ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയ്മിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ച കൊളീജിയം യോഗം അവസാനിച്ചു. നിയമനം സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായില്ല. അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ അടക്കം എല്ലാ ജഡ്ജിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ചീഫ് ജസ്റ്റിസ് അടക്കം അഞ്ചംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജസ്റ്റിസ് ചെലമേശ്വറിന്റെ കോടതി ഇന്ന് സിറ്റിങ് നടത്തിയിരുന്നില്ല. ഇന്നത്തെ കൊളീജിയത്തില്‍ പങ്കെടുക്കാന്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ക്കും ചീഫ് ജസ്റ്റിസ് നോട്ടീസ് നല്‍കിയിരുന്നു. കെ.എം ജോസഫിന്റെ നിയമനത്തെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായി കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുകയാണ്.
കെ.എം ജോസഫിന്റെ നിയമന ശിപാര്‍ശ തിരിച്ചയച്ച കേന്ദ്ര നടപടിയില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് കൊളജീയം ശിപാര്‍ശ വീണ്ടും പരിഗണിക്കാന്‍ യോഗം ചേര്‍ന്നത്. 2016-ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കിയത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.എം ജോസഫായിരുന്നു. ഈ നടപടിയാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.
എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. സുപ്രീംകോടതിയുടെ നിലനില്‍പ്പിന്റെയും അധികാരത്തിന്റെയും വിഷയമാണെന്നാണ് ജഡ്ജിമാര്‍ക്കിടെയിലെ പൊതുവികാരം. അതിനാല്‍ ശുപാര്‍ശ വീണ്ടും അയക്കുമെന്നു തന്നെയാണ് സൂചനകള്‍. എന്തുകൊണ്ട് ജോസഫിനെ നിയമിക്കണമെന്നത് വസ്തുതകളും കീഴ്വഴക്കവും ചൂണ്ടിക്കാട്ടി കൊളീജിയം കേന്ദ്രത്തെ അറിയിക്കും.
രാജ്യത്തെ മികച്ച ജഡ്ജിമാരിലൊരാളായ കെ.എം.ജോസഫിനെ തന്നെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ജോസഫിന്റെ നിയമനം അംഗീകരിക്കുന്നതുവരെ പുതിയ നിയമന ശുപാര്‍ശകള്‍ അയക്കേണ്ടതില്ലെന്നും തീരുമാനിച്ചേക്കും.
Leave a Reply