മലയാളം യുകെ എഡിറ്റോറിയൽ

കേരള രാഷ്ട്രീയത്തിൽ എന്നും വിജയക്കൊടി പാറിച്ച അതികായൻ വിടപറഞ്ഞു. കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞു നിന്ന അസാമാന്യ പ്രതിഭയായിരുന്നു കെ എം മാണി. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയം മുന്നോട്ട് വച്ചു കൊണ്ട് പ്രാദേശിക പാർട്ടികൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ അതിപ്രധാനമായ സ്ഥാനമുണ്ടെന്ന് ധൈര്യപൂർവ്വം വിളിച്ചു പറഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹം.

54 വർഷം തുടർച്ചയായി എം എൽ എ പദവിയിൽ അദ്ദേഹം തുടർന്നു. പാലാ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ ഇന്നുവരെ അതിന്റെ നിയമസഭാ പ്രതിനിധി കെ എം മാണിയായിരുന്നു. 13 തവണയാണ് പാലാ മണ്ഡലം കെ എം മാണിയെ നിയമസഭയിലേക്ക് അയച്ചത്. 25 വർഷക്കാലം അദ്ദേഹം മന്ത്രിയായിരുന്നു. ധനകാര്യ മന്ത്രി എന്ന നിലയിൽ അവതരിപ്പിച്ചത് 13 ബഡ്ജറ്റുകൾ. ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കും ഒരു നിഘണ്ടുവായിരുന്നു കെഎം മാണി.

അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം. ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീഷ്മാചാര്യൻ. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും നിയമവിദഗ്ദൻ എന്ന നിലയിലും എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയായിരുന്നു കെ.എം മാണി. വസ്തുതകൾ പഠിച്ച് നിയമങ്ങൾ നൂലിഴ കീറി വിശകലനം ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. ധനകാര്യത്തിനു പുറമേ ആഭ്യന്തരം, വൈദ്യുതി, റവന്യൂ, ജലസേചനം, നിയമം എന്നീ വകുപ്പുകളും മാണി കൈകാര്യം ചെയ്തു. ഇടത് വലത് മന്ത്രിസഭകളിൽ കെ എം മാണി നിരവധി തവണ വിവിധ മുഖ്യമന്ത്രിമാരോടൊത്ത് മികച്ച ഭരണം കാഴ്ചവച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെളിച്ച വിപ്ളവവും കർഷകത്തൊഴിലാളി പെൻഷനും താലൂക്ക് അദാലത്തും കാരുണ്യ പദ്ധതിയുമടക്കം നിരവധി നൂതന ആശയങ്ങളായിരുന്നു അദ്ദേഹം കേരളത്തിന്റെ പൊതു സമൂഹത്തിന് സമ്മാനിച്ചത്. പാലാക്കാർ സ്നേഹപൂർവ്വം മാണിസാർ എന്നു വിളിച്ച ആ മഹാ വ്യക്തിത്വത്തിന് മത രാഷ്ട്രീയ രംഗങ്ങളിൽ വൻ സുഹൃദ് വലയമാണ് ഉണ്ടായിരുന്നത്. യുകെയിൽ കെ എം മാണിയുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന നിരവധി പേർ മലയാളി സമൂഹത്തിലുണ്ട്. പ്രിയ നേതാവിന്റെ വേർപാടിൽ ദു:ഖാർത്തരായി സോഷ്യൽ മീഡിയയിലൂടെ മാണി സാറിന്റെ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് യുകെ മലയാളികൾ.

കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കാരുണ്യസ്പർശം നിറഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്.

കേരള രാഷ്ട്രീയത്തിൽ ഒരു വൻ പ്രസ്ഥാനമായി നിറഞ്ഞു നിന്ന ബഹുമാനപ്പെട്ട കെ എം മാണിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസ് അനുശോചനം രേഖപ്പെടുത്തുകയും ആ സ്മരണകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുകയും ചെയ്യുന്നു.

ബിനോയി ജോസഫ്
അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ