ലണ്ടന്‍: പുത്തന്‍ കരാര്‍ വ്യവസ്ഥകളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യവകുപ്പ് സെക്രട്ടറി ജെറെമി ഹണ്ടിന്റെ തീരുമാനമെങ്കില്‍ സമരവുമായി മുന്നോട്ടെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. എന്‍എച്ച്എസില്‍ നിന്ന് രാജിവയ്ക്കുമെന്നും ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ജൂനിയര്‍ ഡോക്ടര്‍മാരുടെ പുതിയ കരാറുകള്‍ ആഗസ്റ്റില്‍ നടപ്പാക്കുമെന്നാണ് ഹണ്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കുമെന്നതാണ് പുതിയ കരാറിലെ സുപ്രധാന വ്യവസ്ഥ. കഴിഞ്ഞ രണ്ട് മാസമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയിട്ടും ഇക്കാര്യത്തില്‍ ഡോക്ടര്‍മാരും ഹണ്ടും തമ്മില്‍ യാതൊരു ധാരണയിലും എത്തിയിട്ടില്ല.
മികച്ച ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച ജനങ്ങളോട് സര്‍ക്കാരിന് ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഹണ്ട് എംപിമാരോട് വ്യക്തമാക്കി. ആഴ്ചയില്‍ ഏഴ് ദിവസവും പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് ഇതിനായി രാജ്യത്തുണ്ടാകണം. നവംബറിന് ശേഷം രാജ്യത്ത് രണ്ട് തവണയാണ് ഡോക്ടര്‍മാര്‍ അവരുടെ കര്‍ത്തവ്യത്തില്‍ നിന്ന് വിട്ട് നിന്നത്. 6000 ശസ്ത്രക്രിയകള്‍ റദ്ദാക്കി. ഇത് ഗുരുതരമായ വിഷയമാണെന്നും ഹണ്ട് വ്യക്തമാക്കി. ഹണ്ടിന്റെ നിലപാടുകള്‍ രാജ്യത്തെ 45,000ത്തോളം വരുന്ന ജൂനിയര്‍ ഡോക്ടര്‍മാരില്‍ അസംതൃപ്തിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ തന്നെ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്ന എന്‍എച്ച്എസിനെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ട് ചെന്ന് ചാടിക്കാനേ ഈ നടപടികള്‍ ഉപകരിക്കൂ എന്നൂം അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തങ്ങള്‍ സ്‌കോട്ട്‌ലന്റിലേക്കോ, വെയില്‍സിലേക്കോ മറ്റ് വിദേശരാജ്യങ്ങളിലേക്കോ ചേക്കേറുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല ആവശ്യമെങ്കില്‍ ഡോക്ടര്‍ ജോലി തന്നെ ഉപേക്ഷിക്കുമെന്ന അറ്റകൈ പ്രയോഗത്തിനും ചിലര്‍ തയാറാണെന്നും ഇവര്‍ സൂചന നല്‍കുന്നു.

പുതിയ കരാറിനെതിരെയുളള പോരാട്ടം തുടരുമെന്ന് തന്നെയാണ് ബിഎംഎ വ്യക്തമാക്കിയിട്ടുളളത്. മുന്നിലുളള എല്ലാവഴികളും ഇതിനായി ഉപയോഗിക്കും. അടിയന്തര ചികിത്സാ വിഭാഗങ്ങളെപ്പോലും സ്തംഭിപ്പിച്ച് കൊണ്ടുളള സമരത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലും ലണ്ടനിലും ഇവരുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. 98 ശതമാനം ഡോക്ടര്‍മാരും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. തങ്ങളുടെ അഭിപ്രായം ന്യായീകരിക്കുന്നതിന് നിയമസഹായം തേടാനും ഇവര്‍ ആലോചിക്കുന്നുണ്ട്. പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ ഡോക്ടര്‍മാര്‍ മറ്റ് ദിവസങ്ങളിലെ പോലെ തന്നെ ജോലി ചെയ്യേണ്ടി വരും.

വൈറ്റ് ഹാളിലെ ഹണ്ടിന്റെ ഓഫീസിന് പുറത്തും കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ പ്രതിഷേധം നടത്തിയിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതില്‍ ഹണ്ടിന് വീഴ്ച സംഭവിച്ചിരിക്കുന്നുവെന്നും രോഗികളാണ് ഇത് മൂലം വെല്ലുവിളികള്‍ നേരിടുകയെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഒരുതരത്തിലും ക്ഷമിക്കാനാകില്ല. രോഗികള്‍ക്ക് യാതൊരു തരത്തിലുളള പ്രശ്‌നങ്ങളും ഉണ്ടാകാന്‍ പാടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.