സ്‌കൈ സ്‌പോര്‍ട്‌സ് ചാനലുകളുടെ സബ്‌സ്‌ക്രിപഷന്‍ ഫീസില്‍ വര്‍ദ്ധനവ്. പ്രതിമാസം 2 പൗണ്ട് വീതം ഇനി അധികമായി നല്‍കേണ്ടി വരും. ഉപയോക്താക്കളുടെ അനുവാദമില്ലാതെയാണ് ചാനല്‍ അവരെ മറ്റൊരു പാക്കേജിലേക്ക് മാറ്റിയതെന്ന ആക്ഷേപം ഇതോടെ ഉയര്‍ന്നു കഴിഞ്ഞു. വര്‍ഷം 24 പൗണ്ട് ഇനി സ്‌കൈ സ്‌പോര്‍ട്‌സ് ചാനലുകള്‍ കാണുന്നവര്‍ അധികമായി നല്‍കേണ്ടി വരും. എല്ലാ ചാനലുകളും എച്ച്ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടതോടെയാണ് ഈ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച മുതല്‍ വര്‍ദ്ധന നിലവില്‍ വരും. അമേരിക്കന്‍ മാധ്യമ ഭീമനായ കോംകാസ്റ്റ് സ്‌കൈ ചാനലുകള്‍ വാങ്ങിയതോടെയാണ് ഈ മാറ്റങ്ങള്‍ വന്നിരിക്കുന്നത്.

ഫോക്‌സുമായി മത്സരിച്ചാണ് 30 ബില്യന്‍ പൗണ്ടിന് സ്‌കൈ ഓഹരികള്‍ കോംകാസ്റ്റ് സ്വന്തമാക്കിയത്. ബ്രിട്ടന്റെ ടേക്കോവര്‍ പാനലിന്റെ മേല്‍നോട്ടത്തില്‍ നടന്ന ലേലത്തിലാണ് സ്‌കൈ ചാനലുകള്‍ കോംകാസ്റ്റ് സ്വന്തമാക്കിയത്. ലേല പ്രകിയ അടുത്ത കാലത്തു നടന്ന ഏറ്റവും സങ്കീര്‍ണ്ണത നിറഞ്ഞതും ദൈര്‍ഘ്യമേറിയതും ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ദിവസം നീണ്ട ലേലമാണ് നടന്നത്. മൂന്നു റൗണ്ടുകള്‍ നീണ്ട ലേലത്തില്‍ ട്വന്റിഫസ്റ്റ് സെഞ്ചുറി ഫോക്‌സ് മുന്നോട്ടുവെച്ച ഓഹരിക്ക് 15.67 പൗണ്ട് എന്ന നിര്‍ദേശത്തെ തകര്‍ത്ത് കോംകാസ്റ്റിന്റെ 17.28 മേല്‍ക്കൈ നേടുകയായിരുന്നു.

ഇതോടെ സ്‌കൈയുടെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ കോംകാസ്റ്റിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ ഓഹരിയുടമകള്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൈയില്‍ പൂര്‍ണ്ണാധിപത്യം സ്ഥാപിക്കാനുള്ള റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ശ്രമങ്ങള്‍ ഇതോടെ രണ്ടാം തവണയും പരാജയപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ചാനലുകള്‍ക്ക് പണം കൂടുതല്‍ നല്‍കേണ്ടി വരുന്നത് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ഫീസ് വര്‍ദ്ധന തങ്ങളിലേക്ക് അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്ന് പ്രേക്ഷകര്‍ പ്രതികരിക്കുന്നു.