എക്‌സൈസ് മന്ത്രി കെ ബാബു രാജിവെച്ചു. കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാബു രാജി വെച്ചത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ ബാബു മുഖ്യമന്ത്രിയാമായി കൂടിക്കാഴ്ച്ച നടത്തി. പിന്നീട് ബാബു മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയും മുഖ്യമന്ത്രി സ്വീകരിക്കുകയും ചെയ്തു. നാല് പേജുള്ള കത്തുമായാണ് ഗസ്റ്റ്ഹൗസില്‍വെച്ച് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
കോടതി ഉത്തരവ് വന്നതോടെ താന്‍ മന്ത്രിസ്ഥാനം രാജി വയ്ക്കാന്‍ തയ്യാറാണെന്ന് കെ ബാബു കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
രാജി വയ്ക്കുമെന്ന് നേരത്തെ തന്നെ സഹപ്രവര്‍ത്തകരെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാണിയുടെ രാജി വൈകിയതിനെത്തുടര്‍ന്ന് സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് രാജിക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനം.
മന്ത്രിയുടെ രാജി ആവശ്യം ഘടകകക്ഷികളില്‍ നിന്നു തന്നെ ഉയര്‍ന്നെന്ന സൂചനയുമുണ്ട്. കെഎം മാണിക്കും കെ ബാബുവിനും ഇരട്ട നീതിയെന്ന് നേരത്തെ തന്നെ മുന്നണിയില്‍ ആക്ഷേപമുയര്‍ന്നിരുന്നു.
വിജിലന്‍സിന് ആത്മാര്‍ത്ഥതയും സത്യസന്ധതയുമില്ലെന്നാണ് കോടതി പറഞ്ഞത്. കോടതിയെ വിജിലന്‍സ് കൊഞ്ഞനം കുത്തുകയാണോ എന്നും, കോടതിയെ മണ്ടനാക്കരുതെന്നും കോടതി പരമാര്‍ശമുണ്ടായി. കെ ബാബു പത്ത് കോടി വാങ്ങിയെന്ന ബിജു രമേശിന്റെ രഹസ്യമൊഴിയെത്തുടര്‍ന്നാണ് കോടതി ഉത്തരവ്.
പരാതി തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിന്റേതാണ്. ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലന്‍സ് അടച്ചിടണോ എന്നും കോടതി ചോദിച്ചു. ബിജു രമേശിനെതിരേയും കേസെടുക്കണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട സമര്‍പ്പിക്കാനും ഉത്തരവുണ്ട്. ഇനി അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാവും.