ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജൂൺ പത്താം തീയതി വാഹനാപകടത്തിൽ മരണമടഞ്ഞ ഡോക്ടർ ജ്യോതിസ് മണലയിലിന് (26 ) യുകെ മലയാളികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ലിവർപൂളിന്റെ പ്രിയ ഡോക്ടർ ജ്യോതിസിന്റെ മൃതസംസ്കാര ശുശ്രൂഷകളിൽ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. മുൻപ് അറിയിച്ചിരുന്ന പോലെ രാവിലെ പത്തരയ്ക്ക് ജ്യോതിസിന്റെ ഭൗതികശരീരം ഹെലൻ ഹോളിക്രോസ് പള്ളിയിൽ പൊതുദർശനം ആരംഭിച്ചു. നന്നേ ചെറുപ്പം മുതൽ അൾത്താര ബാലനായി കുർബാന കൂടിയ പള്ളിയിൽ ജ്യോതിസിന്റെ ചേതനയറ്റ ശരീരം കിടക്കുന്ന ഹൃദയഭേദകമായ കാഴ്ച ഏതൊരാളെയും കണ്ണീരണിയിക്കുന്നതായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട മകനെ അന്ത്യ ചുംബനം നൽകുന്ന പിതാവ് ജോജപ്പൻെറയും മാതാവ് ജെസിയുടെയും സഹോദരൻ ജോവിസിൻെറയും ദൃശ്യങ്ങൾ വളരെ കാലത്തേയ്ക്ക് യുകെ മലയാളികളുടെ മനസ്സിൽ തീരാവിങ്ങലായിരിക്കും. ഓമന പുത്രന്റെ വേർപാടിൽ വിങ്ങിപ്പൊട്ടി കരയുന്ന മാതാപിതാക്കളുടെ അണപൊട്ടിയൊഴുകിയ ദുഃഖം ഹൃദയഭേദകമായിരുന്നു.ലങ്കാഷെയര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡോക്ടറായിരുന്ന ജ്യോതിസിൻെറ സഹപ്രവർത്തകരും സുഹൃത്തുക്കളുമായി ഒട്ടേറെ പേരാണ് തങ്ങളുടെ പ്രിയ സഹ പ്രവർത്തകനെ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിചേർന്നത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. ഒരു മനുഷ്യായുസിൽ ചെയ്തു തീർക്കാവുന്ന നന്മകൾ മുഴുവൻ സമൂഹത്തിന് നൽകിയാണ് ഡോ. ജ്യോതിസ് വിട പറഞ്ഞതെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ തൻെറ പ്രസംഗത്തിൽ പറഞ്ഞു . മൃതസംസ്കാര ശുശ്രൂഷയുടെ പ്രധാന ഭാഗങ്ങൾ സീറോ മലബാർ ആരാധന ക്രമമനുസരിച്ച് മലയാളത്തിലാണ് നടന്നത്. ചാൻസിലർ ഫാ. മാത്യു പിണ്ണാക്കനാട്ട് , ഫാ ആൻഡ്രൂസ് ചെതലൻ, പിതാവിൻറെ സെക്രട്ടറി ഫാ. മാത്യു, ഫാ . ജോസ് അഞ്ചാനിക്കൽ , ഫാ. രാജേഷ് ആരത്തിൽ , ഫാ. രഞ്ജിത്ത്, ഇടവക വികാരി ഫാദർ കെവിൻ തുടങ്ങിയ വൈദികരും സന്ന്യസ്തരും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ശുശ്രൂഷകളിൽ പങ്കെടുക്കാനും എത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജ്യോതിസ് ജോലി ചെയ്തിരുന്ന ലങ്കഷെയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽനിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം മെഡിക്കൽ സ്റ്റുഡൻസിനു ക്ലാസ് എടുത്ത ശേഷം താമസ സ്ഥലത്തേക്കു കാറില്‍ പോകവേ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടമാണ് മരണകാരണമായത് .

പഠിത്തത്തിലും കലാസാംസ്‌കാരിക മേഖലയിലും പ്രതിഭയായിരുന്നു ഡോക്ടർ ജ്യോതിസ് . ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നാണ് MBBS കരസ്ഥമാക്കിയത്. ജ്യോതിസിന്റെ കുടുംബം കേരളത്തിൽ ചങ്ങനാശേരി സെന്റ് . മേരിസ് കത്തീഡ്രൽ ഇടവക മണലയില്‍ കുടുംബാംഗമാണ്. ആല്മീയ, സാമൂഹ്യ, സാംസ്‌കാരിക, ആതുര സേവന, ജീവകാരുണ്യ, വിദ്യാഭ്യാസ, മേഖലകളിലെ നിരവധി വ്യക്തികള്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍, ബന്ധുക്കള്‍, ഇടവകാംഗങ്ങള്‍ അടക്കം നൂറു കണക്കിന് വ്യക്തികള്‍ അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ പ്രിയ സോദരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി എത്തിയിരുന്നു .