പോപ് സംഗീതത്തിൽ പുതുതരംഗമായ ജസ്റ്റിൻ ബീബർ എന്ന അഭിനവ മൈക്കൽ ജാക്സൻ ഇന്ത്യയിലെത്തി. വേൾഡ് ടൂറിന്റെ ഭാഗമായി ദുബായില്‍ അവതരിപ്പിച്ച സംഗീത പരിപാടിക്കു ശേഷം സ്വകാര്യ ജറ്റ് വിമാനത്തിൽ പുലർച്ചെ 1.30 നാണ് അദ്ദേഹം മുംബൈയിലിറങ്ങിയത്. ജസ്റ്റിൻ ബീബറിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഗാർഡ് ഷേരയും ബീബറെ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താവളത്തിൽനിന്നും കാറിൽ കയറിയ സംഘം നേരെ ബീബറിന് ഒരുക്കിയ ആഡംബര ഹോട്ടലിലേക്ക് പോയി. അഞ്ച് ദിവസമാണ് ഇന്ത്യയിലെ സന്ദർശനം. അറുപതിനായിരം പേരെ ഉൾക്കൊള്ളുന്ന മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ബീബറിന്റെ സംഗീത പരിപാടി നടക്കുക. ഒന്നരമണിക്കൂർ ദൈർഘ്യം വരുന്ന പരിപാടി കാണാൻ നിർധനരായ നൂറ് കുട്ടികള്‍ക്കും അവസരം നൽകിയിട്ടുണ്ട്.
ബീബറിനെ കാണാനും സംഗീത പരിപാടി ആസ്വദിക്കാനും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്നു പോലും ആസ്വാദകർ എത്തിക്കൊണ്ടിരിക്കുകയാണ്. മേഖലയിലെ മിക്ക ഹോട്ടലുകളും നിറഞ്ഞുകഴിഞ്ഞു.
കനത്ത സുരക്ഷയാണ് വേദിക്ക് ഒരുക്കിയിരിക്കുന്നത്. സംഗീത പരിപാടിയെ കൂടാതെ ഡൽഹി, ജയ്പൂർ, ആഗ്ര എന്നീ നഗരങ്ങളും മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, കാലാഘോഡ തുടങ്ങിയ സ്ഥലങ്ങളും ബീബര്‍ സന്ദർശിക്കും.
റോൾസ് റോയിസ്, സ്വകാര്യ ജെറ്റ്, ഹെലികോപ്ടർ എന്നിവ അടക്കം പറഞ്ഞാൽ തീരാത്ത അത്യാഡംബര സൗകര്യങ്ങൾ ഒരുക്കണമെന്നാണു താരം ആവശ്യപ്പെട്ടത്. സെഡ് പ്ലസ് സുരക്ഷയാണ് ഇരുപത്തിമൂന്നുകാരനായ ആഗോള താരത്തിനുള്ളത്. ഒപ്പമെത്തുന്ന 120 അംഗ സംഘത്തിനും ആഡംബര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബീബർ താമസിക്കുന്ന നക്ഷത്ര ഹോട്ടലിന്റെ മൂന്നുനിലകൾ അദ്ദേഹത്തിന്റെ ‘സ്വകാര്യ വില്ല’യാക്കി മാറ്റി.
525 പൊലീസുകാരടക്കം 1,500 സുരക്ഷാ ഭടന്മാരാണു പരിപാടിക്കു സുരക്ഷയൊരുക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രത്യേക നടപടികൾ സ്വീകരിച്ചു. ആരാധകർ വൻ ആഘോഷത്തിലാണെങ്കിലും ബീബർ ആർക്കും ഓട്ടോഗ്രാഫ് നൽകില്ല. താരവുമായി ഇടപഴകാനും ആർക്കും അവസരമുണ്ടാകില്ല. സെൽഫോണും അനുവദിക്കില്ല.
Leave a Reply