സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോക പ്രവാസി മലയാളികളുടെ പ്രിയ പ്രസിദ്ധീകരണം ജ്വാല ഇ-മാഗസിൻ കെട്ടിലും മട്ടിലും കൂടുതൽ മാറ്റങ്ങളുമായി പുതിയ ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ മഹാ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ ജൂലൈ ലക്കം ഉള്ളടക്കത്തിലും ഉന്നത നിലവാരം പുലർത്തുന്നു.

കേരളത്തിൽ നടക്കുന്ന ഭീതിതമായ രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ കണ്ടുകൊണ്ട് എഴുതിയിരിക്കുന്ന എഡിറ്റോറിയലിൽ, പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ നേരിടുവാൻ യുക്മ പോലുള്ള ദേശീയ സംഘടനകൾ മുന്നോട്ട് വരണമെന്ന് ചീഫ് എഡിറ്റർ റജി നന്തികാട്ട് ആവശ്യപ്പെടുന്നു.

എഡിറ്റോറിയൽ ബോർഡ് അംഗവും ചിത്രകാരനുമായ സി ജെ റോയി വരച്ച ചിത്രങ്ങൾ രചനകളെ കൂടുതൽ മനോഹരമാക്കുന്നു. അദ്ദേഹത്തിന്റെ “വിദേശ വിചാരം” എന്ന കാർട്ടൂൺ പംക്തിയും കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ ജീർണ്ണാവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. ബീന റോയിയുടെ എസ്കോർട്ട് എന്ന കഥയും “ജ്വാല” എഡിറ്റോറിയൽ അംഗവും സാഹിത്യകാരിയുമായ നിമിഷ ബേസിൽ എഴുതിയ കവിതയും ഈ ലക്കത്തെ കൂടുതൽ സമ്പന്നമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജ്വാലയുടെ മുൻ ചീഫ് എഡിറ്ററും സാഹിത്യകാരനുമായ കാരൂർ സോമന്റെ “വർഷമേഘങ്ങൾ” എന്ന കവിതയും ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടാതെ സോഷ്യൽ മീഡിയകളിൽ സജീവമായി എഴുതുന്ന എഴുത്തുകാരുടെ കഥകളും കവിതകളുമായി ജ്വാല ഇ-മാഗസിൻ ജൂലൈ ലക്കം സാഹിത്യ രചനകളാൽ സമൃദ്ധമാണ്.

പ്രമുഖ സാഹിത്യകാരൻ ടി ഡി. രാമകൃഷ്ണനുമായുള്ള അഭിമുഖം അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളും നിരീക്ഷണങ്ങളും നന്നായി വെളിപ്പെടുത്തുന്നു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ പ്രസ്ഥാനമായ യുക്മയുടെ കലാ സാംസ്ക്കാരിക വിഭാഗമായ യുക്മ സാംസ്ക്കാരികവേദിയുടെ നേതൃത്വത്തിലാണ് ജ്വാല ഇ-മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ജ്വാല ഇ-മാഗസിന്റെ ജൂലൈ ലക്കം വായിക്കുക