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. സ്കോട്ട് ലൻഡിൽ, ജൂനിയർ ഡോക്ടർമാർ കഴിഞ്ഞ വർഷം സർക്കാരിൻെറ ശമ്പള വാഗ്ദാനം സ്വീകരിച്ചതിന് ശേഷം പണിമുടക്കുകൾ നടത്തിയിട്ടില്ല.