ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓഗസ്റ്റിൽ നാല് ദിവസത്തെ പണിമുടക്കിനൊരുങ്ങി ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ. ശമ്പള തർക്കത്തെ തുടർന്നുള്ള ജൂനിയർ ഡോക്ടർമാരുടെ അഞ്ചാമത്തെ പണിമുടക്കാണിത്. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 07:00ന് ആരംഭിക്കുന്ന വാക്കൗട്ട് ഓഗസ്റ്റ് 15 ചൊവ്വാഴ്ച 07:00 നായിരിക്കും അവസാനിക്കുക. പണപ്പെരുപ്പത്തിന് താഴെയുള്ള ശമ്പള വർദ്ധനവിന് ശേഷം 2008 ലെ നിലവാരത്തിലേയ്ക്ക് ശമ്പളം പുനഃസ്ഥാപിക്കുന്നതിന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ 35% ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഈ വർഷം 6% വർദ്ധനവാണ് നൽകിയിരിക്കുന്നത് (ഇത് £1,250 വരും). അടുത്ത വർഷം ഈ വർദ്ധനവ് 9% ആകും.
സർക്കാരിൻെറ ഏറ്റവും പുതിയ തീരുമാനങ്ങൾക്ക് പിന്നാലെ ഇത് അന്തിമ ഒത്തുതീർപ്പാണെന്നും ഇനി ചർച്ചകളില്ലെന്നും മന്ത്രിമാർ അറിയിച്ചു. എന്നാൽ ഉത്തരവാദിത്തമുള്ള സർക്കാരിനെ പോലെ പ്രവർത്തിച്ച് തങ്ങളുമായി ചർച്ച നടത്തിയാൽ ഈ പണിമുടക്കുകളുമായി മുന്നോട്ട് പോകേണ്ടത് വരില്ലെന്ന് ബിഎംഎ ജൂനിയർ ഡോക്ടർ കമ്മിറ്റി കോ-ചെയർമാൻമാരായ ഡോ. റോബർട്ട് ലോറൻസണും ഡോ. വിവേക് ത്രിവേദിയും പ്രതികരിച്ചു. ചർച്ചകൾക്ക് മുൻപ് തന്നെ തൻെറ തീരുമാനം അന്തിമമാണ് എന്ന് പറയുന്ന പ്രധാന മന്ത്രിയുടെ നടപടിയെയും അവർ വിമർശിച്ചു.
Leave a Reply