സുപ്രീം കോടതിയുടെ ഇന്നത്തെ അവസ്ഥ വിനാശകരമാണെന്ന് മുന്‍ ചീഫ് ജസ്റ്റീസ് ആര്. എം ലോധ. ജുഡീഷ്യറിയുടെ പരമാധികാരം ഉറപ്പുവരുത്താനിയില്ലെങ്കില്‍ ജുഡീഷ്യല്‍ സമ്പ്രദായം ആകെ താറുമാറാകുന്ന ദിവസം വരാന്‍ അധികം കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മുന്‍ കേന്ദ്രമന്ത്രിയും മാധ്യമപ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ദനുമായ അരുണ്‍ ഷൂരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുകളുടെ നിര്‍ണയം നീതിയുക്തമാകണം. സുപ്രീംകോടതി വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കേണ്ട സ്ഥലമല്ല. ചീഫ് ജസ്റ്റിസ് നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളണം. ജനാധിപത്യം നിലനില്ക്കണമെങ്കില് ജുഡീഷ്യറി സ്വതന്ത്രമായി നിലകൊള്ളുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ലോധ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എല്ലാ ജഡ്ജിമാരെയും ഒരുമിച്ചു നിര്‍ത്തണമെന്നും രാജ്യത്തിന്റെ നീതി കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേസുകൾ വിവിധ ജഡ്ജിമാർക്ക് നൽകുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റീസിനാണ്. എന്നാൽ ഇത് ഏകപക്ഷീയമായി, തന്നിഷ്ട പ്രകാരം തീരുമാനിക്കുന്നത് ശരിയല്ല. ജഡ്ജിമാരെ നയിക്കുന്നതിനും നിയമ വാഴ്ച സുസ്ഥിരമാക്കുന്നതിന്റെയും ഉത്തരവാദിത്വം ചീഫ് ജസ്റ്റിസിനുണ്ട്.
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്ന വിഷയത്തിലും ജസ്റ്റീസ് ലോയയുടെ മരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനുള്ള ബെഞ്ചിന്റെ കാര്യത്തിലും കൊളീജിയം അംഗങ്ങളായ സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരും ചീഫ് ജസ്റ്റീസും തമ്മിലുള്ള ഭിന്നത പരസ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ ചീഫ് ജസ്റ്റിസ് ആര് എം ലോധയുടെ പ്രസ്താവന. ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് സുപ്രീംകോടതി കൊളീജിയം വീണ്ടും പരിഗണിക്കുന്നതിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും ആര് എം ലോധ പറഞ്ഞു.
Leave a Reply