ന്യൂസ് ഡെസ്ക് മലയാളം യുകെ

2021ൽ ചാരിറ്റിക്കായി മൗണ്ടൈൻ ബൈക്കിങ്ങ് നടത്തിയ യു കെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ റൂട്ട് 66 വീണ്ടുമെത്തുന്നു. ഇത്തവണ ഏറ്റെടുത്തിരിക്കുന്നത് പുതിയ ദൗത്യമാണ്. നാളെ ജൂലൈ 9 ഞായറാഴ് അഞ്ചുപേരടങ്ങിയ സംഘം സ്കോട്ട്‌ലൻഡ്, വെയിൽസ് , ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഏറ്റവും ഉയരമുള്ള പർവതങ്ങൾ 24 മണിക്കൂറിനുള്ളിൽ കീഴടക്കുകയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.

തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന തുക ഇന്ത്യയിലെ അനാഥരും മാനസിക വൈകല്യമുള്ളവരും താമസിക്കുന്ന കേന്ദ്രങ്ങളിലേയ്ക്ക് സംഭാവനയായി നൽകുവാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.

റൂട്ട് 66 ന്റെ ബാനറിൽ അഞ്ചുപേരാണ് ചാരിറ്റിക്ക് വേണ്ടിയുള്ള ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സിബിൻ പടയാറ്റി സിറിയക്, സിറിൽ പടയാറ്റി സിറിയക്, ഡോൺ പോൾ മാളിയേക്കൽ, ആൻസൺ, ബെർമിംഗ്ഹാമിൽ നിന്നുള്ള ജിയോ ജിമ്മി മൂലംകുന്നം എന്നിവരാണ് 5 അംഗ സംഘത്തിലുള്ളത് .

സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശികളായ സിറിയക് ബിന്ദുമോൾ ദമ്പതികളുടെ മക്കളാണ് സിബിനും സിറിലും . സിബിൻ ഡേറ്റ അനലിസ്റ്റ് ആയും സിറിൽ നേഴ്സായും ആണ് ജോലി ചെയ്യുന്നത്.

ബെർമിംഗ്ഹാമിൽ താമസിക്കുന്ന ചങ്ങനാശ്ശേരി കുട്ടനാട് സ്വദേശിയായ ജിമ്മി മൂലംകുന്നത്തിന്റെയും അനുമോൾ ജിമ്മിയുടെയും മൂത്ത മകനായ ജിയോ ജിമ്മി മൂലംകുന്നം ബാങ്കിംഗ് ഓപ്പറേറ്റർ അനലിസ്റ്റ് ആയി ആണ് ജോലി ചെയ്യുന്നത് . സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന പോളി മാളിയക്കലിന്റെയും ബിന്ദു പോളിയുടെയും മകനായ ഡോൺ പോളി മാളിയക്കൽ എയർപോർട്ട് മാനേജ്മെന്റിലാണ് ജോലി ചെയ്യുന്നത്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജെയ്‌സൺ ആന്റണിയുടെയും ആലീസ് ജെയ്‌സന്റെയും മകനായ ആൻസൺ പൈനാടത്ത് നേഴ്സിങ് സ്റ്റുഡൻറ് ആണ് .

സമൂഹത്തിനുവേണ്ടിയുള്ള സൽപ്രവർത്തിക്കായി ഉത്തമ മാതൃകയായിരിക്കുന്ന ഈ ചെറുപ്പക്കാരുടെ ഉദ്യമത്തിന് വൻ സ്വീകാര്യതയാണ് യുകെ മലയാളികളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നമ്മളാൽ കഴിയുന്ന രീതിയിൽ സംഭാവനകൾ നൽകി ഇവരുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്ന് മലയാളം യുകെ ന്യൂസ് അഭ്യർത്ഥിക്കുകയാണ്.

നിങ്ങളുടെ സംഭാവനകൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നൽകാൻ താത്പര്യപ്പെടുന്നു.
https://gofund.me/d9b54c12